ജില്ലാ - താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റുകള്‍ തുടങ്ങും

മലപ്പുറം: ജില്ലാ-താലൂക്ക് അശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. സാന്ത്വന പരിചരണ പരിരക്ഷ ജില്ലാതല സമ്പൂര്‍ണതാ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല മാതൃകയാണെന്നും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 10 താലൂക്കാശുപത്രികളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍.ആര്‍.എച്ച്.എം ഫണ്ടുള്‍പ്പെടെയുള്ള കേന്ദ്ര സഹായങ്ങള്‍ പൂര്‍ണമായും ചെലവഴിക്കും. എല്ലാമാസവും ഇതു സംബന്ധിച്ച് അവലോകനം നടത്തും. 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളെജുകളുള്‍പ്പെടെയുള്ള എല്ലാ ചികിത്സാ കേന്ദ്രങ്ങളിലും മരുന്നുകള്‍ സൗജന്യമായി നല്‍കും. മരുന്ന് കമ്പനികള്‍ പേര് മാറ്റി കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. മരുന്നുകള്‍ വിലകുറച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും.മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 

എം.എല്‍.എമാരായ പി.ഉബൈദുള്ള, അഡ്വ.എം.ഉമ്മര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറമമ്പാട്, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പൊലീസ് മേധാവി കെ.സേതുരാമന്‍, എ.ഡി.എം. എന്‍.കെ ആന്റണി, ഡി.എം.ഒ ഡോ.കെ സക്കീന, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സലീം കുരുവമ്പലം, വി.സുധാകരന്‍ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم