സര്‍ക്കാര്‍ അറിയിപ്പുകള്‍ 18.10.12

Government, Announcements, Malappuram, Kerala, Malayalam news
കൗമാരങ്ങള്‍ക്കായി 'സബല' - അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്യാം

കൗമാരപ്രായക്കാരുടെ ആരോഗ്യവും ഭാവിയും സുരക്ഷിതമാക്കുന്നതിന് സാമൂഹികക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'രാജീവ് ഗാന്ധി സ്‌കീം ഫോര്‍ എംപവര്‍മെന്റ് ഓഫ് അഡലെസന്റ് ഗേള്‍സ്' - 'സബല' പദ്ധതിയില്‍ 11 നും 18 നുമിടയില്‍ പ്രായമുളള പെണ്‍കുട്ടികള്‍ക്ക് അംഗമാകാം.

അങ്കണവാടികള്‍ മുഖേന നടപ്പാക്കുന്ന പദ്ധതി പ്രകാരം പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരം, ശാക്തീകരണ ക്ലാസുകള്‍, ആരോഗ്യ - ശുചിത്വ - കുടുംബ - ശിശുസംരക്ഷണ ക്ലാസുകള്‍, ജീവിത നിപുണി പരിശീലനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പൊതുജന കാര്യങ്ങളെക്കുറിച്ചുളള ബോധവത്ക്കരണം എന്നിവയാണ് നല്‍കുന്നത്. ഓരോ പ്രദേശത്തും നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സര്‍വെയില്‍ ഏതെങ്കിലും കാരണത്താല്‍ ഉള്‍പ്പെടാത്തവര്‍ക്കും എ.പി.എല്‍. - ബി.പി.എല്‍. വ്യത്യാസമില്ലാതെ പദ്ധതിയില്‍ അംഗമാവാം.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് 12ന് ശേഷം അങ്കണവാടികൡലത്തി ക്ലാസുകളില്‍ പങ്കെടുക്കണം. സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒണ്‍ട്രെെപ്രനോര്‍ഷിപ് ഡെവലപ്‌മെന്റ് (സ്റ്റെഡ്) ഉം മറ്റ് അംഗീകൃത വൊക്കേഷനല്‍ ട്രെയിനിങ് പ്രൊവൈഡര്‍ (വി.റ്റി.പി.) മാരുമാണ് ക്ലാസുകള്‍ നടത്തുന്നത്. ക്ലാസിന് ശേഷം ഒരാഴ്ച്ചയ്ക്കുളള പോഷകാഹാര കിറ്റും കുട്ടികള്‍ക്ക് നല്‍കും. ഗോതമ്പ് പൊടിയും റാഗിയും രണ്ട് കിലോ വീതവും അര കിലോ ശര്‍ക്കരയുമാണ് നല്‍കുക. സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ക്ക് എല്ലാ ദിവസവും അങ്കണവാടിയിലെത്തിയാല്‍ പോഷകാഹാരം നല്‍കും. താത്പര്യമുളളവരെ വീണ്ടും സ്‌കൂളിലും അല്ലാത്തവരെ തുല്യതാ പഠന ക്ലാസിലും ചേര്‍ക്കുന്നതിന് സഹായം നല്‍കും. തുല്യതാ പരീക്ഷാ ഫീസ് സാമൂഹികക്ഷേമ വകുപ്പ് നല്‍കും.

പോഷകാഹാരവും ബോധവത്ക്കരണ ക്ലാസുകളും കൂടാതെ ഒരു പ്രദേശത്തെ കൗമാര പ്രായക്കാരുടെ കൂട്ടായ്മയ്ക്ക് കൂടി വേദിയൊരുക്കുകയാണ് 'സബല'. 25 പേരുളള ഒരു 'കിഷോരി സമൂഹം' എല്ലാ അങ്കണവാടികളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ലീഡറായി ഒരു 'സഖി'യുമുണ്ടാവും. മാസത്തിലൊരിക്കല്‍ മെഡിക്കല്‍ പരിശോധന നടത്തി 'കിഷോരി കാര്‍ഡ്' നല്‍കുന്നതിന് കിേഷാരി ദിവസവുമുണ്ട്.

പദ്ധതിയില്‍ കുട്ടികളെ അംഗമാക്കുന്നതിന് കൗമാര പ്രായത്തിലുളള എല്ലാ കുട്ടികളുടെയും മാതാപിതാക്കള്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ സാമൂഹികക്ഷേമ ഓഫീസര്‍ കെ. സുബ്രഹ്മണ്യന്‍ അറിയിച്ചു. 2011 ലാണ് മലപ്പുറം, പാലക്കാട്, കൊല്ലം, ഇടുക്കി ജില്ലകളില്‍ പദ്ധതി ആദ്യമായി നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 1,72,625 പേര്‍ കിഷോരി സംഘത്തിലുണ്ടായിരുന്നു. 3.82 കോടി ഇവര്‍ക്ക് പോഷകാഹാരം നല്‍കുന്നതിനും 74.57 ലക്ഷം ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുന്നതിനുമായി വിനിയോഗിച്ചിരുന്നു.

മലയാളം സര്‍വകലാശാല ഉദ്ഘാടനം സ്വാഗതസംഘ രൂപവത്ക്കരണ യോഗം 21ന്

മലയാളം സര്‍വകലാശാലയുടെ ഉദ്ഘാടനം നവംബര്‍ ഒന്നിന് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഒക്‌റ്റോബര്‍ 21 ന് തിരൂരില്‍ ജനപ്രതിനിധികളുടേയും രാഷ്ട്രീയ - സാമൂഹിക പ്രവര്‍ത്തകരുടേയും ഉദേ്യാഗസ്ഥരുടേയും യോഗം ചേരുമെന്ന് ജില്ലാ കലക്റ്റര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു. രാവിലെ 10ന് തിരൂര്‍, കോരങ്ങത്ത്, നഗരസഭാ സാംസ്‌കാരിക സമുച്ചയത്തില്‍ ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പങ്കെടുക്കും. നവംബര്‍ ഒന്നിന് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുളള സ്വാഗതസംഘവും യോഗത്തില്‍ രൂപവത്കരിക്കും.

ഗതാഗതം നിരോധിച്ചു

പാലക്കാട് - പൊന്നാനി റോഡില്‍ എടപ്പാള്‍ തവനൂര്‍ റോഡിന്റെ ആരംഭ ഭാഗത്ത് കലുങ്കും ഓടയും നിര്‍മാണം ആരംഭിച്ചതിനാല്‍ ഇതിലൂടെയുളള ഗതാഗതം പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ തട്ടാന്‍പടി - പെരുമ്പറപ്പ്, പോത്തൂര്‍ - നരിപ്പറമ്പ് റോഡുകളിലൂടെ പോകണമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.

എം.എ. ഇംഗ്ലീഷ് സീറ്റൊഴിവ്

മലപ്പുറം ഗവ. കോളെജില്‍ ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് കോഴ്‌സില്‍ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും എല്‍.സി./ഒ.ബി.സി. (ക്രിസ്റ്റന്‍)/എസ്.ഐ.യു.സി. വിഭാഗത്തിനും ഓരോ സീറ്റു വീതം ഒഴിവുണ്ട്. മുന്‍പ് അപേക്ഷിച്ചവര്‍ അര്‍ഹത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌റ്റോബര്‍ 22 ന് കോളെജിലെത്തണം.

ആര്‍.റ്റി.എ. യോഗം

റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.റ്റി.എ.) യോഗം നവംബര്‍ 21ന് രാവിലെ 10.30 ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേരുമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.

വനിതാ ലേബര്‍ ബാങ്ക് - ഒക്‌റ്റോബര്‍ 31 വരെ അപേക്ഷിക്കാം

നെല്‍കൃഷി പുനരുദ്ധാരണത്തിന്റെ ഭാഗമായി മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 30,000 വനിതകള്‍ക്ക് തൊഴിലവസരം ലഭിക്കുന്ന വനിതാ ലേബര്‍ ബാങ്കില്‍ അംഗങ്ങളാവുന്നതിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌റ്റോബര്‍ 31 വരെ നീട്ടി. അപേക്ഷാ ഫോം ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും കൃഷിഭവനുകളിലും ലഭിക്കുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Keywords: Government, Announcements, Malappuram, Kerala, Malayalam news

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post