ആയുര്‍വേദത്തിലൂടെ രോഗപ്രതിരോധം

മലപ്പുറം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ആയുര്‍വേദത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ലളിതമായ വീടുകളില്‍ തന്നെ ചെയ്യാവുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ശോഭന അറിയിച്ചു. രോഗപ്രതിരോധത്തിനായി ഡോ.സി.വി.സത്യനാഥന്‍ കണ്‍വീനറായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചിട്ടുണ്ട്.

ശീലിക്കേണ്ട ആഹാരങ്ങള്‍ - ദഹിക്കാന്‍ എളുപ്പമുള്ളവ-പുളി, ഉപ്പ് രസമുള്ള ചൂടുള്ള ആഹാരം, ഏറ്റവും പുതിയതല്ലാത്ത ധാന്യങ്ങള്‍ കൊണ്ടുള്ള ആഹാരം - ഗോതമ്പും ചെറുപയറും കൊണ്ടുള്ള ഭക്ഷണം ശീലിക്കണം. ചെറുപയര്‍, മാംസം എന്നിവ കൊണ്ടുള്ള സൂപ്പ്, തുളസിയില, മുത്തങ്ങ, ചുക്ക്, പര്‍പ്പടക പുല്ല്, രാമച്ചം, ഇരുവേലി, കൊത്തമല്ലി എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളവും ചിറ്റമുത്, കടുക്ക, ചുക്ക് 6:4:2 അനുപാതത്തില്‍ വെള്ളം തിളപ്പിച്ചു കഴിക്കുന്നതും നല്ലതാണ്. മുന്തിരി കഴിക്കാം. അമൃതാരിഷ്ടം, വില്വാദി ഗുളിക എന്നിവ പനിക്കും പ്രതിരോധത്തിനും ഉപയോഗിക്കാം.
ഒഴിവാക്കേണ്ട ആഹാരങ്ങള്‍-പച്ച വെള്ളം, ഏറ്റവും പുതിയ നെയ്യ്.ശീലിക്കേണ്ടത്- പാദരക്ഷ ധരിക്കണം. മഴ നനയാതിരിക്കാന്‍ കുട ഉപയോഗിക്കണം. എണ്ണ തേച്ചു ചൂടുവെള്ളത്തില്‍ കുളിക്കണം. ശുചിയുള്ള ചൂടാക്കിയ വസ്ത്രങ്ങള്‍ ഉപയോഗിക്കണം ഒഴിവാക്കേണ്ടത്-പകലുറക്കം, അമിതാധ്വാനം, മഴ നനയല്‍, നനഞ്ഞ വസ്ത്രങ്ങള്‍.
പനിയുള്ളപ്പോള്‍ കഴിക്കാവുന്ന ആഹാരം-എളുപ്പം ദഹിക്കുന്ന കഞ്ഞി, ചെറുപയര്‍, മുതിര സൂപ്പ്, കാരറ്റ്, കോവല്‍, പടവലം, പാവയ്ക്ക, മുരിങ്ങക്കായ, അമര, ബ്രഡ്. കുടിവെള്ളം-ചുക്ക്, തിപ്പലി, കൊത്തമല്ലി, തുളസിയില, മുത്തങ്ങ, പര്‍പ്പടകപുല്ല് ഇട്ട് തിളപ്പിച്ച വെളളം, ചുക്കുകാപ്പി-ശര്‍ക്കര, ചുക്ക്, ജീരകം ഏലക്കായ, തുളസിയില ഇവയിട്ട് തിളപ്പിച്ച കാപ്പി. ഔഷധം - ചിറ്റമൃത്, കടുക്ക, ചുക്ക് 6:4:2 അനുപാതത്തില്‍ വെള്ളം തിളപ്പിച്ച് കുടിക്കുക. മുത്തങ്ങ, ചുക്ക്, ഇരിവേലി, പര്‍പ്പടകപുല്ല്, രാമച്ചം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. കഷായം-പര്‍പ്പടകപുല്ല്, മുത്തങ്ങ, ചിറ്റമൃത്, ചുക്ക്, പുത്തരിയുണ്ടവേര് എന്നിവ കൊണ്ടുണ്ടാക്കിയ കഷായം കഴിക്കാം. വില്വാദി ഗുളിക, സുദര്‍ശനം ഗുളിക കഴിക്കാം.
മഞ്ഞപ്പിത്തം - ഗൃഹൗഷധങ്ങള്‍-കീഴാര്‍നെല്ലി സമൂലം അരച്ചു ഇളനീര്‍ വെള്ളത്തിലോ പാലിലോ രാവിലെ കഴിക്കുക. ആവണക്കിന്‍ തളിരും ജീരകവും അരച്ച് രാവിലെ കഴിക്കുക. ആടലോടകത്തിന്റെ നീരില്‍ തേനും ചേര്‍ത്ത് രാവിലെ കഴിക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. എളുപ്പം ദഹിക്കാവുന്ന ഭക്ഷണം മാത്രം കഴിക്കുക. ചര്‍ദ്ദിയുള്ളപ്പോള്‍ മലര്‍ ഇട്ടു തിളപ്പിച്ച വെള്ളം പഞ്ചസാരയിട്ടു കുടിക്കുക. വ്യക്തി-പരിസര ശുചിത്വം പാലിക്കണം. വയറിളക്കത്തിന് തേനും ചെറുനാരങ്ങാനീരും സമം ചേര്‍ത്തു പ്രായത്തിനനുസരിച്ചു മാത്ര (ഡോസ്) കൂട്ടി കഴിക്കാം. ഉറുമാമ്പാഴത്തോടും അയമോദകവും തിളപ്പിച്ചു കഴിക്കാം.
കൊതുക് നശീകരണത്തിന്-വെളുത്തുള്ളി തൊലി, മഞ്ഞള്‍, കടുക്, ഇന്തുപ്പ് (കല്ലുപ്പ്), വേപ്പില, ശീമകൊന്നയില, അകില്, ചെഞ്ചല്ലം, കുന്തിരിക്കം, വയമ്പ് എന്നിവ ഒറ്റക്കോ രണ്ടോ മൂന്നോ, എല്ലാം കൂട്ടിയോ പുകയ്ക്കാം. കൊതുക് ലാര്‍വകളെ നശിപ്പിക്കാന്‍ കൊതുക് വളരാന്‍ സാധ്യതയുള്ള അഴുക്കു വെള്ളം കെട്ടി നില്ക്കുന്നിടത്ത് വേപ്പെണ്ണ ഒഴിക്കുക, പുകയില കഷായം തളിക്കുക.

English Summery
Resistance power through Ayurveda 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post