തിരൂരങ്ങാടി: ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡ് കോട്ടുവലക്കാട് ഉപതെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് കനത്ത പരാജയം. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ചാത്തമ്പാടന്‍ അന്‍വര്‍ 206 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്‍വറിന് 754 വോട്ടും ലീഗ് സ്ഥാനാര്‍ഥി തിരുനിലത്ത് അന്‍വറിന് 548 വോട്ടും ലഭിച്ചു. സിപിഎം സ്ഥാനാര്‍ഥി കളത്തില്‍ വിനോദിന് 49ഉം ചപ്പങ്ങത്തില്‍ കുഞ്ഞിക്കമ്മുവിന് 14ഉം വോട്ട് ലഭിച്ചു.ഒമ്പത് വോട്ടുകള്‍ അസാധുവായി. ഒരു ബാലറ്റ് പേപ്പര്‍ കാണാനില്ല.കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് നും എല്‍ഡിഎഫിനുമെതിരെ സ്വതന്ത്രനായി മത്സരിച്ച ചാത്തമ്പാടന്‍ അന്‍വര്‍ വിജയിക്കുകയായിരുന്നു. എന്നാല്‍ പുര പദ്ധതി പ്രകാരം നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍ മമ്പുറം നവരക്കായ പാടത്ത് നിര്‍മിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇദ്ദേഹം മെമ്പര്‍ സ്ഥാനം രാജി വെക്കുകയായിരുന്നു. ബസ്റ്റാന്റ് പ്രശ്‌നത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നിലപാടിനെ എതിര്‍ത്തതിന്റെ പേരില്‍ പഞ്ചായത്തില്‍ ലീഗ്- കോണ്‍ഗ്രസ് ബന്ധം തകരുകയും കോണ്‍ഗ്രസിന്റെ വൈസ്പ്രസിഡന്റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കുകയും ചെയ്തു. മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്ക് യുഡിഎഫ്‌ലെ കോണ്‍ഗ്രസ് ഒഴിച്ചുള്ള എല്ലാ പാര്‍ട്ടികളുടേയും പിന്തുണയുണ്ടായിരുന്നു.മുസ്ലംലീഗിന്റെ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ ഇവിടെ തമ്പടിച്ച് പ്രചാരണത്തില്‍ മുഴുകിയിരുന്നു. എന്നിട്ടും തങ്ങളുടെ സ്ഥാനാര്‍ഥി പരാജയപ്പെടാനിടയായത് ലീഗിന് കനത്ത ആഘാതമായിട്ടുണ്ട്. വിജയിച്ച ചാത്തമ്പാടന്‍ അന്‍വറിന്റെ ആഹ്ലാദ പ്രകടനത്തില്‍ മുസ്ലിംലീഗിനെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നത്.ഡിസിസി ട്രഷറര്‍ എംഎന്‍ കുഞ്ഞിമുഹമ്മദ് ഹാജി, കെപി അബ്ദുല്‍ മജീദ് ഹാജി, എംഎന്‍ ഹുസൈന്‍, മോഹനന്‍ വെന്നിയൂര്‍, കെപി അബ്ദുല്‍ അസീസ്, വിപി അലി പങ്കെടുത്തു.ജനവിധി മാനിച്ച് ഭരണ സമിതി രാജി വെച്ച് തെരെഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാരാവണമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെപി മജീദ് ഹാജി ആവശ്യപ്പെട്ടു.
Keywords:By-election, Tirurangadi, Congress, win, Malappuram, Election, കേരള,
Post a Comment