കാളികാവില്‍ മോഷണ പരമ്പര: വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും, 80,000 രൂപയും കവര്‍ന്നു

കാളികാവ്: കുറുപൊയില്‍, പാമ്പുകടിയന്‍മുക്ക്(ആര്‍പൊയില്‍), വെന്തോടന്‍പടി എന്നിവിടങ്ങളിലായി മൂന്നിടങ്ങളില്‍ മോഷണം നടന്നു. ശനിയാഴ്ച രാത്രിയാണ് മോഷണ പരമ്പര നടന്നത്.  തണ്ടുകോട് കുറുപൊയിലിലെ തെക്കേടത്ത് കരിപ്പായി സുലൈമാന്‍ എന്നയാളുടെ വീട് കുത്തിത്തുറന്ന് രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും, 80,000 രൂപയും കവര്‍ന്നു. വീടിന്റെ പിറക് വശത്തുള്ള വിറകിന്റെ കൂനയുടെ മുകളില്‍ കയറി വീടിന്റെ മുകളിലെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കടന്നത്. വീടിനുള്ളില്‍ ആകെ തിരച്ചില്‍ നടത്തിയ നിലയിലാണ്. അലമാരകളും, മേശകളും എല്ലാം വാരി വലിച്ചിട്ടുണ്ട്. സുലൈമാനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ നിലമ്പൂരിലെ ഭാര്യ വീട്ടില്‍ പോയിരുന്നു. ഞായറാഴ്ച രാവിലെ ബന്ധുകൂടിയായ അയല്‍വാസി അടുക്കളവാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് വിവരം അറിക്കുകയായിരുന്നു. തൊട്ടടുത്ത പ്രദേശമായ ആര്‍പൊയിലില്‍ പരുത്തിക്കുന്നന്‍ സുനീസ് എന്നയാളുടെ പലചരക്ക് കടയും ശനിയാഴ്ച രാത്രി കുത്തി തുറന്നു. ഷട്ടറിട്ട രണ്ട് റൂമുകളുള്ള കട കുത്തി തുറന്ന് മേശയിലുണ്ടായിരുന്ന കണക്ക് പുസ്തകവും മറ്റും വലിച്ചിട്ടിട്ടുണ്ട്. രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമുള്ള വെന്തോടംപടിയിലെ ചുണ്ടിയന്‍ മൂച്ചി അബ്ദുര്‍റഊഫ് എന്നയാളുടെ ബൈക്കും മോഷണം പോയി. ഞായറാഴ്ച രാത്രി 11.30 വരേ വീട്ടില്‍ ബൈക്ക് ഉണ്ടായിരുന്നതായും രാവിലെയാണ് ബൈക്ക് മോഷണം പോയത് അറിഞ്ഞതെന്നും റഊഫിന്റെ സഹോദരന്‍ ത്വല്‍ഹത്ത് പറഞ്ഞു. വണ്ടൂര്‍ സി ഐ മൂസ വള്ളിക്കാടന്‍, കാളികാവ് എസ് ഐ. പി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും, കോഴിക്കോടില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു. ഞായറാഴ്ച മേഖലയില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ബൈക്ക് വാണിയമ്പലം പൂങ്ങോട് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم