തൊഴിലുറപ്പ് പദ്ധതി: തൃശൂര്‍ ജില്ലയ്ക്ക് മികച്ച നേട്ടം

തൃശൂര്‍: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ല മികച്ച നേട്ടം കൈവരിച്ചു. ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100915 കുടംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതുവഴി 4243602 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. മുന്‍കൊല്ലത്തെ അപേക്ഷിച്ച് 10000 ത്തില്‍ അധികം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല 4,00,000ത്തില്‍ അധികം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചു. 11610 കുടുംബങ്ങള്‍ 100 ദിവസം പൂര്‍ത്തിയാക്കി. ഏറ്റെടുത്ത 12790 പ്രവൃത്തികളില്‍ 12549 പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇതിലൂടെ 71 . 07 കോടി രൂപ ചെലവഴിച്ചു. അനുവദിച്ച തുകയുടെ 85.02 ശതമാനം ചെലവഴിക്കാന്‍ സാധിച്ചു എന്നത് എടുത്തു പറയത്തക്ക നേട്ടമാണ്. ഒന്നരക്കോടിയിലധികം രൂപ ചെലവിട്ട് പഴയന്നൂര്‍ , മാടക്കത്തറ ഗ്രാമപഞ്ചായത്തുകള്‍ ഒന്നാമതെത്തി. 16 പഞ്ചായത്തുകള്‍ ഒരുകോടിയില്‍ അധികം രൂപ ചെലവഴിച്ചു. 14 പഞ്ചായത്തുകള്‍ 60 ലക്ഷത്തിനു താഴെ തുക ചെലവഴിച്ചു. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കുന്നതിലും വടക്കാഞ്ചേരി ബ്‌ളോക്ക് മികവു പുലര്‍ത്തി. വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ എറ്റെടുത്തത്. കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ നവീകരണം, ജലസേചന സൌകര്യങ്ങള്‍ ഒരുക്കല്‍, കിണറുകളുടെ നിര്‍മ്മാണം, കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ടുകള്‍ ബലപ്പെടുത്തല്‍ , ഭാരതപ്പുഴയില്‍ മണല്‍ചാക്ക് ഉപയോഗിച്ച് താല്‍ക്കാലിക തടയണ, കലടാക്രമണം തടയുന്നതിന് മണല്‍ചാക്ക് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മ്മാണം, ആദിവാസികള്‍ക്ക് റബര്‍ കൃഷി, ചെറുകിട പരിമിത കര്‍ഷകരുടെ പറമ്പില്‍ മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പച്ചക്കറി കൃഷി എന്നിവയാണ് ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم