മഞ്ചേരി: ബംഗാളില്‍ നിന്നും ജോലി തേടി മഞ്ചേരിയിലെത്തിയ അക്ബറലിയുടെ ഭാര്യ ഉത്തര്‍പ്രദേശ് സ്വദേശിനി ദില്‍സാദിയ (35) ഇരു വൃക്കകളും തകരാറിലായി സുമനസുകളുടെ കാരുണ്യം തേടുന്നു. ഒന്നര വയസ്സുള്ള കുട്ടിയുടെ മാതാവായ ദില്‍സാദിയക്ക് പ്രസവത്തോടെയാണ് രോഗം ബാധിച്ചത്. ചെരിപ്പുണ്ടാക്കി കടകളില്‍ വിറ്റ് ഉപജീവനം നടത്തി വരികയായിരുന്ന അക്ബറലി ഭാര്യയുടെ അസുഖം മൂലം വിധിക്കു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്യാനാണ് ഡോക്ടറുടെ നിര്‍ദ്ദേശമെങ്കിലും സാമ്പത്തികം അനുവദിക്കുന്നില്ല. ഭാര്യക്ക് വൃക്ക ദാനം ചെയ്യാന്‍ അക്ബറലി തയ്യാറാണെങ്കിലും ഇതിനു വരുന്ന ഭാരിച്ച ചെലവിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്ന് ഇയാള്‍ പറയുന്നു. മേലാക്കത്ത് വാടക വീട്ടില്‍ താമസിച്ചു വരുന്ന ഇവര്‍ക്ക് നാട്ടില്‍ പോകാനുമാകുന്നില്ല. കാരണം നാട്ടില്‍ ഇവരുടെ താമസ സ്ഥലത്തു നിന്നും 20 കിലോമീറ്ററെങ്കിലും യാത്ര ചെയ്താലേ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെങ്കിലും എത്താനാകൂ. ദമ്പതികളുടെ ദയനീയ സ്ഥിതി ശ്രദ്ധയില്‍ പെട്ട മേലാക്കം ഒരു കൈ സഹായം ഹെല്‍ത്ത് കെയര്‍ സെന്റര്‍ പ്രവര്‍ത്തകര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ചു. ഇവരുടെ പേരില്‍ ഇന്‍ഡ്യന്‍ ബാങ്ക് മഞ്ചേരി ശാഖയില്‍ 6039835364 എന്ന നമ്പരില്‍ എസ് ബി എക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ ഡോ. സി വി സത്യനാഥന്‍, കെ രാധാകൃഷ്ണന്‍, പി പി ദാമോദരന്‍, പി വി ഉമ്മര്‍, അബ്ദുല്‍ സലാം എന്നിവര്‍ അറിയിച്ചു.
Keywords:Malappuram, Manjeri,Kidney patient
Post a Comment