കാളികാവ്: ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല നെല്ലിക്കര മലവാരത്തിന് താഴെ കാട്ടാനക്കൂട്ടത്തിന്റെ പരാക്രമണത്തില്‍ വന്‍തോതില്‍ വാഴകൃഷി നശിച്ചു. കുലക്കാറായ 700 വാഴകളാണ് കാട്ടാനക്കൂട്ടം ഒറ്റ രാത്രികൊണ്ട് ചവിട്ടി മെതിക്കുകയും പിഴുതെറിയുകയും ചെയ്തത്. വള്ളിപ്പൂള നെല്ലിക്കര മലവാരത്തോട് ചേര്‍ന്നുള്ള പുന്നക്കാടന്‍ ഹമീദ്, വടക്കേങ്ങര മുഹമ്മദ്, ചോലക്കല്‍ അബ്ദുല്‍ സലാം, മാടമ്പി ശ്രീധരന്‍ എന്നിവരുടെ വാഴകൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
നെല്ലിക്കര കോഴിപ്ര മലവാരത്തോട് ചേര്‍ന്നുള്ള മരുതങ്കാട്, വള്ളിപ്പൂള ഭാഗങ്ങളില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നികളുടെ അക്രമണവും പതിവാണ്. വന്‍തോതില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് കാട്ടാനകളും കൃഷിനശിപ്പിച്ചത്.
വൈകുന്നേരമാകുന്നതോടെ വനാതിര്‍ത്തിയിലെ പ്രദേശങ്ങളില്‍ മൃഗങ്ങള്‍ കാട് വിട്ട് പുറത്തിറങ്ങുന്നു. നാട്ടുകാര്‍ പുറത്തിറങ്ങാന്‍ കഴിയാതെ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് മൃഗങ്ങളെ ഓടിക്കുന്നത്. എന്നാല്‍ ഇത് കൊണ്ടൊന്നും കാട്ടാനകളെ തുരത്താനാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ അധികൃതര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും, വൈദ്യതി വേലികള്‍ സ്ഥാപിച്ചോ, മതില്‍ നിര്‍മിച്ചോ കാട്ടില്‍ നിന്ന് മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Keywords: Malappuram, Kalikavu, Kerala, Banana Tree, Elephant
Post a Comment