സമൂഹ മന്തുരോഗ ചികിത്സ: 36,66,000 പേര്‍ക്ക് മരുന്ന് നല്‍കും

മലപ്പുറം: സമൂഹ മന്തുരോഗ ചികിത്‌സയുടെ ഭാഗമായി ഏപ്രില്‍ 26 മുതല്‍ 28 വരെ തീയതികളില്‍ ജില്ലയിലെ 36,66,000 പേര്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യും. എ ഡി എം എന്‍ കെ ആന്റണിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ മരുന്ന് വിതരണത്തിനുളള ഒരുക്കങ്ങള്‍ വിലയിരുത്തി.
പരിശീലനം ലഭിച്ച ആശ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യ-സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരാണ് ഡി ഇ സി - ആല്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്യുക. ഒരു വൊളന്റിയര്‍ക്ക് 50 വീടുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. രണ്ട് വയസിന് താഴെ പ്രായമുളള കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതരമായ രോഗമുളളവര്‍, പ്രായാധിക്യമുളളവര്‍ എന്നിവരെ ഒഴിവാക്കിയാണ് മരുന്ന് നല്‍കുക. ഏപ്രില്‍ 29 ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വൊളന്റിയര്‍മാരും ജനപ്രതിനിധികളും വീടുകള്‍ സന്ദര്‍ശിച്ച് ഗുളിക ഉപയോഗിച്ചുവെന്ന് ഉറപ്പാക്കും. തുടര്‍ന്നുളള 10 ദിവസങ്ങളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഗുളിക വിതരണം ചെയ്യാന്‍ പ്രത്യേക ബൂത്തുകള്‍ സജ്ജമാക്കും.


ആശുപത്രികളില്‍ നിന്നും ഇസ്‌നോഫീലിയ, അലര്‍ജി തുടങ്ങിയവയ്ക്ക് ഡോക്ടര്‍മാര്‍ സാധാരണ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ മാത്രമാണ് ഡി ഇ സി-ആല്‍ബന്റസോള്‍ തുടങ്ങിയ മരുന്നുകളെന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കി. മന്ത് രോഗം പടര്‍ത്തുന്ന അണുക്കള്‍ ശരീരത്തിലുണ്ടെങ്കില്‍ ഓക്കാനം, ചൊറിച്ചില്‍, അലര്‍ജി, തുടങ്ങിയവ ഉണ്ടാവും. വര്‍ഷങ്ങള്‍ക്ക് ശേഷം നിയന്ത്രണാതീതമാവും വിധം രോഗം വരുന്നതിനേക്കാള്‍ നല്ലതാണ് ഇത്തരം ലക്ഷണങ്ങള്‍ നേരത്തെ പ്രകടമാവുന്നത്. ഇത്തരം പ്രയാസങ്ങള്‍ അനുഭവപ്പെട്ടാല്‍ സഹായത്തിനായി കോള്‍ സെന്ററുകളും ദ്രുത കര്‍മ സംഘവും രംഗത്തുണ്ടാവും.
ആഹാരത്തിന് ശേഷം മാത്രമേ ഗുളിക കഴിക്കാവൂയെന്നും ഗുളിക കഴിച്ചാലുടനെ ധാരാളം വെളളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ശരീരത്തിലുളള രോഗാണുക്കളെ നശിപ്പിക്കുന്നതിനും രോഗം പകരുന്നത് തടയാനും രണ്ട് ഗുളികകളും ഒരേ സമയത്ത് കഴിക്കണമെന്നത് നിര്‍ബന്ധമാണ്. ജില്ലയിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പൊന്നാനി നഗരസഭയില്‍ നടത്തിയ 1,500 രക്തസാംപിള്‍ പരിശോധനയില്‍ 61 എണ്ണത്തില്‍ മന്ത്‌രോഗാണുക്കള്‍ കണ്ടെത്തിയിരുന്നു. കൊതുകുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവാനാണ് സാധ്യത. അതിനാല്‍ പൊതുജനങ്ങള്‍ എല്ലാവരും സമൂഹ ചികിത്‌സയുമായി സഹകരിക്കണമെന്ന് എ ഡി എം അഭ്യര്‍ത്ഥിച്ചു. 2011 ല്‍ 42 ശതമാനമായിരുന്നു ഗുളിക കഴിച്ചിരുന്നത്. ഇത് 70 ശതമാനമെങ്കിലുമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡി എം ഒ ഉമര്‍ ഫാറൂക്ക്, മലേറിയ ഓഫീസര്‍ അനില്‍ കുമാര്‍, മാസ് മീഡിയ ഓഫീസര്‍ എം പി ജോര്‍ജ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ രാജു എന്നിവര്‍ സംസാരിച്ചു. 
 


 മാധ്യമ ശില്‍പ്പശാല നടത്തി
മലപ്പുറം: സമൂഹ മന്ത് രോഗ ചികിത്‌സാ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്‍പ്പശാല നടത്തി. പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. വി ഉമര്‍ ഫാറൂഖ്, ഡോ. ആര്‍ രേണുക, ഡി പി എം ഡോ. അസ്‌ലം ഫാറൂഖ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. റോസ് മേരി, മലേറിയ ഓഫീസര്‍ അനില്‍ കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം വേലായുധന്‍, ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ കെ പി സാദിഖ് അലി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിപാടിയില്‍ ജില്ലാ മാസ്മീഡിയ ഓഫീസര്‍ ജോര്‍ജ് എം പി സ്വാഗതവും ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ വി രാജു നന്ദിയും പറഞ്ഞു. 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم