മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം: രാജകീയ വരവേല്‍പ്പിന് മഞ്ചേരി ഒരുങ്ങി

മഞ്ചേരി: മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന് വിത്തിട്ട മണ്ണില്‍ മുന്‍കാല നേതാക്കളുടെ ത്യാഗ സ്മരണകളുടെ നിറവില്‍ നടക്കുന്ന മലപ്പുറം ജില്ല മുസ്‌ലിംലീഗ് സമ്മേളനത്തിന് രാജകീയ വരവേല്‍പ് നല്‍കാന്‍ മഞ്ചേരി നഗരം ഒരുങ്ങി. പ്രവര്‍ത്തകരില്‍ ആവേശം വിതറാനും പാര്‍ട്ടി ചലനങ്ങള്‍ക്ക് കരുത്ത് പകരാനും പാര്‍ട്ടിയുടെ ജനക്ഷേമ സന്ദേശങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനുമായി ഏപ്രില്‍ 21ന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനമാണ് മെയ് 5ന് മഞ്ചേരിയില്‍ നടക്കുന്നത്. ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരങ്ങളെ സ്വീകരിക്കാന്‍ ഏറനാടിന്റെ തലസ്ഥാനനഗരിയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

ഒരു മാസം മുമ്പേ ആരംഭിച്ച പ്രചരണപരിപാടികളും വാര്‍ഡ് കണ്‍വെന്‍ഷനുകളും പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡ് കണ്‍വെന്‍ഷനും ഗ്രീന്‍ഗാര്‍ഡ് പരേഡ് പരിശീലനവും പൂര്‍ത്തിയായി. വാഹനജാഥ, പദയാത്ര, ബൈക്ക് റാലി, കുടുംബസംഗമം, ഗൃഹസന്ദര്‍ശനം തുടങ്ങി ജനമനസ്സുകളില്‍ സമ്മേളന സന്ദേശം നല്‍കാന്‍ അഭൂതപൂര്‍വമായ ആവേശമാണ് പ്രവര്‍ത്തകര്‍ കാണിച്ചത്. പഞ്ചായത്ത്-മണ്ഡലം കമ്മിറ്റികള്‍ പ്രത്യേക കണ്‍വെന്‍ഷനുകള്‍ വിളിച്ച് സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി.

കാല്‍ ലക്ഷത്തോളം വളണ്ടിയര്‍മാര്‍ പങ്കെടുക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡ് മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്. പാണ്ടിക്കാട് റോഡിലെ കെ.എം.എച്ച് ആസ്പത്രി പരിസരം, നിലമ്പൂര്‍ റോഡിലെ ചെരണി, കോഴിക്കോട് റോഡിലെ തുറക്കല്‍ എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പരേഡ് മേലാക്കം ജംഗ്ഷനില്‍ സംഗമിച്ച് നഗരം വഴി സമ്മേളന നഗരിയിലെത്തും. ഗ്രീന്‍ഗാര്‍ഡ് പരേഡ് അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കാനും മാര്‍ച്ച് ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തുന്നതിനും വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

സമ്മേളന പ്രചരണത്തിന്റെ ഭാഗമായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ള വിതരണം പോലുള്ള ജീവകാരുണ്യ പദ്ധതികളും സമ്മേളന സന്ദേശം വിളംബരം ചെയ്യുന്ന ഹരിതവര്‍ണത്തിലുള്ള വെയ്റ്റിംഗ് ഷെഡുകള്‍, കമാനങ്ങള്‍, ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍ തുടങ്ങിയവയും വ്യാപകമായി. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം സമ്മേളന സന്ദേശം മുഴക്കുന്ന ഗെയ്റ്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍കാല നേതാക്കളുടെ പേരില്‍ മുസ്‌ലിംലീഗും പോഷക ഘടകങ്ങളുമാണ് ഗെയ്റ്റ് സ്ഥാപിച്ചിട്ടുള്ളത്.

കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ പേരില്‍ മുന്‍സിപ്പല്‍ മുസ്‌ലിംലീഗും ബാപ്പു കുരിക്കളുടെ പേരില്‍ മുന്‍സിപ്പല്‍ യൂത്ത്‌ലീഗും ഹസന്‍കുട്ടി കുരിക്കളുടെ പേരില്‍ മുന്‍സിപ്പല്‍ എം.എസ്.എഫും ഓവുങ്ങല്‍ ആലിഹാജിയുടെ പേരില്‍ മുന്‍സിപ്പല്‍ പ്രവാസി ലീഗും അബ്ദുല്ലക്കുട്ടി കുരിക്കളുടെ പേരില്‍ കെ.എം.സി.സി ജിദ്ദ മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും കുഞ്ഞാപ്പു കുരിക്കളുടെ പേരില്‍ കെ.എം.സി.സി ഷറഫിയ്യ ജിദ്ദ മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും പാലായി അബൂബക്കറിന്റെ പേരില്‍ കെ.എം.സി.സി റിയാദ് മഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയും എം മഹ്മൂദ് എന്ന ബാപ്പുട്ടിയുടെ പേരില്‍ കെ.എം.സി.സി അല്‍ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റിയും വല്ലാഞ്ചിറ ഖാദറിന്റെ പേരില്‍ അര്‍ബന്‍ ബാങ്ക് എംപ്ലോയീസ് ഓര്‍ഗനൈസേഷനും വല്ലാഞ്ചിറ റഷീദിന്റെ പേരില്‍ ടാക്‌സി & കോണ്‍ട്രാക്ട് ഗാരേജ് വര്‍ക്കേഴ്‌സ് ഫെഡറേഷ (എസ്.ടിയു)നും കൊടക്കാടന്‍ മുഹമ്മദിന്റെ പേരില്‍ മുന്‍സിപ്പല്‍ കണ്ടിജന്റ് വര്‍ക്കേഴ്‌സ് ഫെഡറേഷ (എസ്.ടിയു)നും അഡ്വ. കെ.പി മുഹമ്മദിന്റെ പേരില്‍ കേരള ലോയേഴ്‌സ് ഫോറം മലപ്പുറം ജില്ല കമ്മിറ്റിയും തുറക്കല്‍ ബാപ്പുട്ടി, കെ കുഞ്ഞിമുഹമ്മദ്, വല്ലാഞ്ചിറ ഉമ്മര്‍ എന്നിവരുടെ പേരില്‍ മുന്‍സിപ്പല്‍ ചുമട്ടു തൊഴിലാളി യൂനിയനുമാണ് ഗെയ്റ്റുകള്‍ സ്ഥാപിച്ചത്.
ഗരിയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍


മഞ്ചേരി: സമ്മേളന നഗരിയിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. വെള്ളിയാഴ്ച നടക്കുന്ന പതാകജാഥയെ സ്വീകരിക്കാനുള്ള കൊടിമരങ്ങള്‍ പൂര്‍ണമായും നാട്ടിക്കഴിഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന 64 പതാകകളും കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നെത്തുന്ന പതാകയും സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നഗരിയില്‍ പൂര്‍ത്തിയായി.

ഏകദേശം മൂവായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് സ്റ്റേജ് ഒരുക്കിയിട്ടുള്ളത്. അറേബ്യന്‍ കലാരൂപത്തെ ഓര്‍മിപ്പിക്കുംവിധത്തിലാണ് സ്റ്റേജിലെ കമാനങ്ങള്‍. അത്യാകര്‍ഷണീയ മാതൃകയിലുള്ള പെയിന്റിംഗുകളും ആര്‍ട്‌വര്‍ക്കുകളും ഇതിനെ സവിശേഷതയാണ്. സ്റ്റേജിനു മുമ്പില്‍ മീഡിയഗാലറിയും തൊട്ടുപിറകില്‍ ഗ്രീന്‍ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കുള്ള ഇരിപ്പിടവുമാണ് ഒരുക്കുന്നത്.

സ്റ്റേജിന്റെ പടിഞ്ഞാറു ഭാഗത്ത് 13 അടി ഉയരവും 8 അടി വീതിയുമുള്ള ഒരു എല്‍.ഇ.ഡി സ്‌ക്രീന്‍ സ്ഥാപിക്കും. ആറ് കാമറകളിലൂടെ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങള്‍ പൊതുജനങ്ങളിലേക്ക് പകരാന്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി എട്ടോളം സ്‌ക്രീനുകള്‍ സ്ഥാപിക്കും. മഞ്ചേരി ടൗണ്‍, ജനറല്‍ ആസ്പത്രി പരിസരം, പ്രധാന ജംഗ്ഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും.

പകല്‍, രാത്രി ഭേദമന്യെ നൂറോളം തൊഴിലാളികളുടെ പരിശ്രമമാണ് നഗരിയെ സുന്ദരമാക്കുന്നത്. അരീക്കോട് സ്വദേശി ഷാഹിദിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. ഷാഹിദിന്റെ സഹോദരന്‍ നസീമിന്റെ ഡിസൈനിലാണ് ശിഹാബ് തങ്ങള്‍ നഗര്‍ ഒരുങ്ങുന്നത്.

Keywords: Conference, IUML, Muslim League, Manjeri, Malappuram, Politics, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم