വാതക പൈപ്പ് ലൈനിനെതിരെ കാവനൂരില്‍ ജനകീയ പ്രക്ഷോഭം

കാവനൂര്‍ : കൊച്ചി-മംഗലാപുരം വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ കാവനൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജനവാസ മേഖലകളെ ഒഴിവാക്കി പദ്ധതിക്കായി തീരദേശപ്രദേശം ഉപയോഗിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. തുച്ഛം ഭൂമി കൈവശമുള്ളവരുടെ വീടും കുടിയിരിപ്പ് നഷ്ടപ്പെടാന്‍ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ജനവാസ മേഖലയെ ഒഴിവാക്കി പൈപ്പ്‌ലൈന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരം തുടങ്ങും. വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ച് ടി അബ്ബാസ്, കെ ഉമ്മര്‍, ടി ബാലസുബ്രഹ്മണ്യന്‍, വി ടി ബാലകൃഷ്ണന്‍, പി പി ഷൗക്കത്തലി, എം പി ഷൗക്കത്തലി, പി നാരായണന്‍, കെ കെ ജനാര്‍ദനന്‍ പ്രസംഗിച്ചു. പി എ പൗരന്‍ പദ്ധതിയെ കുറിച്ച് പ്രസംഗിച്ചു. പാറക്കല്‍ വേലു അധ്യക്ഷത വഹിച്ചു. പ്രക്ഷോഭ സമരത്തിന് പഞ്ചായത്ത്തല കമ്മിറ്റി രൂപവത്കരിച്ചു. പി കെ അബ്ദുല്ലഹാജി (ചെയ.), അഡ്വ. പി നാരായണന്‍ (ജന.കണ്‍.), സൈതലവി, കെ കെ വേലുകുട്ടി (വൈ.ചെയ.), എ മോഹന്‍ദാസ്, അബ്ദുല്‍ ജലീല്‍ (കണ്‍.).

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم