വ്യാജ സര്‍ട്ടഫിക്കറ്റ് നിര്‍മാണം: സി പി എം രാഷ്ട്രീയവത്കരിക്കുന്നു

മലപ്പുറം: നഗരസഭയില്‍ വ്യാജമായി ജനന-മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ആരോപണങ്ങള്‍ സി പി എം രാഷ്ട്രീയവത്കരിക്കുന്നു.

നഗരസഭാ വികസന സ്ഥിരസമിതി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദിനെതിരെയാണ് ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാനായ സക്കീര്‍ ഹുസൈന്‍ അഴിമതിയാരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് മുതലെടുത്ത് ആരോപണവിധേയനായ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജി വെക്കണമെന്ന ആവശ്യവുമായാണ് സി പി എം രംഗത്തെത്തിയിട്ടുള്ളത്. 

രാജിവെക്കുന്നത് വരെ ബഹജുനപ്രക്ഷോഭം നടത്താനാണ് സി പി എം തീരുമാനം. ഇതിന്റെ ഭാഗമായി നാളെ രാവിലെ 10ന് നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി എം ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. സി പി എം കുന്നുമ്മല്‍, കോട്ടപ്പടി മേല്‍മുറി ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത യോഗമാണ് സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. 

മുസ്‌ലിംലീഗുകാരനായ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ കുറിച്ച് അതേ പാര്‍ട്ടിക്കാരനായ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നെന്നതിനാല്‍ ഇതിനെ ഗൗരവമായി കാണണമെന്നാണ് സി പി എം ആവശ്യം. ലീഗ് അംഗത്തിനെതിരെ ആരോപണം ഉയര്‍ന്നിട്ടും നേതൃത്വം മൗനം പാലിക്കുകയാണ്. ഇത് അഴിമതിക്ക് ലീഗ് നേതൃത്വവും കൂട്ടുനില്‍ക്കുന്നുവെന്ന സംശയം ബലപ്പെടുത്തുകയാണെന്ന് യോഗം ആരോപിച്ചു. 

സംഭവം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആവശ്യം ഒരു എതിര്‍പ്പും കൂടാതെ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ അംഗീകരിക്കേണ്ടി വന്നു. എന്നാല്‍ അന്വേഷണം നീതിപൂര്‍വകമാകണമെങ്കില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കെ വി ബാലകൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ പി അനില്‍, വി പി അനില്‍, പാലോളി കുഞ്ഞിമുഹമ്മദ്, ഒ സഹദേവന്‍, കെ എ അരവിന്ദന്‍, ടി ശ്രീധരന്‍, ഒ വിനോദ്, കെ എം ഫൈസല്‍, കെ അന്‍വര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post