ചാലിയാര്‍പ്പുഴയില്‍ കുളിക്കാനിറങ്ങിയ 5 കുട്ടികള്‍ മുങ്ങിമരിച്ചു

നിലമ്പൂര്‍: ചാലിയാര്‍ പുഴയിലെ മൊടവണ്ണ അമ്പലക്കടവില്‍ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികള്‍ മുങ്ങിമരിച്ചു. വയനാട് വാഴവറ്റം കാരാപ്പുഴ വഴുതക്കാട്ടില്‍ സാലി എന്ന മാത്യു-ഓത്തായത്ത് ഫിലോമിന ദമ്പതികളുടെ മക്കളായ ജിനുമാത്യൂ(15), ജയ്‌നി മാത്യൂ(11), നിലമ്പൂര്‍ മണ്ണുപ്പാടം അത്തിക്കാടിലെ വേങ്ങാട്ടില്‍ വിനു.ജി. ജോര്‍ജ്ജ്, ഓത്തായത്ത് ലിസ ദമ്പതികളുടെ മക്കളായ അലീന(13), ഇരട്ടകളായ അമല്‍ (10), അജയ്(10) എന്നിവരാണ് മരിച്ചത്.
 ഇന്നലെ വൈകീട്ട് 3.30ഓടെയോടെയാണ് സംഭവം. ലിസയുടെ സഹോദരിയായ ഫിലോമിനയും രണ്ടുമക്കളും വിരുന്നിനെത്തിയതായിരുന്നു. ഫിലോമിനയോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. കുളിക്കുന്നതിനിടെ അമല്‍ കയത്തില്‍പ്പെടുകയായിരുന്നു. ഇത് കണ്ടതോടെ നീന്തലിറയാത്ത ഫിലോമിന കുട്ടിയെ രക്ഷിക്കാനായി പുഴയിലേക്ക് ചാടി. ഫിലോമിന ചാടിയതോടെ അലമുറയിട്ട മറ്റുള്ള കുട്ടികളും പുഴയിലേക്ക് എടുത്തു ചാടികയായിരുന്നു. വെള്ളത്തില്‍ നിന്നും അമലിനെയുമെടുത്ത് ഫിലോമിന തിരികെ വന്നപ്പോള്‍ മറ്റുള്ള കുട്ടികളും മുങ്ങുന്നതായി കണ്ടു. നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് ഇവരെ മുങ്ങിയെടുത്തത്. ഉടന്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയനാട് മുട്ടില്‍ കാക്കവയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയണ് ജിനു. ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജയ്‌നി.
 നിലമ്പൂര്‍ മൈലാടി അമല്‍ സ്‌കൂളില്‍ പഠിക്കുന്ന അലീന എട്ടാംതരത്തിലും, ഇരട്ട സഹോദരങ്ങളായ അമലും അജയും ഇതേ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളുമാണ്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിയത്. ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസ്, വയനാട് എംപി എംഐ ഷാനവാസ്, ജില്ലാപൊലീസ് മേധാവി കെ സേതുരാമന്‍, ഡിവൈഎസ്പി കെപി വിജയ്കുമാര്‍, നാര്‍കോട്ടിക് ഡിവൈഎസ്പി വിക്രമന്‍, തഹസില്‍ദാര്‍ അബ്ദുല്‍സലാം, മുന്‍ എംപി പി വി അബ്ദുല്‍ വഹാബ്, നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയ നിരവധി ഉദേ്യാഗസ്ഥരും ജനപ്രതിനിധികളും ആശുപത്രിയിലെത്തി. 
മൃതദ്ദേഹങ്ങള്‍ വൈകീട്ട് 6.30ഓടെ അത്തിക്കാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോയി. 7മണിയോടെ അത്തിക്കാടിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചു. ജിനു, ജയ്‌നി എന്നിവരുടെ മൃതദ്ദേഹങ്ങള്‍ ഇന്ന് രാവിലെ 10ന് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലും, അലീന, അമല്‍, അജയ് എന്നിവരുടെ മൃതദ്ദേഹങ്ങള്‍ രാവിലെയോടെ നിലമ്പൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന ദേവലായത്തിലും ഇന്ന് സംസ്‌കരിക്കും. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഓരോ കുട്ടിക്കും 10000രൂപ വീതം അടിയന്തിര ധനസഹായം അനുവദിച്ചതായി ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസ് അറിയിച്ചു.

Keywords: Obituary, Chaliyar, River, Nilambur, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم