'രഹസ്യകാമുകന്റെ' ഫോണ്‍ കോള്‍

തിവുപോലെ അദ്ദേഹം ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തി. ചോറും കറിയും മേശപ്പുറത്ത് വിളമ്പിവച്ച് മുറിയിലേയ്ക്ക് കടക്കുമ്പോഴാണ്‌ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്. ഫോണ്‍ ബെല്ലടിച്ചതേ അദ്ദേഹം എന്നെ നോക്കി. ഞാന്‍ ചെന്ന്‌ ഫോണെടുത്തു. നമ്പര്‍ ഒരു പിടിയുമില്ല. ഇന്റര്‍നെറ്റ് കോളിംഗിന്റെ നമ്പറാണെന്ന്‌ മനസിലായി.
"ഹലോ''
"ആ ഹലോ...''
മറുതലയ്ക്കല്‍ പരിചിത ശബ്ദം. സാജിദാണ്‌. എന്തേ ആവോ ഈ നേരത്ത്? കുറച്ചുദിവസങ്ങള്‍ കൂടി ഇന്ന്‌ രാവിലെ വിളിച്ച് സംസാരിച്ചതാണല്ലോ? രണ്ട് മാസത്തിലേറെയായി സാജിദുമായി പരിചയത്തിലായിട്ട്. ഒരു ഓണ്‍ ലൈന്‍ സൗഹൃദം. എന്റെ അടുത്ത സുഹൃത്തിന്റെ സുഹൃത്താണ്‌. വളരെ മാന്യനായ മനുഷ്യന്‍.
"ഹലോ, എന്തേ വിളിച്ചത്" അല്‍പം അല്‍ഭുതത്തോടെ ഞാന്‍ ചോദിച്ചു. ഈ വിളി പതിവില്ല. വല്ലപ്പോഴും വിളിക്കും. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ച് അയാള്‍ വാ തോരാതെ സംസാരിക്കും. താനത് മൂളിക്കേള്‍ക്കും. ഇടയ്ക്ക് പ്രതികരിക്കും. അത്രതന്നെ. ഒരു ദിവസത്തില്‍ രണ്ട് വട്ടം വിളിക്കാനുള്ള ഒരടുപ്പവും ഞങ്ങള്‍ക്കിടയിലില്ല.
" ഓ സോറി, ഞാന്‍ വിളിച്ച നമ്പര്‍ മാറിപോയി" അല്‍പം ജാള്യതയോടെ അയാള്‍ പറഞ്ഞു.
"അത് സാരമില്ല, അപ്പോ ഓകെ" പറഞ്ഞ് ഫോണ്‍ കട്ടാക്കാന്‍ തുടങ്ങിയതേ അയാള്‍ ചോദിച്ചു.
" ഊണു കഴിച്ചോ? "
" ഇല്ല. കഴിക്കാറാകുന്നേയുള്ളു. ഞാന്‍ അല്‍പം വീട്ടുജോലിയിലാ...''
" ഓ.... എങ്കില്‍ ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല. കാര്യങ്ങള്‍ നടക്കട്ടെ. ബൈ.."
സാജിദ് ഫോണ്‍ കട്ട് ചെയ്തു. ഈ നേരമത്രയും ഒന്നും മിണ്ടാതെ അദ്ദേഹം ചോറുണ്ണുകയാണ്‌.
ഫോണ്‍ സ്റ്റാന്‍ഡില്‍ വച്ച് തിരിഞ്ഞതേ ചോദ്യം വന്നു.
" ആരാ വിളിച്ചത്?..."
" അതോ?... ആ സാജിദ്...."
" ആ ഗള്‍ഫിലുള്ളയാളോ?..."
" ഉം... അതേ...."
" എന്തിനാ വിളിച്ചത്?..."
" ചുമ്മാ... നമ്പര്‍ മാറിപോയതാ..."
" എന്നിട്ടെന്താ എന്റടുത്ത് തരാഞ്ഞത്?..."
" എന്തിന്‌?... അയാള്‍ മറ്റാരാണ്ടെ വിളിച്ചതല്ലേ?.. വല്ല തിരക്കിലുമാകും... അയാള്‍ നിങ്ങളെ കുറെ ദിവസം മുന്‍പ് വിളിച്ച് സംസാരിച്ചതല്ലേ?...."
" അതേ... എന്നാലും നിനക്കാ ഫോണ്‍ ഒന്ന്‌ തന്നാലെന്താരുന്നു?...."
എന്ത് മറുപടി പറയണമെന്ന്‌ ആദ്യമൊന്ന്‌ ശങ്കിച്ചു. പിന്നെ എന്റെ സ്വതസിദ്ധമായ രീതിയില്‍ പറഞ്ഞു, " അതിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിയില്ല.."
അതോടെ അദ്ദേഹത്തിന്റെ ഭാവം മാറി. " നീയെന്തിനാ അയാളോടിത്ര സോഫ്ടായി സംസാരിക്കണെ?... അല്‍പം കടുപ്പത്തില്‍ സംസാരിച്ചാലെന്താ?..."
" ഞാന്‍ എല്ലാരോടും ഇങ്ങനെയാ സംസാരിക്കാറ്.... ആണിനോടും പെണ്ണിനോടും... എന്റെ ശൈലിയിതാണ്‌... മറിച്ച് സംസാരിക്കാന്‍ എനിക്കറിയില്ല...." ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കി.
" ആ... ഇതുപോലുള്ള വിളികളാ ഒടുക്കം കൊലപാതകത്തില്‍ എത്തുന്നത്... ഇന്നാള്‍ കണ്ടില്ലേ?.... കാക്കനാട്....."
" കാക്കനാട് എന്താ?...."
" കെട്ടിയവനെ കെട്ടിയോളും രഹസ്യകാമുകനും കൂടി കഴുത്തുഞെരിച്ചു കൊന്നത്?... ആ കാമുകനും ഗള്‍ഫിലായിരുന്നു... സ്ഥിരമായി വിളിച്ചാണ്‌ അവര്‍ അടുപ്പത്തിലായത്..."
" ഓ..... നിങ്ങള്‍ പേടിക്കണ്ട... അയാളെ ഞാന്‍ പ്രേമിക്കാനൊന്നും പോണില്ല..."
" അതെന്താ?... അയാള്‍ നിങ്ങളെ പോലെയാ... പ്രേമിക്കാന്‍ തോന്നണ്ടേ?....."
ഞാന്‍ തമാശ പറഞ്ഞതോ കാര്യം പറഞ്ഞതോ എന്ന സംശയത്തില്‍ അദ്ദേഹം ഒരു നിമിഷം പകച്ചു. പിന്നീട് ഊണു മതിയാക്കി കൈകഴുകി.
" അല്ലെങ്കില്‍ തന്നെ അയാള്‍ക്ക് പത്തില്‍ പഠിക്കുന്ന മകളുണ്ട്... ഞാനാണെങ്കിലോ മദ്ധ്യവയസ്ക.... പ്രേമിക്കാനുള്ള മൂഡൊക്കെ പോയി..."
കൈ തുടയ്ക്കുന്നതിനിടയില്‍ അദ്ദേഹം ഒന്നും മിണ്ടാതെ എന്നെ നോക്കി.
പറഞ്ഞ്‌ തൃപ്തിയാകാതെ ഞാന്‍ വീണ്ടും തുടങ്ങി. ഞാന്‍ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി... ഇതിനിടയില്‍ ഒരു പരിധിയില്‍ കൂടുതല്‍ അടുത്ത ബന്ധങ്ങളില്ല... എന്നിട്ടും...."
" അതല്ലെടി... നിന്റെ ശബ്ദമാണ്‌ പ്രശ്നം... ഒരിക്കല്‍ കേട്ടാല്‍ പിന്നേയും വിളിച്ച് സംസാരിക്കാന്‍ തോന്നും.... ഞാന്‍ ഗള്‍ഫിലായിരിക്കുമ്പോള്‍ ഈ എനിക്ക് പോലും തോന്നിയിട്ടുണ്ട്..."
" ഓഹ്.... ആയിക്കോട്ടെ, ഇനി ഞാന്‍ എന്റെ തൊണ്ട ഓപ്പറേഷന്‍ ചെയ്ത് ശബ്ദം മാറ്റണോ?..."
" വേണ്ട... ആരോടും കൂടുതല്‍ അടുപ്പത്തിന്‌ പോകാതിരുന്നാല്‍ മതി....
 കഴിഞ്ഞ ദിവസവും ഒരു കൊലപാതകമുണ്ടായി... ഭര്‍ത്താവിനെ ഭാര്യയും രഹസ്യകാമുകനും കൂടി....."
" ഒന്ന്‌ നിറുത്തുന്നുണ്ടോ?... നിങ്ങളെ കൊല്ലണമായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ കൊന്നേനെ.... ഇല്ലേല്‍ ക്വട്ടേഷനെങ്കിലും കൊടുത്തേനെ...."
പറഞ്ഞത് പോരാന്ന്‌ തോന്നി. പിന്നെയും പറഞ്ഞു.
" നിങ്ങള്‍ ഭാര്യ കൊന്നത് മാത്രമാണല്ലോ പറയുന്നത്.... സംശയരോഗിയായ ഭര്‍ത്താക്കന്മാര്‍ കൊന്നുകളഞ്ഞ സ്ത്രീകളുടെ കഥ പറയാത്തതെന്താ?... ഇന്നാള്‍ കണ്ടില്ലേ പത്രത്തില്‍... നിരപരാധിയായ സ്ത്രീയെ സംശയരോഗിയായ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നത്..." ഇടയ്ക്ക് ശബ്ദം മുറിഞ്ഞു.
" ഇങ്ങനെ പോയാല്‍ നിങ്ങളും എന്നെ ഉറക്കത്തില്‍ കഴുത്തുഞെരിച്ച് കൊല്ലില്ലെന്ന്‌ ആരു കണ്ടു..." പറഞ്ഞു തീരുമ്പോഴേക്കും എന്റെ തൊണ്ടയിടറി. കണ്ണുനിറഞ്ഞു.
പ്രതികരണം കേള്‍ക്കാതെ തിരിഞ്ഞുനോക്കുമ്പോഴേക്കും ഇടവഴിയിലൂടെ ബൈക്കിന്റെ ശബ്ദം ഇരച്ചുനീങ്ങുന്നുണ്ടായിരുന്നു.

-സന്ധ്യാ ചെറിയാന്‍

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم