Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label Areekode. Show all posts
Showing posts with label Areekode. Show all posts

റാഞ്ചി യൂനിവേഴ്‌സിറ്റിയില്‍ അരീക്കോട് സ്വദേശിക്ക് ഒന്നാംറാങ്ക്

Written By mvarthasubeditor on Wednesday, July 11, 2012 | 11:19 PM

അരീക്കോട്: ഝാര്‍ഖണ്ഡിലെ റാഞ്ചി യൂനിവേഴ്‌സിറ്റിയില്‍ നിന്നും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എം ഫില്‍ കോഴ്‌സില്‍ മലപ്പുറം സ്വദേശിക്ക് ഒന്നാം റാങ്ക്. അരീക്കോട് ഉഗ്രപുരം അബ്ദുസ്സലാം സുല്ലമിയുടെയും വി സലീമത്തിന്റെയും മകള്‍ കെ നൂര്‍ജഹാനാണ് ഒന്നാം റാങ്ക് നേടിയത്.

റാഞ്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയിലായിരുന്നു പഠനം. അരീക്കോട് സുല്ലമുസ്സലാം സയന്‍സ് കോളജില്‍ നിന്നും ബി എ ഇംഗ്ലീഷില്‍ ബിരുദവും തൃശൂര്‍ വിമല കോളെജില്‍ നിന്നും എം എസ് ഡബ്ലിയുവും നേടിയ നൂര്‍ജഹാന്‍ മഞ്ചേരി മുത്തനൂര്‍ സ്വദേശി ടി കെ അബ്ദുല്‍ വഹാബിന്റെ ഭാര്യയാണ്.
11:19 PM | 0 comments

വിദ്യാഭ്യാസ മന്ത്രിയെ താങ്ങേണ്ട കാര്യം കെ എസ് യു വിനില്ല: വി എസ് ജോയ്

Written By mvarthasubeditor on Monday, July 9, 2012 | 12:02 AM

അരീക്കോട്: കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നത് ഉപജാപക സംഘങ്ങളാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ്. കേരളത്തില്‍ മുഖ്യമന്ത്രിയെക്കണ്ട് ഒരു നിവേദനം സമര്‍പ്പിക്കാന്‍ മൂന്ന് മിനുട്ട് സമയം കൊണ്ട് സാധിച്ചെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയിട്ടു കൂടി ഒരു വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന് വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ മൂന്ന് മണിക്കൂര്‍ സമയമാണ് കാത്തുനില്‍ക്കേണ്ടി വന്നത്.

വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിറയെ ഉപജാപപകസംഘങ്ങളായിരുന്നു അന്നേരമുണ്ടായിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുഴിമണ്ണയില്‍ ജി എസ് ടി യു മലപ്പുറം ജില്ലാ നേതൃത്വ ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മന്ത്രി ഒരു പ്രതിമക്കു തുല്യമാണ്. മന്ത്രി പോലും അറിയാതെ ഒരു കോക്കസ് ആണ് ഭരണം നടത്തുന്നത്. വിദ്യാഭ്യാസ മന്ത്രിയെ താങ്ങേണ്ട കാര്യം കെ എസ് യു വിനില്ലെന്നും മന്ത്രി ഒരു അലങ്കാരം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തെ പറഞ്ഞു മനസ്സിലാക്കുന്നതില്‍ മന്ത്രി പരാജയപ്പെട്ടതാണ് കേരളത്തില്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയൂനിഫോം കിട്ടാതായതിന്റെ കാരണം. വിദ്യാഭ്യാസ വകുപ്പ് മതേതര കാഴ്ചപ്പാടുള്ളരാണ് കൈകാര്യം ചെയ്യേണ്ടതെന്നും വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മന്ത്രിക്കെതിരെ നിരവധി ആരോപണങ്ങളാണ് പ്രസംഗത്തിലുടനീളം ജോയി ഉന്നയിച്ചത്.
എസ് എസ് എല്‍ സി, പ്ലസ്ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും വി എസ് ജോയ് നിര്‍വഹിച്ചു. ജി എസ് ടി യു സംസ്ഥാന സെക്രട്ടറി എം സലാഹുദ്ദീന്‍, വൈസ് പ്രസിഡന്റ് പി എം രവീന്ദ്രന്‍, സെക്രട്ടറി എം കെ സനല്‍കുമാര്‍, കണ്ണൂര്‍ ഡയറ്റ് ലക്ചറര്‍ വിജയന്‍ ചാലോട്, സംസ്ഥാന നിര്‍വാഹക സമിതി അംഗം സി സുരേഷ്, ജില്ലാ പ്രസിഡന്റ് ടി ടി റോയ്‌തോമസ്, സെക്രട്ടറി കെ എല്‍ ഷാജു, വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ആര്‍ പ്രസന്നകുമാരി പ്രസംഗിച്ചു.

English Summery
KSU don't want to support minister: VS Joy
12:02 AM | 0 comments

ലോഡിംഗ് തൊഴിലാളി മരിച്ചു

Written By mvarthasubeditor on Sunday, July 8, 2012 | 11:54 PM

അരീക്കോട് : മുക്കം കറുത്തപറമ്പില്‍ വെച്ച് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡിംഗ് തൊഴിലാളി മരിച്ചു. കാവനൂര്‍ ഇരിവേറ്റി ചുവരത്ത്കുണ്ടില്‍ കൃഷ്ണദാസ് (35) ആണ് മരണപ്പെട്ടത്. ചെങ്കല്‍ കയറ്റിയ ലോറിയും എതിരെ വന്ന മറ്റൊരു ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്.

അപകടത്തില്‍ പെട്ട ലോറിയിലെ ലോഡിംഗ് തൊഴിലാളിയായിരുന്നു കൃഷ്ണദാസ്. ഭാര്യ: ബിന്ദു, മക്കള്‍: വിജിഷ, വിപിന്‍ദാസ്, വിപിഷ, അമ്മ: ഉണ്ണൂലി. മുക്കം സി ഐ അനില്‍ബാബു മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 

ചെങ്കല്‍ കയറ്റിയ ലോറിയിലെ ഡ്രൈവര്‍ കാവനൂര്‍ ബാലനെ പരിക്കുകളോടെ മഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English Summery
Loading worker killed in accident 
11:54 PM | 0 comments

ഇരട്ടക്കൊല: വി എസ് ഇന്ന് അരീക്കോട്ട്

Written By Malappuram News on Friday, July 6, 2012 | 12:27 AM

മലപ്പുറം: അരീക്കോട് കുനിയില്‍ കൊല്ലപ്പെട്ട സഹോദരങ്ങളുടെ വീട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സന്ദര്‍ശിക്കും. വൈകിട്ട് നാലരയ്ക്ക് വിഎസ,് കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറിന്റെയും ആസാദിന്റെയും വീട്ടിലെത്തും.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന്് ബന്ധുക്കള്‍ക്ക് പരാതിയുണ്ട്. പി കെ ബഷീര്‍ എംഎല്‍എ എഫ്‌ഐആറില്‍ ആറാം പ്രതിയാണെങ്കിലും കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. മൊബൈല്‍ ഫോണ്‍ തെളിവുകളും അന്വേഷണ സംഘം കണക്കിലെടുക്കുന്നില്ല. ഇരട്ടക്കൊലക്കേസില്‍ ഇതുവരെ 19 മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.


Keywords:V.S. Achudanthan, Areekode, Malappuram, visit, കേരള, 
12:27 AM | 0 comments

സി പി എം ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും പിടികൂടാനാകില്ല: കോടിയേരി

Written By mvarthasubeditor on Wednesday, July 4, 2012 | 2:30 AM

അരീക്കോട്: സി പി എം ഒരാളെ ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിനോ മുല്ലപ്പള്ളിയുടെ പട്ടാളത്തിനോ അയാളെ പിടിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍.

കുനിയില്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ പി കെ ബഷീര്‍ എം എല്‍ എ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അരീക്കോട് നടത്തിയ പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. 

ഇടതുപക്ഷത്തിനെതിരെ പോലീസ്-മാധ്യമവേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നത്. നിരോധിച്ച സംഘടനയോട് പോലും കാണിക്കാത്ത ഭീകരതയാണ് കേരള പോലീസ് സി പി എമ്മിനോട് കാണിക്കുന്നത്. കുനിയില്‍ ഇരട്ടക്കൊലപാതകം പോലീസിന്റെ വീഴ്ചയാണ്. പ്രതികാരം ചെയ്യുമെന്ന് എം എല്‍ എ കൊലവിളി നടത്തിയിട്ടും പോലീസ് ജാഗ്രത പാലിച്ചില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനുത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാവും എന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും ഒന്നിന് പകരം രണ്ട് കൊലപാതകമാണ് കുനിയില്‍ ഉണ്ടായത്.
ജില്ലാ പോലീസ് സൂപ്രണ്ട്, സി ഐ, എസ് ഐ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണ് എം എല്‍ എക്കെതിരെ കേസെടുത്തതെങ്കിലും പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ച് എം എല്‍ എക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എം എല്‍ എക്കെതിരെ കേസെടുത്ത പോലീസുദ്യോഗസ്ഥരെ മുസ്‌ലിം ലീഗുകാര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. 

കുനിയില്‍ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഏല്‍പ്പിക്കപ്പെട്ട തൃശൂര്‍ റൈഞ്ച് ഐ ജി പി ഗോപിനാഥിനെത്തന്നെയാണ് ഇ പി ജയരാജന്‍ വധശ്രമത്തില്‍ പ്രതിയായ പ്രശാന്ത്ബാബു കെ സുധാകരനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും നിയോഗിച്ചിരിക്കുന്നത്. 

ബഷീറിനെ രക്ഷിച്ചത് പോലെ സുധാകരനെയും രക്ഷിക്കുന്നതിനാണിത്. മുസ്‌ലിം ലീഗ് കേരളത്തിലെ നിയമ വാഴ്ച കയ്യിലെടടുത്തിരിക്കുകയാണെന്നും എം എല്‍ എമാരുടെ എണ്ണം കണ്ട് ഉമ്മന്‍ചാണ്ടി ലീഗിന് വഴങ്ങുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 35 സ്‌കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും അബ്ദുറബ്ബ് എയിഡഡ് ആക്കി തീരുമാനം സ്വന്തം നിലക്ക് മാറ്റിയത് ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍, ടി കെ ഹംസ, എം സ്വരാജ്, പി കെ അബ്ദുള്ള നവാസ്, പി സത്യന്‍, അഡ്വ.മുഹമ്മദ് ഷരീഫ് പ്രസംഗിച്ചു.

English Summery
Can't find out parties secret places to anybody: Kodiyeri
2:30 AM | 0 comments

മതമില്ലാത്ത ജീവന്‍; ഡിഡിഇ തെളിവെടുപ്പ് നടത്തി

Written By mvarthasubeditor on Saturday, June 23, 2012 | 7:22 AM

അരീക്കോട്:  മതമില്ലാത്ത ജീവന്‍ എന്ന പാഠം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വിവാദമായതും വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചതുമായ സാമൂഹികപാഠം പുസ്തകം വീണ്ടും വിതരണം ചെയ്ത സംഭവത്തില്‍ ഡിഡിഇ കെ.സി. ഗോപി തെളിവെടുപ്പ് നടത്തി. അന്വേഷണ റിപോര്‍ട്ട് ഡിപിഐക്ക് കൈമാറി. മുണ്ടമ്പ്ര ജിഎംയുപി സ്കൂളില്‍ നേരിട്ടെത്തിയായിരുന്നു പരിശോധന. 124 വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നല്‍കിയിരുന്നു. രക്ഷിതാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ എഇഒയുടെ നിര്‍ദേശപ്രകാരം വിവാദ പാഠമുള്‍പ്പെട്ട 42 പുസ്തകങ്ങള്‍ തിരിച്ചുവാങ്ങി.

വിവാദ പാഠഭാഗം ഉള്‍പ്പെട്ടവ എത്രയെണ്ണമുണ്ടാകുമെന്ന് അറിയില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. 2008ലാണ് പുസ്തകം വിവാദമായത്. ആ വര്‍ഷം തന്നെ പുസ്തകം പിന്‍വലിച്ച് പുതിയ പാഠഭാഗം ചേര്‍ത്ത് നല്‍കിയിരുന്നു. പഴയ പുസ്തകം വീണ്ടും ഉള്‍പ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. കൊഴക്കോട്ടൂര്‍ എയുപിഎസ് സൊസൈറ്റിയില്‍നിന്നാണ് പുസ്തകം വാങ്ങിയത്. സൊസൈറ്റിയില്‍ പാഠപുസ്തകമെത്തിച്ചത് തപാല്‍ വകുപ്പാണ്. പുതിയ പുസ്തകങ്ങളാണ് സൊസൈറ്റി മുഖേന നല്‍കുന്നത്.

നേരത്തെ പുസ്തകം വിതരണം ചെയ്തിരുന്നത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ മുഖേനയായിരുന്നു. പുസ്തകത്തിന് നല്‍കിയ ഓര്‍ഡര്‍, ഇന്‍ഡന്റ്, സ്റ്റോക്ക് എന്നിവ ഡിഡിഇ പരിശോധിച്ചു. ചെറിയ വ്യത്യാസങ്ങളോടെ ഇറക്കിയ മൂന്നാം ക്ളാസിലെ ഇംഗിഷ്,

കണക്ക് പാഠപുസ്തകങ്ങളുടെ കൂട്ടത്തില്‍ പഴയ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കാമെന്ന് അധ്യാപകര്‍ പറഞ്ഞു. മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം മാറ്റി വിശ്വാസ സ്വാതന്ത്യ്രം എന്ന പാഠഭാഗത്തോടെയായിരുന്നു പുതിയ പുസ്തകം. എഇഒ കെ.കെ. ഉണ്ണിക്കൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് വാസുദേവന്‍ എന്നിവരും സ്കൂളിലെത്തി. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കെഎസ്ടിയു പ്രതിഷേധം
അരീക്കോട്:  മുണ്ടമ്പ്ര ഗവ. യുപി സ്കൂളില്‍ മതമില്ലാത്ത ജീവന്‍ പാഠഭാഗമുള്‍പ്പെടുത്തിയ പുസ്തകം വിതരണം ചെയ്ത സംഭവത്തില്‍ കെഎസ്ടിയു ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സി. അബ്ദുറഹിമാന്‍ ആധ്യക്ഷ്യം വഹിച്ചു. കെ.ടി. ചെറിയ മുഹമ്മദ്, പി.കെ. സെയ്തലവി, സി.ടി. അബ്ദുല്‍നാസര്‍, സി.പി. അബ്ദുല്‍കരീം, പി. മുഹമ്മദ് ഷമീം, പി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
7:22 AM | 0 comments

പി കെ ബഷീര്‍ മുസ്‌ലിം ലീഗിലെ എം എം മണിയാവാന്‍ ശ്രമിക്കുന്നു. എ ഐ വൈ എഫ്

Written By mvarthasubeditor on Friday, June 15, 2012 | 2:49 PM


അരീക്കോട്: പി കെ ബഷീര്‍ എം എല്‍ എ മുസ്‌ലിം ലീഗിലെ എം എം മണിയാവാന്‍ ശ്രമിക്കുക്കയാണെന്നും ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ പതിവായിട്ടുള്ള ക്രിമിനല്‍വത്കരണത്തെ കേരള രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും എ ഐ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കൊലപാതക കേസില്‍ പ്രതിയായ പി കെ ബഷീര്‍ എം എല്‍ എ സ്ഥാനം രാജി വെക്കുകയും അറസ്റ്റിന് വഴങ്ങി നിയമനടപടിക്ക് വിധേയനാകണം. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രമല്ല കിഴിശ്ശേരിയില്‍ നടന്ന അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും പ്രകോപനപരമായ പ്രസംഗങ്ങള്‍ ബഷീര്‍ നടത്തിയിട്ടുണ്ട്.
ഈ കൊലപാതകത്തില്‍ നിന്ന് മുസ്‌ലിം ലീഗിന് പങ്കില്ലെന്നു വിശ്വസിക്കാനാകില്ലെന്നും കൊലപാതകികളെ സംരക്ഷിച്ച പാരമ്പര്യമുള്ളവരാണ് ലീഗുകാരെന്നും എ ഐ വൈ എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. കുനിയില്‍ പ്രദേശത്തെ സമാധാന ജീവിതം തിരിച്ചു കൊണ്ടു വരുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായി ജനാധിപത്യ സംസ്‌കാരത്തിന് വേണ്ടിയും രാഷ്ട്രീയ ഭീകരതക്കെതിരെയും എന്ന പ്രമേയം മുന്‍നിര്‍ത്തി ഈ മാസം 16 ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി എഡ്വ.രാജന്റെ നേതൃത്വത്തില്‍ കുനിയില്‍ നിന്ന് അരീക്കോട്ടേക്ക് പദയാത്ര നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. തുടര്‍ന്ന് അരീക്കോട് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, അഡ്വ. കെ മോഹന്‍ദാസ്, പി തുളസീദാസ്‌മേനോന്‍ എന്നിവര്‍ പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ സമദ്, മണ്ഡലം സെക്രട്ടറി പി കെ ബാബു, സി പി ഐ മണ്ഡലം സെക്രട്ടറി പി ടി ബാലകൃഷ്ണന്‍, കെ വി ജയപ്രകാശ് സംബന്ധിച്ചു.
Keywords: Malappuram, Areakode,Muslim leegue,  Km mani
2:49 PM | 0 comments

ഇരട്ടക്കൊല: രണ്ട് പേര്‍ പിടിയില്‍

Written By Malappuram News on Thursday, June 14, 2012 | 4:13 PM

അരീക്കോട്: കുനിയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇരട്ടകൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മമ്പാട് പുള്ളിപ്പാടം വയലിലകത്ത് താന്നിക്കുന്ന് ഫിറോസ്ഖാന്‍ (30), അരീക്കോട് പെരുമ്പറമ്പ് ചീക്കുളം റിയാസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇവരെ ഇന്ന് മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കും.
മുഖ്യപ്രതിയെന്ന് കരുതുന്ന മുഖ്താര്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. കൊലപാതകം നടന്ന രാത്രി തന്നെ മുഖ്താറിന് വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. മുഖ്താറിന്റെ അളിയനാണ് അറസ്റ്റിലായ ഫിറോസ്ഖാന്‍. നിരവധി പേരെ കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രത്യേകാന്വേഷണ സംഘം തലവന്‍ തൃശൂര്‍ റൈഞ്ച് ഐ ജി. എസ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മുഖം മൂടി അണിഞ്ഞെത്തിയ അക്രമികള്‍ സഹോദരങ്ങളായ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുനിയില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കത്തിക്കുത്തില്‍ കൊല്ലപ്പെട്ട അതഖുര്‍റഹ്മാന്‍ കൊലക്കകേസിലെ പ്രതികളാണ് കൊല്ലപ്പെട്ട ആസാദും അബൂബക്കറും.
കേസന്വേഷണവുമായി ബന്ധപ്പെട്ട് രാവിലെ അരീക്കോടെത്തിയ ഐ ജി അന്വോഷണ സംഘത്തില്‍പ്പെട്ട മലപ്പുറം എസ് പി. കെ സേതുരാമന്‍, പാലക്കാട് എസ് പി. എം പി ദിനേശ്, ഡി വൈ എസ് പി മാരായ എം പി മോഹനചന്ദ്രന്‍ നായര്‍, എസ് അഭിലാഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അരീക്കോട് എം എസ് പി ക്യാമ്പില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
അക്രമികള്‍ ഉപയോഗിച്ചെതെന്നു കരുതുന്ന സുമോ വാനും അക്രമികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച പിക്കപ്പ് ലോറിയും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി. അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ തൃശൂര്‍ റീജ്യനല്‍ ഫോറന്‍സിക് സെന്റര്‍ സയിന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അന്നമ്മാജോണ്‍ ആണ് ഫോറന്‍സിക് പരിശോന നടത്തിയത്. വിശദമായ പരിശോധനക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
അക്രമികള്‍ സഞ്ചരിച്ച വാഹനം ഓടിച്ച ഡ്രൈവറെന്ന് കരുതുന്ന സുധീഷിനെ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ പുള്ളിപ്പാടത്തു വെച്ചാണ് സുധീഷിനെ കസ്റ്റഡിയിലെടുത്തത്.

Keywords: Arrest, Areekode, Malappuram, കേരള, 
4:13 PM | 0 comments

അരീക്കോടിനടുത്ത് വെട്ടേറ്റ കൊലക്കേസ് പ്രതികള്‍ മരിച്ചു

Written By Malappuram News on Monday, June 11, 2012 | 5:51 PM

മലപ്പുറം: അരീക്കോട് കുനിയിലില്‍ ഞായറാഴ്ച രാത്രി വെട്ടേറ്റ കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ മരിച്ചു. കൊളക്കാടന്‍ അബൂബക്കര്‍ എന്ന ഗുലാം കുഞ്ഞാപ്പു (50), കൊളക്കാടന്‍ ആസാദ് (46) എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും ഇന്നലെ പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ആസാദ് പുലര്‍ച്ചെ മൂന്നുമണിയോടെയും അബൂബക്കര്‍ നാലുമണിയോടെയുമാണ് മരണപ്പെട്ടത്.
ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് അതീഖ് റഹ്മാന്‍ എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ ഇരുവരും ജാമ്യത്തിലിറങ്ങിയതായിരുന്നു.
ഞായറാഴ്ച രാത്രി ഏഴരയോടെ കുനിയില്‍ അങ്ങാടിയില്‍ വെച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്. കുനിയില്‍ അങ്ങാടിയിലെ തന്റെ എം.ടി സൗണ്ട്‌സ് എന്ന കടയിലിരിക്കുകയായിരുന്ന ആസാദിനെയും തൊട്ടടുത്ത ഹാര്‍ഡ്‌വെയര്‍ ഷോപ്പിന്റെ വരാന്തയിലിരിക്കുകയായിരുന്ന അബൂബക്കറിനെയും പച്ച സുമോയിലെത്തിയ മുഖംമൂടി സംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നു. അതീഖ് റഹ്മാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ കോഴിക്കോട് മിംസ് ആശുപത്രിയിലും കുഞ്ഞാപ്പുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. കൊലപാതകത്തിന് ശേഷം അക്രമി സംഘം സുമോയുമായി നിലമ്പൂര്‍ ഭാഗത്തേക്ക് അതിവേഗത്തില്‍ ഓടിച്ചുപോയതായി വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം നിലമ്പൂര്‍ പുള്ളിപ്പാടം ഭാഗത്ത് റോഡരികില്‍ ഒരു സുമോ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കുനിയിലിലെ ഒരു സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും പൂര്‍വ്വവൈരാഗ്യവുമാണ് കഴിഞ്ഞ ജനുവരി അഞ്ചിന് ചെമ്രക്കോട്ടൂര്‍ കുറുവാടന്‍ ഉമ്മര്‍ഹാജിയുടെ മകന്‍ അതീഖ് റഹ്മാന്‍(35) എന്ന യുവാവിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. കുനിയില്‍ മേലേ പഞ്ചായത്ത് ഗ്രൗണ്ടില്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം സംഘാടകര്‍ അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു. കേസില്‍ ആസാദും അബൂബക്കറുമടക്കം ആറു പേരെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
നെല്ലിക്കാപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കദീജ വേങ്ങരയാണ് കുഞ്ഞാപ്പുവിന്റെ ഭാര്യ. മക്കള്‍ ഗുലാം ഹുസൈന്‍, ഗുലാം ബാഷ, ഫാറൂഖ്,
നെല്ലിക്കാപറമ്പ് നുസ്രത്ത് ജഹാനാണ് ആസാദിന്റെ ഭാര്യ. മക്കള്‍ മിര്‍സാ ഗുലാം, റിസ്‌വാന്‍ ഗുലാം, സന..
5:51 PM | 0 comments

പി കെ ബശീര്‍ എം എല്‍ എക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് കുനിയിലില്‍ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഏറനാട് എം എല്‍ എ പി കെ ബശീറിനെതിരെ അരീക്കോട് പോലീസ് കേസെടുത്തു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്‌ലിംലീഗ് എം എല്‍ എക്കെതിരെയുള്ള കേസ്. ഗൂഢാലോചന, കൊലപാതകത്തിന് പ്രേരണ എന്നീ കുറ്റങ്ങളാണ് ബശീറിനെതിരെ ചുമത്തിയിട്ടുള്ളത്. കൊല്ലപ്പെട്ടവരുടെ ബന്ധുവായ കൊളക്കാടന്‍ നജീബ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
കൊലപാതകത്തില്‍ കണ്ടാലറിയാവുന്ന അഞ്ചു പേരുള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസിലെ ആറാം പ്രതിയാണ് പി കെ ബശീര്‍. പാറമേല്‍ അഹമ്മദ്കുട്ടി, ഇര്‍ഷാദ്, സുജാനി റശീദ്, മുഖ്താര്‍, എന്ഡ കെ അശ്‌റഫ് എന്നിവരാണ് മറ്റ് പ്രതികള്‍. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ മാസം മൂന്നിന് അതീഖുര്‍റഹ്മാന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്ന ചടങ്ങില്‍ എം എല്‍ എ പ്രതികളോട് പകരം വീട്ടുമെന്ന രീതിയില്‍ പ്രസംഗിച്ചതായി ആരോപണമുണ്ട്. ഈ പ്രസംഗം ഇരട്ടക്കൊലപാതകം നടത്താന്‍ പ്രതികള്‍ക്ക് പ്രേരണയായി എന്നാണ് ബന്ധുക്കളുടെ പരാതി.
5:44 PM | 0 comments

ഇര്‍ഫാന് ജന്‍മ നാടിന്റെ ആദരം

Written By Malappuram News on Friday, May 25, 2012 | 1:25 AM

മലപ്പുറം: ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് മത്സരത്തിലേക്ക് യോഗ്യത നേടിയ മലപ്പുറം സ്വദേശിയായ ഇര്‍ഫാന് ജന്‍മനാടിന്റെ ആദരം. കീഴുപറമ്പ് കുനിയില്‍ കോലത്തുംതൊടി മുസ്തഫ-സുലൈഖ ദമ്പതികളുടെ മകനായ ഇര്‍ഫാന്‍ മോസ്‌കോയില്‍ നടന്ന 20 കിലോ മീറ്റര്‍ നടത്ത മത്സരത്തിലാണ് ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് നടന്ന് കയറിയത്. ഇന്ത്യയില്‍ നിന്ന് ഇതാദ്യമായാണ് നടത്തത്തിന് ഒരാള്‍ യോഗ്യത നേടുന്നതത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏഴാമത്തെ താരമാണ് ഇര്‍ഫാന്‍. മലപ്പുറം ജില്ലയില്‍ നിന്ന് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ താരവുമാണ്. അടുത്ത ആഗസ്റ്റിലാണ് ലണ്ടന്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ലുധിയാനയില്‍ നിന്ന് പരിശീലനം നേടിയാണ് ഇര്‍ഫാന്‍ മോസ്‌കോയില്‍ യോഗ്യതാ ടെസ്റ്റിനെത്തിയത്. അവിടെ നിന്ന് ഈമാസം 12ന് എ ഗ്രേഡോടെ ലണ്ടന്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. ഇന്നലെ മോസ്‌കോയില്‍ നിന്നെത്തിയ ഇര്‍ഫാന് നാട്ടില്‍ ഗംഭീര സ്വീകരമാണ് ഒരുക്കിയിരുന്നത്. ബാംഗ്ലൂര്‍ വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇര്‍ഫാനെ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. കുനിയില്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉപഹാരം നല്‍കി.

Keywords: Malappuram, Areekode, Sports, കേരള, 
1:25 AM | 0 comments

ഗവ.ആശുപത്രിയുടെ സ്ഥലം കയ്യേറിയതായി ആരോപണം: തെളിയിച്ചാല്‍ രാജി വെയ്ക്കാമെന്ന് മെമ്പര്‍

Written By kvartha desk on Friday, May 18, 2012 | 4:26 PM

അരീക്കോട് : ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍പ്പെട്ട പുവ്വത്തിക്കല്‍ ഗവ.ആശുപത്രിയുടെ ഭൂമി മുസ്‌ലിം ലീഗിന്റെ വാര്‍ഡ് മെമ്പര്‍ കയ്യേറിയതായി സി പി എം ആരോപണം. രണ്ട് ഘട്ടങ്ങളിലായി ആശുപത്രിക്ക് വേണ്ടി ഏറ്റെടുത്ത ഒരേക്ര സ്ഥലമുണ്ടെന്നും ഇതില്‍ നിന്നാണ് പത്ത് സെന്റോളം വരുന്ന ഭൂമി വാര്‍ഡ് മെമ്പറുടെ തറവാടു വീട്ടിലേക്ക് റോടുണ്ടാക്കാന്‍ കയ്യേറിയിരിക്കുന്നതെന്നും ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് സി പി എം ലോക്കല്‍കമ്മിറ്റി ആവശ്യപ്പെടുന്നത്. സി പി എം ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ആശുപത്രിയുടെ ഒരിഞ്ച് ഭൂമി പോലും ആരും കയ്യേറിയിട്ടില്ലെന്നും ആശുപത്രിയുടെ ഭൂമി കയ്യേറി എന്നു തെളിയിക്കുന്ന പക്ഷം പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജി വെയ്ക്കാന്‍ തയ്യാറാണെന്നും മറിച്ചാണെങ്കില്‍ പ്രതിപക്ഷമെമ്പര്‍മാര്‍ രാജി വെയ്ക്കാന്‍ തയ്യാറുണ്ടോ എന്നും ആരോപണവിധേയനായ വാര്‍ഡ് മെമ്പര്‍ സി ടി അബ്ദുറഹ്മാന്‍ വെല്ലു വിളിച്ചു. സ്ഥലം അളന്നു തിട്ടപ്പെടുത്താനായി സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടസ്സപ്പെടുത്തി തിരിച്ചയച്ച സി പി എമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രാമപഞ്ചായത്തിന്റെ 2011-12 വര്‍ഷത്തെ മെയിന്റനന്‍സ് ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടു ലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രിയുടെ ചുറ്റുമതില്‍ അറ്റകുറ്റപണി നടക്കുന്നതിനിടെ നിലവിലുള്ള ചുറ്റുമതില്‍ പൊളിച്ച് വഴിക്കുള്ള സ്ഥലം ഒഴിവാക്കി മതില്‍ കെട്ടിയതാണ് ആരോപണത്തിന്റെ അടിസ്ഥാനം. വഴിസ്ഥലം ഒഴിവാക്കി മതില്‍ കെട്ടിയതില്‍ പഞ്ചായത്തിന് യാതൊരു പങ്കുമില്ലെന്നും ഇത്തരത്തില്‍ മതില്‍ കെട്ടാന്‍ പഞ്ചായത്ത് ആര്‍ക്കും വര്‍ക്ക് ഓര്‍ഡര്‍ കൊടുത്തിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും രേഖ പ്രകാരം സര്‍ക്കാരിനുള്ള ഭൂമി റവന്യൂ അധികൃതര്‍ അളന്നു തിട്ടപ്പെടുത്തണമെന്നാണ് പഞ്ചായത്ത് ബോര്‍ഡിന്റെ നിലപാടെന്നും ആയതിന് പഞ്ചായത്ത് ബോര്‍ഡ് തീരുമാനം എടുത്തിട്ടുള്ളതാണെന്നുമാണ് ഭരണസമിതി യുടെ വിശദീകരണം.

English Summery
Land scam in Areekode
4:26 PM | 0 comments

വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്: കാന്തപുരം

Written By Malappuram News on Friday, April 20, 2012 | 12:48 AM

അരീക്കോട്: നാട്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെങ്കിലും അവ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധമാണ് നടപ്പിലാക്കേണ്ടെതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കേരളയാത്രയുടെ അരീക്കോട് സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കാവനൂര്‍ വഴി കടന്നു പോകുന്ന നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. ഈ പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ അനേകം പേര്‍ക്ക് വീട് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ട്. ഇതൊഴിവാക്കാന്‍ പദ്ധതി ജനവാസമില്ലാത്ത സ്ഥലങ്ങളിലൂടെ നടപ്പിലാക്കുകയാണ് വേണ്ടത്. അതിന് കഴിയാത്ത സാഹചര്യമാണെങ്കില്‍ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. സൗത്ത് പുത്തലം കേന്ദ്രീകരിച്ച് വരാനിരിക്കുന്ന അരീക്കോട് ഐ ടി പാര്‍ക്കിനു സ്ഥലമെടുക്കുന്നത് വീടുകള്‍ നഷ്ടപ്പെടാത്ത വിധമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12:48 AM | 0 comments

മരം കടപുഴകി വീണ് വീട് തകര്‍ന്നു

Written By Malappuram News on Tuesday, April 17, 2012 | 9:30 AM

അരീക്കോട്: മരം കടപുഴകി വീണ് വീട് പൂര്‍ണമായും തകര്‍ന്നു. പുതുകോട് കാടേപാടം വടക്കേടത്ത് രാജന്റെ വീടിനു മുകളിലേക്കാണ് വാക മരം വീണ് വീട് പൂര്‍ണമായും തകര്‍ന്നത്. ഓടിട്ട വീടിന്റെ മേല്‍ക്കൂരയും മൂന്ന് ബെഡ് റൂമുകളും സിറ്റൗട്ടും പൂജാമുറിയും പൂര്‍ണമായും തകര്‍ന്നു.
വാക മരത്തോടൊപ്പം മൂന് തെങ്ങുകള്‍ നശിക്കുകയും ഒരു തെങ്ങ് വീടിനു മുകളിലേക്ക് വീഴുകയും ചെയ്തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ രാജന്റെ ഭാര്യ വീടിനോട് ചേര്‍ന്ന് പുറത്ത് നില്‍ക്കുകയായിരുന്നു. ഇതിനാല്‍ അപകടം ഒഴിവായി.
വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെം ഹിബ്ബത്തുല്ല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ നാരായണന്‍, ഇ.കെ ഫാറൂഖ്, കെ.പി അബൂബക്കര്‍, ജി.കെ ഗോപാലകൃഷ്ണന്‍, സ്ഥലം സന്ദര്‍ശിച്ചു.
9:30 AM | 0 comments

കേരളയാത്ര: സ്വാഗത സംഘം ഫൈനല്‍ സിറ്റിംഗ് വെള്ളിയാഴ്ച

Written By Malappuram News on Friday, April 13, 2012 | 1:32 AM

അരീക്കോട്: ഈ മാസം 18ന് അരീക്കോടെത്തുന്ന കേരളയാത്രയുടെ സ്വീകരണ സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികള്‍, വാഴക്കാട്, ചീക്കോട്, അരീക്കോട്, കിഴുപറമ്പ്, ഊര്‍ങ്ങാട്ടീരി, കാവനൂര്‍ പഞ്ചായത്തുകളിലെ എസ് വൈ എസ്, എസ് എസ് എഫ് യൂണിറ്റ്, പഞ്ചായത്ത,് സെക്ടര്‍, ഡിവിഷന്‍ കമ്മിറ്റി ഭാരവാഹികള്‍, യൂണിറ്റ്, പഞ്ചായത്ത് മേഖലാ ഇ സി ഭാരവാഹികള്‍, അരീക്കോട് മേഖലാ എസ് വൈ എസ് കമ്മിറ്റി ഭാരവാഹികള്‍, എസ് എം എ റീജ്യനല്‍ കമ്മിറ്റി ഭാരവാഹികള്‍, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ എന്നിവര്‍ ഇന്ന് വൈകീട്ട് നാലിന് സമ്മേളനത്തിന്റെ അവസാന വട്ട മുന്നൊരുക്കങ്ങള്‍ക്കായി അരീക്കോട് മജ്മഅ് ഓഡിറ്റോറിയത്തില്‍ ഒത്തു ചേരും. സ്വാഗത സംഘം നേതാക്കളായ എം പി മുഹമ്മദ് ഹാജി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കെ ടി അബ്ദുര്‍റഹ്മാന്‍, എം എ ലത്തീഫ് മുസ്‌ലിയാര്‍ മഖ്ദൂമി, എം കെ ഹസന്‍ മുസ്‌ലിയാര്‍, അബ്ദുള്ള സഖാഫി കാവനൂര്‍, മുഹ്‌യുദ്ദീന്‍ കുട്ടി സഖാഫി ചീക്കോട്, അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ നോര്‍ത്ത് കൊഴക്കോട്ടൂര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, സൈഫുദ്ദീന്‍ വടക്കുംമുറി നേതൃത്വം നല്‍കും. മുഴുവന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സ്വാഗതസംഘം കണ്‍വീനര്‍ അറിയിച്ചു.
1:32 AM | 0 comments

എളയൂര്‍ യത്തീംഖാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കാവനൂര്‍: എളയൂര്‍ മല്‍ജഉല്‍ഐതാം യതീംഖാന 35-ാം വാര്‍ഷിക സമ്മേനത്തിന് തുടക്കമായി മര്‍ഹും, വലിയുള്ളാഹി തൃപ്പനച്ചി ഉസ്താദ്, കാവനൂര്‍ ഖാസി എന്നിവരുടെ മഖ്ബറ സിയാറത്തോടെ ആയിരുന്നു തുടക്കം.പ്രാരംഭ സമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന സുവനീര്‍ ഫക്‌റുദ്ധീന്‍ തങ്ങള്‍, കുഞ്ഞാപ്പുവിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മന്‍സൂറലി ഫൈസി കാളംബാടി മുഖ്യ പ്രഭാഷണം നടത്തി. കെ.എ റഹ്മാന്‍ ഫൈസി മുഹമ്മദ് ബാഖവി, അബ്ദുല്‍ ലത്തീഫ് ബാഖവി, മുഹമ്മദ് ബാഖവി, ഒ.പി. കുഞ്ഞാപ്പു ഹാജി തുടങ്ങിവര്‍ സംബന്ധിച്ചു. വെള്ളിയാഴ്ച കുടുംമ്പ സന്ദര്‍ശനം കാലത്ത് 8 മണി മുതല്‍ 5 മണി വരെ നടക്കും. ഉമര്‍ ദര്‍സി തച്ചണ്ണ, മൊയ്തീന്‍ കുട്ടി ദാരിമി , ഇബ്രാഹീം വാഫി തുടങ്ങിയവര്‍ ദുആക്ക് നേതൃത്വം നല്‍കും. രാത്രി 7 മണിക്ക്‌നടക്കുന്ന ആത്മീയ സദസ്സില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സൂഫി വര്യന്‍ കല്ലാച്ചി ഉസ്താദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
1:26 AM | 0 comments

അരീക്കോട് സി ഡി എസ് തെരഞ്ഞെടുപ്പ് ഹൈക്കോടതിയിലേക്ക്

Written By Malappuram News on Thursday, April 5, 2012 | 9:04 AM

അരീക്കോട്: ഹൈക്കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം നടന്ന അരീക്കോട് പഞ്ചായത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പ് വീണ്ടും ഹൈക്കോടതിയിലേക്ക്. ഒരു വിഭാഗത്തിനനുകൂലമായി തെരഞ്ഞെടുപ്പ് നടപടികളില്‍ കൃത്രിമം കാണിച്ച ഉദ്യാഗസ്ഥരുടെ നടപടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ക്കും ഡി ഡിപിക്കും ഇതു സംബന്ധിച്ച പരാതി നല്‍കുമെന്നും റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യു ഡി എഫ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
യു ഡി എഫ് പക്ഷത്തു നിന്ന് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മിയും എല്‍ഡിഎഫ് പക്ഷത്തു നിന്ന് അരീക്കോട് സര്‍വ്വീസ് ബാങ്ക് ഡയരക്ടര്‍ ചൂരപ്ര ഷീജയും തമ്മിലായിരുന്നു മത്സരം. ഇരുവര്‍ക്കും 9 വീതം വോട്ടുകളാണ് കിട്ടിയത്. ഇതേ തുടര്‍ന്ന് നടന്ന നറുക്കെടുപ്പിനെക്കുറിച്ചാണ് പരാതി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ നറുക്ക് സ്വയം എഴുതുകയും സ്ഥാനാര്‍ത്ഥികളെ ബോധ്യപ്പെടുത്താതെ രണ്ട് നറുക്കുകള്‍ രണ്ടു രീതിയില്‍ മടക്കി ഇടുകയും അദ്ദേഹം തന്നെ ധൃതിയില്‍ നറുക്കെടുക്കുകയുമായിരുന്നുവെന്നുമാണ് യുഡി എഫ് ആരോപണം.
ചെയര്‍പേഴ്‌സണ്‍ തെരെഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെ പൂര്‍ത്തീകരിച്ച് മിനുട്‌സില്‍ രേഖപ്പെടുത്തിയതിനു ശേഷം വൈസ്‌ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പും കഴിഞ്ഞ് ഇന്റേണല്‍ ഓഡിറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനിടയിലാണ് പരാതി ഉന്നയിച്ചെതെന്നും പരാതിയില്‍ കഴമ്പില്ലെന്നും പൊതുയോഗാംഗങ്ങള്‍ക്കുപുറമേ റിട്ടേണിംഗ് ഓഫീസറും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും മാത്രമേ വോട്ടിംഗ് നടക്കുന്ന ഹാളില്‍ ഉണ്ടായിരുന്നുള്ളൂവെന്നും പൊതുയോഗാംഗങ്ങളെക്കൊണ്ട് നറുക്കെടുപ്പിക്കാന്‍ വകുപ്പില്ലാത്തതു കൊണ്ട് എ ആര്‍ ഒ യോട് നറുക്കെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് റിട്ടേണിംഗ് ഓഫീസറുടെ വിശദീകരണം.
ജനുവരി 24 ന് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച് 4 വാര്‍ഡില്‍ നിന്നുളള അംഗങ്ങള്‍ രജിസ്റ്ററില്‍ ഒപ്പു വെച്ചതിനു ശേഷം കലക്ടറുടെ പ്രത്യേക ഉത്തരവുണ്ടെന്നു പറഞ്ഞു നിര്‍ത്തിവെച്ച തെരഞ്ഞെടുപ്പാണ് ഹൈക്കോടതി ഉത്തരവിന്‍ പ്രകാരം കഴിഞ്ഞ ദിവസം നടന്നത്. നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതിനു ശേഷം മതിയായ കാരണങ്ങളില്ലാതെ തെരഞ്ഞെടുപ്പ് നിര്‍ത്തി വെപ്പിച്ചതിനെതിരെ കലക്ടര്‍ക്കും ഡിഡിപി ക്കുമെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസ് തീര്‍പ്പാക്കിക്കൊണ്ടുള്ള വിധിയനുസരിച്ചാണ് ഏപ്രല്‍ 3ന് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
ഒന്നാം വാര്‍ഡിലെ ആലുക്കല്‍ നടന്ന എഡി എസ് തെരഞ്ഞെടുപ്പ് നിയമ വിരുദ്ധമാണെന്നു കാണിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പക്ഷത്തു നിന്ന് മത്സരിച്ച ഏഴ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റ് പിപിസഫറുള്ളയും വൈസ് പ്രസിഡന്റ് ചൂരപ്ര ശോഭനാ ഗോപിയും നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജനുവരി 24 ലെ തെരഞ്ഞെടുപ്പ് നിര്‍ത്തി വെക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. പരസ്യമായി നടത്തേണ്ട എഡിഎസ് തെരഞ്ഞെടുപ്പ് രഹസ്യബാലറ്റുപയോഗിച്ച് നടത്തുകയും ബാലറ്റ് പേപ്പറുകള്‍ എല്‍ഡിഎഫ് അംഗത്തിന്റെ കയ്യില്‍ വിതരണത്തിനേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജനുവരി 24 ലെ തെരഞ്ഞെടുപ്പ് കലക്ടര്‍ നിര്‍ത്തി വെപ്പിച്ചത്.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സിഡിഎസ് ഭരണസമിതിയിലേക്ക് യുഡിഎഫ് അനുകൂലികളെ വിജയിപ്പിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിലുള്ള ജാള്യത മറക്കാനാണ് യുഡിഎഫ് പരാതിയുമായി രംഗത്ത് വന്നതെന്നും തെരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് യാതൊരു പരാതിയുമില്ലെന്നും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ഷീജ ചൂരപ്ര പറഞ്ഞു.
9:04 AM | 0 comments

പത്ര ഏജന്റുമാരുടെ സമരത്തിനെതിരെ ഏകാംഗ പ്രതിഷേധം

Written By Malappuram News on Saturday, March 24, 2012 | 4:15 AM

മലപ്പുറം: വായനക്കാരന്റെ അറിയാനുള്ള അവകാശം നിഷേധിക്കുന്ന ന്യൂസ് പേപ്പര്‍ ഏജന്റ് അസോസിയേഷന്റെ സമരത്തിനെതിരെ ഏകാംഗ നിരാഹാര സമരം. ഊര്‍ങ്ങാട്ടിരി വടക്കുമുറി മീമ്പറ്റ മുഹമ്മദാണ് കലക്ടറേറ്റിന് മുന്നില്‍ ഇന്നലെ നിരാഹാരം അനുഷ്ടിച്ചത്. പത്രങ്ങള്‍ വിതരണം ചെയ്യാതെ ഏജന്റുമാര്‍ നടത്തുന്ന സമരത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ മുഹമ്മദിന്റെ ആവശ്യം. മലപ്പുറം ജില്ലാ വനമിത്ര അവാര്‍ഡ് ജേതാവായ ഇദ്ദേഹത്തിന്റെ നാലാമത്തെ സത്യാഗ്രഹമാണിത്. മരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് അരീക്കോടും മലപ്പുറം കലക്ടറേറ്റിന് മുന്നിലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിരൂര്‍ ആദായ നികുതി ഓഫീസിന് മുന്നിലും സത്യാഗ്രഹം നടത്തിയിട്ടുണ്ട്.
4:15 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers