വൃക്ക രോഗികളെ സഹായിക്കാന്‍ വിഭവസമാഹരണം; ഉദ്ഘാടനം 25ന്

മലപ്പുറം: വൃക്കരോഗികളെ സഹായിക്കാനായി ജില്ലാ പഞ്ചായത്ത് തുടങ്ങുന്ന വിഭവസമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മെയ് 25ന് മൂന്ന് മണിക്ക് മലപ്പുറം മുന്‍സിപ്പല്‍ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ആദ്യ സംഭാവന നല്‍കും. മന്ത്രി മഞ്ഞളാംകുഴി അലി സംഭാവന സ്വീകരിച്ച് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഡോക്യൂമെന്ററി പ്രകാശനം മന്ത്രി എ പി അനില്‍കുമാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് പ്രദര്‍ശനവും നടക്കും. ബോധവത്കരണ ക്യാമ്പയിന്‍ ഇടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്ററി സംവിധായകന്‍ സുരേഷ് ഇരിങ്ങല്ലൂരിന് പി ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കും. ജില്ലാ കലക്ടര്‍ എം സി മേഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും. ജൂണ്‍ 15ന് ക്യാമ്പയിന്റെ ജില്ലാതല സമാപനം നടക്കും.
മഞ്ചേരി ജനറല്‍ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി മൂന്ന് കോടി രൂപ സമാഹരിക്കും. ആറ് മാസത്തിനുള്ളില്‍ സെന്റര്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. വിഭവ സമാഹരണ ഉദ്ഘാടനത്തോടനുബന്ധിച്ച് കിഡ്‌നി ദാനം ചെയ്യാന്‍ തയാറായി എത്തിയ ആളുകളുടെ പേരുകള്‍ പ്രഖ്യാപിക്കും. ബാധവത്കരണ ക്യാമ്പയിന്‍, 10 ലക്ഷം ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, രോഗ നിര്‍ണയ ക്യാമ്പ് എന്നിവയും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ സക്കീന പുല്‍പാടന്‍, വി സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English Summery
Fund for kidney patients: Inauguration on 25th 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post