തിരൂരങ്ങാടി: താലൂക്കാശുപത്രിയില്‍ ഒപി ടിക്കറ്റിനായി ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചക്ക് 1.30ഓടെയാണ് കണ്ണമംഗലം വട്ടപ്പൊന്ത കാഞ്ഞോളിപ്പടിക്കല്‍ മാന്യൂനില്‍ വീട്ടില്‍ നാരായണന്‍(39) ആണ് മരിച്ചത്.
ശ്വാസം മുട്ടലിന് ഡോക്ടറെ കാണിക്കാന്‍ ഭാര്യ സുലോചനയോടൊപ്പം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ എത്തിയതായിരുന്നു. ഒപി ടിക്കറ്റിനായി ഏറെ നേരം വരി നിന്ന് നാരായണന്‍ വരിയില്‍ കുഴഞ്ഞു വീഴുകയും അല്‍പ സമയത്തിനകം മരിക്കുകയുമായിരുന്നു.
ഒപി ടിക്കറ്റ് എടുക്കാതെ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ ഇവരെ ആശുപത്രി ജീവനക്കാര്‍ ടിക്കറ്റ് എടുത്ത് വരാന്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു എന്നാരോപിച്ച് ഒരു സംഘം ആശുപത്രിയില്‍ ബഹളം വെച്ചു. ഇതിനിടയില്‍ചിലര്‍ ആശുപത്രി ഓഫീസ് കെട്ടിടത്തിന്റെ താഴെ നിലയിലെ ജനല്‍ചില്ല് അടിച്ചു തകര്‍ത്തു.
കുഴഞ്ഞു വീണയാളെ കൊണ്ട് പോകാന്‍ വീല്‍ചെയര്‍ ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ എത്തിച്ചുകൊടുത്തില്ലെന്നും ആളുകള്‍ ആരോപിച്ചു. വിവരം അറിഞ്ഞെത്തിയ തിരൂരങ്ങാടി പോലീസാണ് രംഗം ശാന്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് കസ്റ്റ്ഡിയിലെടുത്തതായി അറിയുന്നു.
അതേ സമയം അത്യാഹിത രോഗികളെ ഒപി ടിക്കറ്റ് എടുക്കാതെ തന്നെ പരിശോധിക്കുകയും ചികിത്സ നല്‍കുകയും ചെയ്യാറുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ സരള നായര്‍ പറഞ്ഞു.മരിച്ച നാരായണന്റെ മൃതദേഹം പിന്നീട് ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടു പോയി. മക്കള്‍ ബബീഷ്, സുഭീഷ്, സജീഷ്.
English Summery
Youth fell down and dead in hospital
Post a Comment