പുര പദ്ധതി സ്ഥലം ഏറ്റെടുക്കാന്‍ 35 ലക്ഷം; പഞ്ചായത്ത് യോഗത്തില്‍ ബഹളം

തിരൂരങ്ങാടി: പഞ്ചായത്തില്‍ പുര പദ്ധതി പ്രകാരം നിര്‍മിക്കുന്ന ബസ്  ടെര്‍മിനലിന് സ്ഥലം അക്വയര്‍ ചെയ്യുന്നത് സംബന്ധിച്ച് പഞ്ചായത്ത് ബോര്‍ഡ്
യോഗത്തില്‍ ബഹളം. നവരക്കായ പാടത്തെ സ്ഥലം അക്വയര്‍ ചെയ്യുന്നതിനെചൊല്ലിയാണ്‌ കോണ്‍ഗ്രസ്-ലീഗ് അംഗങ്ങള്‍ തമ്മില്‍ ഏറെ നേരം ബഹളമുണ്ടായത്. അവസാനം വോട്ടെടുപ്പിനിട്ടു. പത്ത് അംഗങ്ങളുടെ എതിര്‍പ്പോടെ 13 പേര്‍ അനുകൂലമായി വോട്ടു ചെയ്തു പാസാക്കി.

നവരക്കായ പാടത്തെ നാല് സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് പഞ്ചായത്ത്
35ലക്ഷം രൂപ വകയിരുത്തി. അതേസമയം വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ ഇത്
ജനകീയ പ്രശ്‌നമായതിനാല്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കണമെന്ന്
കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നവരക്കായ പാടത്ത് ബസ് ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിവിധ സംഘടനകളില്‍
നിന്നും വ്യക്തികളില്‍ നിന്നും പരാതി സ്വീകരിച്ചതിനാല്‍ സമവായത്തിലൂടെ
മാത്രമേ ഇത് അംഗീകരിക്കാന്‍ പാടുള്ളൂ എന്ന ആവശ്യം പ്രസിഡന്റ്
അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് ഏറെ നേരം വാഗ്വാദം കയ്യാങ്കളിയുടെ
വക്കോളം എത്തിയത്. തുടര്‍ന്ന് വോട്ടെടുപ്പിനിടുകയായിരുന്നു. 

കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്ക് പുറമെ ഏക ഇടത് അംഗവും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇവര്‍ വിയോജനക്കുറിപ്പ് നല്‍കി. തിരൂരങ്ങാടി പഞ്ചായത്തില്‍ മുസ്ലിംലീഗും കോണ്‍ഗ്രസും വഴി പിരിയാനും
കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കാനും കാരണമായത് ബസ് ടെര്‍മിനല്‍ പ്രശ്‌നമാണ്. അതിനിടെ ബോര്‍ഡ് യോഗം നടക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ്, എല്‍ഡിഎഫ്, ഐഎന്‍എല്‍, ബിജെപി, പിഡിപി, പാടശേഖരസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയ സംഘടനകളുടെ
നേതൃത്വത്തിലുള്ള ജനകീയ സമിതി ഭാരവാഹികള്‍ പഞ്ചായത്തിന് നിവേദനം നല്‍കി. നവരക്കായ പാടത്ത് വയല്‍ നികത്തി ബസ് ടെര്‍മിനല്‍ പണിയരുതെന്നും പഞ്ചായത്തും ഇന്‍കെല്‍ അധികൃതരും കൂടിയുണ്ടാക്കിയ വ്യവസ്ഥകള്‍ സുതാര്യമാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

English Summery 
Dispute in Panjayath meet

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post