മത്സ്യ സമൃദ്ധി പദ്ധതിക്ക് തുടക്കം: 55.30 കോടി സബ്‌സിഡി നല്‍കും

മലപ്പുറം: ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തി ഭക്ഷ്യസുരക്ഷയും തൊഴിലവസരവും ഉറപ്പാക്കുന്ന മത്സ്യ സമൃദ്ധി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. 194.17 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 55.30 കോടി സബ്‌സിഡി ഇനത്തില്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മത്സ്യകര്‍ഷക സംഗമവും പരിശീലനവും ഇതോടൊപ്പം നടന്നു. കോസ്‌മോപൊളിറ്റന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.സതീഷ്‌കുമാര്‍, അക്വാ കള്‍ച്ചര്‍ കോഡിനേറ്റര്‍ ഇ.അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.

പദ്ധതിയുടെ കാലയളവ് മൂന്ന് വര്‍ഷമാണ്. നിലവില്‍ 1.5 ടണ്ണുള്ള ഉള്‍നാടന്‍ മത്സ്യോത്പാദനം 2.5 ടണ്ണാക്കി വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ 'മത്സ്യ സമൃദ്ധി' പദ്ധതിയിലേക്ക് അപേക്ഷിക്കുവാനുള്ള ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നല്‍കണം. 

പൊന്നാനിയിലെ ജില്ലാ ഫിഷറീസ് ഓഫീസില്‍ ജുലൈ അവസാനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എത്തിക്കുന്ന അപേക്ഷ പരിഗണിച്ച് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങള്‍ നല്‍കുക. മത്സ്യക്കുഞ്ഞുങ്ങള്‍ക്കുപുറമെ മത്സ്യത്തീറ്റ, വളം എന്നിവയും കര്‍ഷകര്‍ക്ക് ലഭിക്കും.
ഉള്‍നാടന്‍ ജലാശയങ്ങള്‍ക്ക് പുറമെ കുളങ്ങള്‍, അടുക്കളക്കുളങ്ങള്‍, ക്വാറികള്‍, സില്‍പോളിന്‍ ഷീറ്റുകള്‍ വിരിച്ച കുളങ്ങള്‍, കോണ്‍ക്രീറ്റ് കുളങ്ങള്‍ എന്നിവയില്‍ മത്സ്യകൃഷി നടത്താന്‍ താത്പര്യമുള്ളവരെയും പദ്ധതിയിലേക്ക് പരിഗണിക്കും. ആദ്യ ഘട്ടത്തില്‍ ശുദ്ധജല മത്സ്യങ്ങളായ കട്‌ല, റോഹു, മൃഗാള്‍, ഗ്രാസ്‌കാര്‍പ്പ് തുടങ്ങിയവയും ആറ്റുകൊഞ്ച് വിത്തുമാണ് നല്‍കുക.

English Summery
55. 30 crores subsidy to fish farming

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم