അക്ഷയസംരംഭകരുടെ 25 ശതമാനം കുടിശ്ശിക എഴുതി തള്ളും

മലപ്പുറം: ജില്ലയിലെ കടക്കെണിയില്‍പെട്ട അക്ഷയസംരംഭകര്‍ എടുത്ത ബേങ്ക് വായ്പയുടെ പലിശയും പിഴപലിശയും കുടിശ്ശികയായ മുതലിന്റെ 25 ശതമാനവും എഴുതി തള്ളും. ബാക്കി വരുന്ന 75 ശതമാനം മുതലിന്റെ 37.5 ശതമാനം സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. നിയമസഭയില്‍ പി ഉബൈദുള്ള എം എല്‍ എയുടെ സബ്മിഷന് വ്യവാസായ, ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ മറുപടിയിലാണ് അക്ഷയ സംരഭകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമെടുത്തത്. ബാക്കി വരുന്ന 37.5 ശതമാനം സംരംഭകന്‍ അടച്ചാല്‍ മതിയാകും.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അക്ഷയ സംരംഭകര്‍ അവരുടെ വിഹിതം അടച്ചാല്‍ മാത്രമേ സര്‍ക്കാറിന്റെ വിഹിതം അടക്കുകയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. അക്ഷയ സംരംഭകരുടെ വായ്പാ ബാധ്യത സംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റതവണ പദ്ധതി നടപ്പിലാക്കുന്നതിനായി അക്ഷയ ചീഫ് കോ-ഓര്‍ഡിനേറ്ററുമായി മലപ്പുറം ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ബേങ്ക് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഒറ്റതവണ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാന്‍ ആവശ്യമായ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 265 സംരംഭകരില്‍ 99 പേരുടെ കണക്കുകള്‍ മാത്രമാണ് പദ്ധതിപ്രകാരം തീര്‍പ്പാക്കിയിട്ടുള്ളത്.

 102 സംരംഭകര്‍ അവരുടെ വിഹിതം അടച്ചിട്ടില്ല. ജപ്തി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പൂര്‍ണമായി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post