കഞ്ഞിപ്പുര-മൂടാല്‍ റോഡ് ഭൂമി കൈമാറ്റം തുടങ്ങി

മലപ്പുറം: ദേശിയ പാതയില്‍ നിരവധി പേരുടെ ജിവനെടുത്ത വട്ടപ്പാറ വളവ് ഒഴിവാക്കിയുള്ള യാത്ര യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി കഞ്ഞിപ്പുര-മൂടാല്‍ റോഡ് ഭൂമി കൈമാറ്റ നടപടികള്‍ക്ക് തുടക്കമായി. ദേശീയപാതയില്‍ അഞ്ച് കി.മീ. ദൂരം കുറയ്ക്കാനും റോഡ് പൂര്‍ത്തിയാവുന്നതോടെ സാധ്യമാവും.

കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ എം.പി.അബ്ദു സമദ് സമദാനി എം.എല്‍.എ. യ്ക്ക് ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ഹഫ്‌സ ഇസ്മയില്‍ റോഡിനാവശ്യമായ സ്വന്തം ഭൂമിയുടെ സമ്മതപത്രം കൈമാറി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് സമ്മതപത്രം ഏറ്റുവാങ്ങി പൊതുമരാമത്ത് കുറ്റിപ്പുറം സെക്ഷന്‍ അസി. എഞ്ചിനീയര്‍ അബ്ദുള്‍ ബഷീറിന് കൈമാറി. 

മച്ചിഞ്ചേരി മുഹമ്മദ്, ഇബ്രാഹിം, തയ്യില്‍ അബു, താണിക്കാട്ടില്‍ അവറാന്‍, കുറ്റിക്കാടന്‍ മൊയ്തീന്‍, കെ.റ്റി.മുഹമ്മദ് അന്‍സാരി, തൈക്കുളത്തില്‍ സൈതാലി എന്നിവരും സമ്മതപത്രം കൈമാറി. മറ്റു സ്ഥലമുടമസ്ഥര്‍ക്ക് സമ്മതപത്രം പെതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം അസി. എഞ്ചിനിയര്‍ക്ക് സമര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ട്.
പുനരധിവാസ-പുനക്രമീകരണ പാക്കേജിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലം ഏറ്റെടുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥലമുടമസ്ഥരില്‍ നിന്ന് നേരിട്ടാണ് സ്ഥലം വാങ്ങുക. വിട്ടു കിട്ടുന്ന ഭൂമിയുടെ വില ജില്ലാ കലക്ടര്‍ അധ്യക്ഷനായുള്ള സമിതി നിര്‍ണയിക്കും. തുടര്‍ന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സംസ്ഥാനതല ഉന്നതാധികാര സമിതിയുടെ അനുമതി വാങ്ങിയ ശേഷം പ്രാബല്യത്തില്‍ കൊണ്ടുവരും. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസത്തിനായി മൂന്നു സെന്റ് സ്ഥലം നല്‍കുമെന്നും വീടിന്റെ കാലപ്പഴക്കം പരിഗണിക്കാതെയുള്ള വില നല്‍കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ലഭിച്ച സമ്മതപത്രങ്ങളുടെ ആധാരങ്ങളും സ്ഥലവും പരിശോധിക്കുന്ന പ്രവൃത്തി പരമാവധി വേഗം പൂര്‍ത്തിയാക്കും.
6.200 കി.മീ. നീളവും 20 മീ. വീതിയുമുള്ള റോഡില്‍ ജങ്ഷനുകള്‍ വികസിപ്പിക്കുന്നതിനും ബസ് ബേകള്‍ നിര്‍മിക്കുന്നതിനും ആവശ്യമായ സ്ഥലം പ്രത്യേകം ഏറ്റെടുക്കുമെന്നും പുനരധിവാസത്തിനും പാര്‍ക്കങിനും സ്ഥലം ഉള്‍പ്പെടുത്തിയിട്ടുള്ളതായും അസി. എഞ്ചിനിയര്‍ അറിയിച്ചു. 
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി ജനപ്രതിനിധികളുടെയും സ്ഥലമുടമകളുടെയും റവന്യു-പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ കുറ്റിപ്പുറം റസ്റ്റ് ഹൗസില്‍ ചേരാനും യോഗം തീരുമാനിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post