ഒളിമ്പിക്‌സ് മെഡലില്‍ പ്രതീക്ഷയുണ്ടെന്ന് ഇര്‍ഫാന്‍

മലപ്പുറം: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ പ്രതീക്ഷകള്‍ക്കു ചിറകുനല്‍കി ഇര്‍ഫാന്‍ മെയ് 30ന് പരിശീലനത്തിനായി ബംഗലുരുവിലേക്ക് പുറപ്പെടും. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി നടത്തത്തില്‍ സ്വര്‍ണ്ണം നേടാനാവുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് ഒളിമ്പിക്‌സ് യോഗ്യത നേടിയ കെ ടി ഇര്‍ഫാന്‍ പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍.
സ്വര്‍ണ്ണം കൊയ്യാന്‍ നടത്തത്തിന്റെ ഗതിവേഗം കൂട്ടാനുള്ള തീവ്ര പരീശീലനത്തിലാണ് മലപ്പുറം അരീക്കോട് കുനിയില്‍ സ്വദേശിയായ കോലോത്തും തൊടി ഇര്‍ഫാന്‍. ഇന്ത്യന്‍ കോച്ച് ഗുരുദേവ് സിങിന്റെ കീഴില്‍ മികച്ച പരിശീലനമാണ് ലഭിക്കുന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. 20 കിലോമീറ്റര്‍ നടത്തത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരനായ റഷ്യന്‍ താരം നേടിയ 1:20 ഒരു മണിക്കൂറിനുള്ളില്‍ മറികടക്കാനായാല്‍ മെഡല്‍ നേടാമെന്നാണ് ഇര്‍ഫാന്റെ പ്രതീക്ഷ. യോഗ്യതാ മല്‍സരത്തില്‍ 1:22:09 മണിക്കൂറിനുള്ളിലാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. ഇന്ത്യയില്‍ നിന്നു നടത്തത്തില്‍ യോഗ്യത നേടിയ മൂന്നു പേരില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യന്‍ ആര്‍മിയിലെ ഹവില്‍ദാറായ ഇര്‍ഫാനുള്ളത്. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുമെന്ന പ്രതീക്ഷയുള്ള അത്‌ലറ്റിക് ഫെഡറേഷന്റെ ഒമ്പതുപേരുടെ പട്ടികയില്‍ ഇര്‍ഫാനും ഉള്‍പ്പെട്ടിട്ടുണ്ട്. പ്ലസ്ടു മുതല്‍ നടത്ത മല്‍സരങ്ങളില്‍ മികവ് തെളിയിച്ച ഇര്‍ഫാന് നിരിവധി പുരസ്‌കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. നടത്ത മല്‍സരത്തില്‍ ഒളിമ്പിക്‌സില്‍ ഇടം നേടുന്ന ആദ്യ മലയാളിയാണ് ഈ യുവാവ്. എന്നാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രിയോ മറ്റ് ഉത്തരവാദപ്പെട്ടവരോ ഇതുവരെ ഈ കായിക താരത്തെ വിളിച്ച് അഭിനന്ദിക്കുകപോലും ചെയ്തിട്ടില്ലെന്ന് ഇര്‍ഫാന്‍ തന്നെ പറയുന്നു. മല്‍സരത്തിനോ പരിശീലനത്തിനോ സംസ്ഥാന സര്‍ക്കാറിന്റെ വക യാതൊരു സഹായ വാഗ്ദാനവും ഇതുവരെ ലഭിച്ചിട്ടുമില്ല. സ്‌പോണ്‍സര്‍മാരെയും ലഭിച്ചിട്ടില്ല. സാധാരണ കുടുംബത്തിലെ അംഗമായ ഇര്‍ഫാന് കിട്ടിയ ട്രോഫികളും പതക്കങ്ങളും വെക്കാനുള്ള അലമാര പോലും വീട്ടിലില്ലാത്ത സ്ഥിതിയാണ്. ബംഗലുരുവില്‍ നാളെ തുടങ്ങുന്ന പരിശീലനത്തിന് റഷ്യന്‍ കോച്ചായ ഫെര്‍ണാഡസും ഉണ്ടാകും. ലണ്ടനിലെ കാലാവസ്ഥക്കനുസരിച്ച് ശരീരത്തെ പാകപ്പെടുത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍. ഒളിമ്പിക്‌സ് മല്‍സരങ്ങള്‍ നടക്കുക വൈകുന്നേരമായതിനാല്‍ പരിശീലന സമയം വൈകുന്നേരമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലണ്ടിലെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാന്‍ ഒരുമാസം മുമ്പെങ്കിലും ഇംഗ്ലണ്ടിലെത്തണമെന്നാണ് ഇര്‍ഫാന്റെ ആഗ്രഹം.

kEYWORDS: Malappuram, Sports, Olympics, കേരള, Irfan

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم