തേഞ്ഞിപ്പലം: പെരുവള്ളൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത രൂക്ഷമാവുന്നു. പ്രശ്‌ന പരിഹാരത്തിനായി ഡി സി സി അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. നിലവിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാതെ ഏകപക്ഷീയ പ്രവര്‍ത്തനം നടത്തുന്നതാണ് മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാവാന്‍ കാരണമെന്നും ഇതിന് പരിഹാരം കാണാന്‍ ഡി സി സി അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവുമായി മണ്ഡലത്തിലെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് ആവശ്യവുമായി ദിവസങ്ങള്‍ക്ക് മുമ്പ് മണ്ഡലം പ്രസിഡന്റ് മറ്റൊരു കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തതോടെ പാര്‍ട്ടിയിലെ ഭിന്നത മറനീക്കി പുറത്തു വരികയായിരുന്നു. ഇതോടെ നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി ഡി സി സിയുടെ സഹായം തേടിയിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റിനെതിരെയാണ് പ്രധാനമായും ആരോപണമുയര്‍ന്നിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ് മറ്റ് കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദേശം തേടാതെ അപക്വമായ തീരുമാനമെടുക്കുന്നുവെന്നതാണ് പ്രധാന ആരോപണം. മണ്ഡലത്തിലെ പ്രശ്‌നം എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നമല്ലെന്നും മണ്ഡലം പ്രസിഡന്റ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതിനാല്‍ ഡി സി സി ഉടന്‍ ഇടപെടണമെന്നും പ്രമുഖ കോണ്‍ഗ്രസ് നേതാവും പെരവള്ളൂര്‍ പതിനാറാം വാര്‍ഡ് മെമ്പറുമായ ചെമ്പന്‍ മൊയ്തീന്‍ കുട്ടി ഹാജി പറഞ്ഞു. വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ടയാളാണത്രെ മണ്ഡലം പ്രസിഡന്റ് കെ മുരളീധരനെ കോണ്‍ഗ്രസില്‍ എടുക്കുന്നതിന് അനുകൂലമായി പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നായിരുന്നു ഇതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് പ്രമുഖ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് നല്‍കിയതും വിവാദമായിരുന്നു. ഏറ്റവുമൊടുവില്‍ മുസ്‌ലിം ലീഗില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസിലെത്തിയ ചെമ്പന്‍ ലത്തീഫിനെ കോണ്‍ഗ്രസില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നം. ലത്തീഫിന് ഡി സി സി കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയിട്ടും ലത്തീഫിനെയും കൂടെ വന്നവരെയും അംഗീകരിക്കാന്‍ മണ്ഡലം പ്രസിഡന്റ് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ ബൂത്ത് പ്രതിനിധികളുടെയും മണ്ഡലം നിര്‍വഹണ സിമിതിയുടെയും യോഗം വിളിക്കാന്‍ മണ്‍ഡലം പ്രസിഡന്റിനോട് ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം ഇതിന് തയ്യാറായില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
English Summery
Demand to interfere DCC in congress groupism
Post a Comment