ഓണ്‍ ലൈന്‍ സൗഹൃദം മുതലെടുത്ത് കവര്‍ച്ച; 5 കര്‍ണാടക സ്വദേശികള്‍ അറസ്റ്റില്‍

കൊണ്ടോട്ടി: ഓണ്‍ ലൈന്‍ മുഖേന പരിചയപ്പെട്ട യുവാവില്‍നിന്ന് പണവും എടിഎം കാര്‍ഡും മൊബൈലും കവര്‍ന്ന കേസില്‍ കര്‍ണാടക സ്വദേശികളായ അഞ്ചുപേര്‍ പിടിയിലായി. കുടക് കുശാല്‍ നഗര്‍ സ്വദേശികളായ അന്‍വര്‍ (26), ഗ്രീന്‍വില്ല അബ്ദുല്‍ കരീം (24), കോലോത്തുംപറമ്പില്‍ അബ്ബാസ് (28), കാഞ്ഞാംപുറം ശരത് (23), വേണുഗോപാല്‍ (28) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി എസ്. അഭിലാഷിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് സിഐ അസൈനാര്‍, എസ്ഐ എം. മുഹമ്മദ് ഹനീഫ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

എടക്കര സ്വദേശിയായ ശുഹൈബിനെ(27) ഇന്റര്‍നെറ്റ് മുഖേന പരിചയപ്പെട്ട് കൊണ്ടോട്ടിയില്‍ എയര്‍പോര്‍ട്ട് റോഡ് ജംക്ഷനിലേക്കു വിളിച്ചുവരുത്തി ജൂണ്‍ 28ന് കവര്‍ച്ച നടത്തിയെന്നാണ് കേസ്. കാറില്‍ കയറ്റി എടവണ്ണപ്പാറ ഭാഗത്തേക്കു പോകുന്നതിനിടെ ഭീഷണിപ്പെടുത്തി എടിഎം കാര്‍ഡും മൊബൈല്‍ ഫോണും കവര്‍ന്നശേഷം കാരാട് ചണ്ണയില്‍ ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടെന്നാണു പരാതി. പഴ്സിലുണ്ടായിരുന്ന 5,000 രൂപയും പിന്‍കോഡ് ചോദിച്ചറിഞ്ഞശേഷം എടിഎം കാര്‍ഡില്‍നിന്ന് 18,000 രൂപയും കവര്‍ന്നത്രേ.

ഇന്റര്‍നെറ്റില്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. എസ്ഐ ഹരിദാസ്, എഎസ്ഐ വേണുഗോപാല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുരേഷ്, പത്മകുമാര്‍, കരീം, സാമി, സുഹാന്‍, അബ്ദുറഹിമാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി കര്‍ണാടക പൊലീസുമായി ബന്ധപ്പെടുന്നുണ്ടെന്ന് സിഐ അസൈനാര്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post