പൂസായി വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും

മലപ്പുറം: മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ എക്‌സൈസ്-പൊലീസ് വകുപ്പുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും പിഴക്ക് പുറമെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് നിര്‍ദേശിച്ചു.
ജില്ലാതല വ്യാജമദ്യ നിര്‍മാര്‍ജന ജനകീയ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട് ശരാശരി 30 കേസുകള്‍ വീതം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി രാജു യോഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കലക്ടര്‍ പട്രോളിങ് ശക്തമാക്കാനും പൊതുസ്ഥലങ്ങളിലെ മദ്യപാനം തടയുന്നതിന് നടപടികള്‍ ഊര്‍ജിതമാക്കാനും നിര്‍ദേശിച്ചത്.
മദ്യം-മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒരിക്കല്‍ ശിക്ഷയനുഭവിച്ച് ജയില്‍ മോചിതരാകുന്നവരെ തുടര്‍ന്നും നിരീക്ഷിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മറ്റ് ജില്ലകളില്‍ നിന്നും പെര്‍മിറ്റ് പ്രകാരമുള്ള കള്ള് മാത്രമാണ് ജില്ലയില്‍ എത്തുന്നതെന്ന് ഉറപ്പാക്കണമെന്നും വ്യാജമദ്യ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ഉന്നത ഉദേ്യാഗസ്ഥരുടെ തന്നെ നേരിട്ടുള്ള നിരീക്ഷണം ഉറപ്പാക്കണം.
അനധികൃത കടത്തല്‍ കണ്ടെത്തിയാല്‍ ഉടന്‍ സ്രോതസ് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണം. അടഞ്ഞ് കിടക്കുന്ന കള്ള് ഷാപ്പുകളുടെ പ്രദേശത്തുള്ള നിരീക്ഷണവും ബീവറേജസ് ഔട്ട് ലെറ്റുകളില്‍ നിന്നും അളവില്‍ കൂടുതല്‍ മദ്യം വാങ്ങുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. മണ്ണട്ടാംപാടം ഡാം പ്രദേശം കാലിക്കറ്റ് യൂനിവേസിറ്റി, ഐ ഒ സി-അരിയല്ലൂര്‍ സ്റ്റേഷന്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. ജില്ലയില്‍ കഴിഞ്ഞ മാസം 29ന് ശേഷം 486 റെയ്ഡുകളില്‍ 72 അബ്കാരി കേസുകളും എട്ട് കഞ്ചാവ്-മയക്കുമരുന്ന് കേസുകളും കണ്ടെത്തി. അബ്കാരി കേസുമായി ബന്ധപ്പെട്ട് 69 പേരെയും കഞ്ചാവ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എട്ട് പേരെയും അറസ്റ്റ് ചെയ്തു.
3,500 ലി. ചാരായവും 316.930 ലി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 3845 ഗ്രാം കഞ്ചാവ്, 158 ലി. വാഷ് എന്നിവയും പിടിച്ചെടുത്തു. 7786 വാഹനങ്ങള്‍ പരിശോധിച്ചതില്‍ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. വിദേശ മദ്യ ഷോപ്പുകള്‍, കള്ളുഷാപ്പുകള്‍, വൈദ്യശാലകള്‍ എന്നിവ പരിശോധിച്ച് കള്ളിന്റെ 42 ഉം വിദേശമദ്യത്തിന്റെ 10 ഉം സാമ്പിളുകളെടുത്തു രാസപരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എ ഡി എം എന്‍ കെ ആന്റണി, ഡി വൈ എസ് പി രാജു, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജെ ശശിധരന്‍പിള്ള, അസി. കമ്മീഷണര്‍ പി ജയരാജന്‍, ജനകീയ സമിതി അംഗങ്ങള്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم