കാലിക്കറ്റ് സര്‍വകലാശാല ഭൂമി വിവാദം: ലീഗിന്റെ മുഖം കെടുത്തുമോ?

ലബാറിന്റെ പ്രത്യേകിച്ച് മലപ്പുറത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് വേണ്ടിയാണ് കാലിക്കറ്റ് സര്‍വകലാശാല സ്ഥാപിച്ചത്. സര്‍വകലാശാല സ്ഥാപിക്കുന്നതിലും അതിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മുസ്‌ലിം ലീഗിന്റെ സാന്നിധ്യം വിസ്മരിക്കാനാവില്ല. എന്നാല്‍ ഈ അടുത്ത ദിവസങ്ങളിലായി പുറത്ത് വന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. അഞ്ചാം മന്ത്രിയുടെ പേരിലഉണ്ടായ കോലാഹലങ്ങള്‍ കെട്ടടങ്ങും മുമ്പെയാണ് ലീഗ് മറ്റൊരു വിവാദത്തിലേക്ക് ചാടി വീണത്.
മലബാറിന്റെ ഉന്നമനത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്ത മുസ്‌ലിം ലീഗ് അധികാരം ഉപയോഗിച്ച് എന്തു ചെയ്യുമെന്ന് തെളിയിക്കുന്നതാണ്. എന്നാല്‍ പറയുന്ന ആരോപണങ്ങളെല്ലാം മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ വേണ്ടി ചിലര്‍ മെനഞ്ഞുണ്ടാക്കിയതാണെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞത്. വി സിയേയും സിന്‍ഡിക്കേറ്റിനേയുംആര്‍ക്കും ഒറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒചു അവസരം കാത്തിരിക്കുന്നത് പോലെയാണ് സഖാക്കള്‍ ഇത് ഏറ്റെടുത്തിരിക്കുന്നത്. സി പി എമ്മിന്റെ മറ്റും ഇടത് സംഘടനകളുടേയും പാര്‍ട്ടി യോഗങ്ങലിലും പൊതു യോഗങ്ങളിലും പ്രധാന ചര്‍ച്ച ഇത് തന്നെ. സര്‍വകാലാശാലയുടെ ഗതകാല പ്രൗഢിക്കും പാരമ്പര്യത്തിനും ഏറ്റ കളങ്കം തന്നെയാണ് ഇപ്പോഴുയര്‍ന്ന ഭൂമി വിവാദം. അതിന്റെ സത്യാവസ്ഥ എന്താണെന്നു സംശയത്തിന്റെ കണിക പോലും അവശേഷിപ്പിക്കാതെ ബോധ്യപ്പെടുത്താന്‍ ഉചിതമായ ഒരു അന്വേഷണത്തിന് ഉത്തരവിടട്ടെ സര്‍ക്കാര്‍. ആരെങ്കിലും കുറ്റക്കാരാണെന്നു കണ്ടാല്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ തീര്‍ച്ചയായും ബാധ്യതയുണ്ട്.
VC dr. abdul salam
 സര്‍വകലാശാലയുടെ ഒരു സെന്റ് ഭൂമി പോലും ആര്‍ക്കും കൈമാറിയിട്ടില്ല എന്ന ന്യായം അംഗീകരിക്കാം. എന്നാല്‍, മൂന്നു സ്വകാര്യ ട്രസ്റ്റുകള്‍ക്കായി മുപ്പത്തെട്ട് ഏക്കര്‍ ഭൂമി ദാനം ചെയ്യാന്‍ തീരുമാനം കൈക്കൊണ്ട സിന്‍ഡിക്കെറ്റ് നടപടി ആരോപണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതും വിവാദമാകുന്നതും തികച്ചും സ്വാഭാവികം. 304 അഫിലിയേറ്റഡ് കോളെജുകളും 31 അംഗീകൃത ബിരുദാനന്തര ഡിപ്പാര്‍ട്ടുകളും അടങ്ങുന്ന അതിവിപുലമായ കാലിക്കറ്റ് സര്‍കലാശാലയ്ക്ക് അതിന്റെ ആസ്ഥാനത്ത് 600ലേറെ ഏക്കര്‍ ഭൂമിയുണ്ട്. അതില്‍ നിന്ന് 38 ഏക്കര്‍ സ്ഥലം കായിക വികസനത്തിനു വേണ്ടി മൂന്നു സ്വകാര്യ ട്രസ്റ്റുകള്‍ക്കു കൈമാറാനുള്ള സര്‍വകലാശാലാ സിന്‍ഡിക്കെറ്റ് തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇക്കാര്യം സര്‍ക്കാരോ തങ്ങളോ അറിഞ്ഞില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കുറ്റസമ്മതം നടത്തുമ്പോള്‍, ഭൂമിദാനം സര്‍വകലാശാലയുടെ ലക്ഷ്യമല്ലെന്നും കായിക വികസനത്തിനു ചില പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമാണു താന്‍ ചെയ്തതെന്നു വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം വിശദീകരിക്കുന്നു.
വൈസ് ചാന്‍സലര്‍ മുസ്ലിം ലീഗ് നോമിനിയാണെന്നതും ഭൂമിദാനത്തിനു തീരുമാനമെടുത്ത സിന്‍ഡിക്കെറ്റിലെ ഭൂരിപക്ഷവുംലീഗുകാരാണെന്നതുമാണ് ലീഗിനെ വെട്ടിലാക്കിയത്. വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നതും മുസ്ലിം ലീഗ് മന്ത്രി. ഇനി കേരള ഒളിംപിക്‌സ് അസോസിയേഷന്‍ കോഴിക്കോട് ശാഖയ്ക്കാണ് 25 ഏക്കര്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. മന്ത്രി ഡോ. എം.കെ. മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി.എ. ഹംസയാണ് അസോസിയേഷന്‍ സെക്രട്ടറി. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ ഗ്രേസ് എജ്യുക്കേഷന്‍ സൊസൈറ്റിക്കാണു 10 ഏക്കര്‍. അവശേഷിക്കുന്ന മൂന്നേക്കര്‍ നല്‍കാന്‍ തീരുമാനിച്ചത് കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍ത്തൃപിതാവ് ഡോ. കെ. കുഞ്ഞാലി മാനേജിംഗ് ട്രസ്റ്റിയായ കേരള ബാഡ്മിന്റന്‍ അസോസിയേഷനും. ചുരുക്കത്തില്‍ എല്ലാം ലീഗുകാര്‍.
വി എസ് സര്‍ക്കാരിന്റെ കാലത്ത് തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കെറ്റിനെ പിരിച്ചു വിട്ട് പുതിയ യു ഡി എഫ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങളുടെ സിന്‍ഡിക്കെറ്റാണിപ്പോള്‍ സര്‍വകലാശാലാ ഭരണം നടത്തുന്നത്. വികസനത്തിനു ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാലാണ് ഭൂമിദാനം ചെയ്തു നൂറു കോടിയുടെ ഗ്രീന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കാന്‍ കാരണമെന്ന വൈസ് ചാന്‍സലറുടെ വിശദീകരണം. തന്നെ വൈസ് ചാന്‍സലര്‍ പദവിയില്‍ അവരോധിക്കാന്‍ മുന്‍കൈയെടുത്ത ലീഗ് നേതൃത്വത്തോടും വിദ്യാഭ്യാസ മന്ത്രിയോടും ഒന്നും ഇക്കാര്യം പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
സര്‍വകലാശാലാ ഭരണം രാഷ്ട്രീയവത്കരിക്കപ്പെടുന്നതിന്റെ ദുരന്തങ്ങളാണ് ഇതെല്ലാം. കോഴിക്കോട് സര്‍വകലാശാലയില്‍ മാത്രമല്ല, മിക്ക സര്‍വകലാശാലകളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടഉണ്ട്. കേരള സര്‍വകലാശാലയില്‍ ഇടതു സിന്‍ഡിക്കെറ്റ് പ്രതിനിധികള്‍ ചേര്‍ന്ന് ഒരു എഴുത്തു പരീക്ഷ അപ്പാടെ അട്ടിമറിച്ച് സ്വന്തക്കാരെയും ബന്ധുക്കളെയും അസിസ്റ്റന്റ് ഗ്രേഡ് തസ്തികയില്‍ നിയമിച്ച സംഭവം ഹൈക്കോടതി ഇടപെട്ടു റദ്ദാക്കി. മതിയായ യോഗ്യതയില്ലാത്ത ഒരാളെ വൈസ് ചാന്‍സ്ലറാക്കാന്‍ ശ്രമിച്ചു എന്ന പേരുദോഷത്തോടെയാണു യുഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് സര്‍വകലാശാലയുടെ ഭരണം പിടിക്കാന്‍ ഇറങ്ങിത്തിരിച്ചതു തന്നെ. അതു വിവാദമായപ്പോള്‍ അദ്ദേഹത്തിനു പകരം ഡോ. അബ്ദുള്‍ സലാമിനെ വിസിയാക്കി ലീഗ് നേതൃത്വം മുഖം രക്ഷിക്കുകയായിരുന്നു.

- ഹന്ന സിതാര

Keywords: Article, Malabar, Calicut University, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم