കസ്റ്റഡിയിലെടുത്ത ഗ്യാസ് സിലിന്‍ഡറുകള്‍ മഞ്ചേരി പോലീസിന് ഭീഷണിയാകുന്നു

മഞ്ചേരി: റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത പാചക വാതക സിലിന്‍ഡറുകള്‍ പോലീസുകാര്‍ക്ക് ഭീഷണിയാകുന്നു. ഒരു മാസം മുമ്പ് മഞ്ചേരി എന്‍എസ്എസ് കോളജ് പരിസരത്ത് നിന്ന് എസ്‌ഐ. എംഎസ് രാജീവും സംഘവും പിടിച്ചെടുത്ത നൂറില്‍ പരം ഗ്യാസ് സിലിന്‍ഡറുകള്‍ ഇപ്പോഴും സ്റ്റേഷനിലെ കാര്‍ ഷെഡില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ചെറുതും വലതുമായ സിലിന്‍ഡറുകളില്‍ ഗ്യാസ് നിറച്ചതും അല്ലാത്തവയുമുണ്ട്. ഇവയില്‍ ചില ഗ്യാസ് സിലിന്‍ഡറുകള്‍ ചോരുന്നത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
ഏതെങ്കിലും അംഗീകൃത ഗ്യാസ് ഏജന്‍സികളുടെ ഗോഡൗണിലേക്ക് ഇത് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, സിവില്‍ സപ്ലൈ ഓഫീസര്‍ എന്നിവര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
ഗ്യാസ് നിറക്കാനുള്ള റാഡ്, റബര്‍ ട്യൂബ്, റഗുലേറ്റര്‍ ഘടിപ്പച്ച പൈപ്പ്, ഐസ് ബോക്‌സ്, അനധികൃത വില്‍പ്പനക്കായി കടത്താന്‍ ഉപയോഗിച്ച ഓട്ടോ ഗുഡുസ് തുടങ്ങിയവയും പോലീസ് പിടികൂടിയിരുന്നു. എണ്ണ കമ്പനികള്‍ സബ്‌സിഡി നിരക്കില്‍ വീട്ടുകാര്‍ക്ക് പാചകാവശ്യാര്‍ഥം നല്‍കുന്ന സിലിന്‍ഡറുകള്‍ 500 രൂപ വരെ വില നല്‍കി കൈക്കലാക്കി ചെറു സിലിന്‍ഡറുകളിലാക്കി ലാഭം കൊയ്യുന്ന തട്ടിപ്പാണിത്.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാളെ മാത്രമാണ് പോലീസിന് പിടികൂടാനായത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടവരെയും യഥാര്‍ഥ തട്ടിപ്പുകാരെയും പിടികൂടാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഒരു പാചക വാതക സിലിന്‍ഡറില്‍ നിന്ന് മൂന്ന് ചെറിയ സിലിന്‍ഡറുകളിലേക്കുള്ള ഇന്ധനമുണ്ടാകും. ഈ വില്‍പ്പനയിലൂടെ 100 രൂപ ലാഭമുണ്ടാക്കുമെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസിന്റെ ഇടപെടലാണ് അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രം കണ്ടെത്താന്‍ സാധിച്ചത്.

English Summery
Ceased LPGs made threats to police

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post