ചൈനയിലെ പരമ്പരാഗത ചികിത്സ രീതി കേരളീയര്‍ക്ക് പ്രിയമേറുന്നു

മലപ്പുറം: ചൈനയില പരമ്പരാഗത ചികിത്സാ രീതിയായ അക്യുപങ്ച്വര്‍ കേരളീയര്‍ക്ക് പ്രിയമേറുന്നു. മരുന്നില്ലാത്ത ചികിത്സ എന്നുള്ളതാണ് ഈ ചികിത്സക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത്. 5000 വര്‍ഷം പഴക്കമുള്ള ഈ ചികിത്സ കേരളത്തില്‍ ഏകദേശം 30 വര്‍ഷം മുമ്പെ എത്തിയിരുന്നെങ്കിലും ഈ അടുത്താണ് വ്യാപകമായത്.
ശരീരഭാഗങ്ങളിലെ വേദനകളില്‍ നിന്നും ആശ്വാസം ലഭിക്കാനും ശസ്ത്രക്രിയക്ക് ശേഷമുണ്ടാകുന്ന ഛര്‍ദി, മനം പിരട്ടല്‍ പോലുള്ള അസ്വസ്ഥതകളില്‍ നിന്നും ആശ്വാസം ലഭിക്കാനാണ് അക്യുപങ്ച്വര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ആത്സമ, അലര്‍ജി, അപസ്മാരം, അള്‍സര്‍, തലവേദന, മുട്ടുവേദന, ഗ്യാസ്, ത്വക്ക് രേഗങ്ങള്‍, കഫശല്യം, നീര്, ഊരവേദന കൈക്കാല്‍ തരിപ്പ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഈ ചികിത്സാ ഉത്തമമാണെന്നാണ് അക്യുപങ്ചറിസ്റ്റുകള്‍ പറയുന്നത്.
പുരാതന ചൈനയില്‍ ഈ ചികില്‍സാരീതിയുടെ ഉപജ്ഞാതാവ് ആരാണെന്ന് വ്യക്തമല്ല. യുദ്ധങ്ങളില്‍ മുറിവേല്‍ക്കുന്ന ഭടന്മാര്‍ക്ക് വേദനയില്‍ നിന്നും ആശ്വാസം ലഭിക്കാനാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്. ബിയാന്‍ ഷി എന്നറിയപ്പെടുന്ന ഒരു തരം കൂര്‍ത്ത ശിലകളായിരുന്നു ആദ്യകാലത്ത് അക്യുപങ്ച്വറിനായി ഉപയോഗിച്ചിരുന്നത്. പിന്നീട് ബിയാന്‍ ഷിക്കു പകരം എല്ലുകള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും കൂര്‍ത്ത സൂചികളുണ്ടാക്കി അക്യുപങ്ച്വറിനായി ഉപയോഗിച്ചു. എന്നാല്‍ രണ്ടാം നൂറ്റാണ്ടോടെ ലോഹസൂചികള്‍ ഇതിനായി ഉപയോഗിച്ചുപോന്നു.
ഹുനാങ് ഡി യാണ് ആധുനിക അക്യുപങ്ചറിന്റെ പിതാവ്. ചൈനക്ക് മാത്രം സ്വന്തമായിരുന്ന ഈ ചികിത്സാ രീതിയെ പിന്നീട് ലോകര്‍ക്ക് പരിചിതമാക്കിയത് കൊറിയയാണ്. കൊറിയന്‍ ചക്രവര്‍ത്തിയായിരുന്ന ഡാന്‍ ഗുണിന്റെ ഭരണകാലത്ത് അക്യുപങ് ച്വറിന് വന്‍ പ്രചാരമാണ് ലഭിച്ചിരുന്നത്. ചൈനയിലെ ആഭ്യന്തര യുദ്ധത്തിനുശേഷം നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്യുപങ്ച്വറിനെ കാലഹരണപ്പെട്ട ചികിത്സാ രീതിയെന്ന് പുഛിച്ചുതള്ളിയെങ്കിലും പിന്നീട് പാര്‍ട്ടി അക്യുപങ്ച്വറിനോടുള്ള സമീപനം മാറ്റി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ മാവോ സേതൂങ്ങ് അക്യുപങ്ച്വറിനെയും ചൈനയിലെ പരമ്പരാഗത ചികിത്സാരീതികളേയും ചൈനയുടെ നിധിശേഖരങ്ങള്‍ എന്ന് വിശേഷിപ്പിച്ചു. 1972ല്‍ ചൈന സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ അക്യുപങ്ച്വറിന്റെ സവിശേഷത ബോധ്യപ്പെടുകയും ഇതിന്റെ പ്രചാരണത്തിനായി മുന്‍ കൈയ്യെടുക്കുകയും ചെയ്തു. പിന്നീട് യു എസിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളുലും അക്യുപങ്ച്വറിന് വന്‍ പ്രചാരം ലഭിച്ചു. ചൈനക്ക് പുറമെ തായ്‌ലാന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേയും പരാമ്പരാഗത ചികിത്സാ രീതിയാണ് അക്യൂപങ്ചര്‍.
സ്‌റ്റെയിന്‍ ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച സൂചികളാണ് അക്യുപങ് ച്വറിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഒരു പ്രാവശ്യം ഉപയോഗിച്ചുകഴിഞ്ഞാല്‍ ഉപേക്ഷിക്കപ്പെടുന്ന സൂചികളാണ് ഇതിനായി ഉപയോഗിച്ചുവരുന്നതെങ്കിലും ഇപ്പോള്‍ വീണ്ടും ഉപയോഗിക്കാവുന്ന സൂചികളും ഉപയോഗിക്കുന്നു. ചികിത്സ ആവശ്യമായ ശരീരഭാഗത്തിന്റെ പ്രത്യേകതയനുസരിച്ച് സൂചിയുടെ നീളത്തിലും വിത്യാസം വരുന്നു. കൂടുതല്‍ മാംസളമായ ഭാഗങ്ങള്‍ കൂടുതല്‍ നീളമുള്ള സൂചികളാണ് ഉപയോഗിക്കുന്നത്.

Keywords: Acupuncture, Treatment, China, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم