പി.കെ.വാര്യര്‍ മഹത്തായ പാരമ്പര്യത്തിന്റെ ഉടമ: ഡോ.എന്‍.രാധാകൃഷ്ണന്‍

മലപ്പുറം: മഹത്തായ പാരമ്പര്യത്തിന്റെ ഉടമയാണ് പത്മശ്രീ ഡോ.പി.കെ.വാര്യരെന്ന് അന്തര്‍ സംസ്ഥാന ഗാന്ധി പീസ് യാത്രയുടെ ക്യാപ്റ്റന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പത്മശ്രീ ഡോ.പി.കെ.വാര്യരെ കോട്ടയ്ക്കലിലെ കൈലാസ മന്ദിരത്തിലെത്തി ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനയാത്രയുടെ ഉദ്ദേശ്യം മഹത്തായ പാരമ്പര്യത്തെ അറിയുകയും പ്രചരിപ്പിക്കുകയും ആചാര്യന്മാരെകണ്ട് വന്ദിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷഭരിതമായ കാലഘട്ടത്തില്‍ വന്ദിക്കേണ്ടവരെ വന്ദിച്ചുകൊണ്ട് അവരുടെ അഭിപ്രായങ്ങള്‍ ആരായേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാധാന യാത്രസംഘത്തിലുള്ള അഞ്ചു സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഡോ.പി.കെ.വാര്യരെ ഷാള്‍ അണിയിച്ച് ആദരിച്ചു. എന്‍. നാണുക്കുട്ടന്‍ നായര്‍, ജി.സദാനന്ദന്‍, എന്‍.സി.പിള്ള, ഗോപാലകൃഷ്ണന്‍ നായര്‍, എസ്.സരോജിനി ദേവി തുടങ്ങി 55ഓളം അംഗങ്ങളും കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല ജനറല്‍ മാനേജര്‍ കെ.എസ്.മണി, പി.രാഘവവാര്യര്‍, ഡോ.കെ.മുരളീധരന്‍, കെ.വി.രാമചന്ദ്രന്‍, ഡോ.എം.ആര്‍.രാഘവവാര്യര്‍, കെ.വിജയന്‍വാര്യര്‍, സുഭദ്രാരാമചന്ദ്രന്‍, ടി.വി.രാജഗോപാലന്‍, കെ.ആര്‍.കെ.തൃപ്പലങ്ങോട്,അസി. എഡിറ്റര്‍.വി.ആര്‍.സന്തോഷ്, നെഹ്രുയുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റര്‍ എം.അനില്‍കുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.
കേരളഗാന്ധി സ്മാരകനിധി, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, നെഹ്രു യുവകേന്ദ്ര, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ്, ഗാന്ധി സ്മൃതി ദര്‍ശന്‍ സമിതി, മാധവി മന്ദിരം ലോക സേവാ ട്രസ്റ്റ്, കേരള ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി, ഭാരത് സോക്കാഗാഎക്ക, ഏകതാപരിഷത്ത്, നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ കമ്യൂണല്‍ ഹാര്‍മണി, തമിഴ്‌നാട് ഹരിജന്‍ സേവക് സംഘം, ഗാന്ധി പീസ് ഫൗണ്ടേഷന്‍ കേന്ദ്രങ്ങള്‍, ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ് (സ്വദേശി) തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് പി.കെ.വാര്യരെ ആദരിച്ചത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post