തിരൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ തിരൂരിലെ ജില്ലാആശുപത്രിയില്‍ രോഗികള്‍ ഏറെ ബുദ്ധിമുട്ടുന്നു. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അതെല്ലാം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
പനി ബാധിച്ചാണ് ഇപ്പോള്‍ ഏറെപ്പേരും ആശുപത്രിയില്‍ എത്തുന്നത്. ആദ്യം തന്നെ ഒ പി കൗണ്ടറിനുമുമ്പിലെ ക്യൂവാണ് രോഗികളെ വരവേല്‍ക്കുക. ഇവിടെ ഏറെനേരം കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ കഴിയുക. പിന്നീട് മരുന്ന് കൗണ്ടറിനുമുമ്പിലെ ക്യൂവിലും രോഗികള്‍ക്ക് ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൂറുകണക്കിന് പേരാണ് വിവിധ രോഗവുമായി ആശുപത്രിയില്‍ എത്തുന്നത്.
മരുന്നിനായുള്ള കാത്തിരിപ്പ് മറ്റു അവശതകളും ഇവര്‍ക്ക് സമ്മാനിക്കുന്നു. പലപ്പോഴും ഈ ക്യൂ ഏറെ നീളാറുണ്ട്. ചിലപ്പോഴാകട്ടെ മഴയും വെയിലും കൊണ്ട് വരെ ആളുകള്‍ക്ക് മരുന്നിനായി കാത്തുനില്‍ക്കേണ്ടി വരാറുണ്ട്. ആശുപത്രികളില്‍ അടിയന്തിരമായി ജീവനക്കാരെ നിയമിക്കുമെന്നൊക്കെ ബന്ധപ്പെട്ടവര്‍ ഇടക്കിടെ പറയാറുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ ജലരേഖയാകുകയാണ് പതിവ്. സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ദയനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.
Post a Comment