കുട്ടികള്‍ക്കെല്ലാം മെസ്സിയാകണം

കാല്‍പന്ത് കളിയിലെ ആവേശം വാനോളമുയര്‍ത്തുന്ന മലപ്പുറത്തിന്റെ കൊയ്‌തൊഴിഞ്ഞ നെല്‍പാടങ്ങളിലും മൈതാനങ്ങളിലും കാല്‍പന്തിന്റെ ആരവം ഉയര്‍ന്നു. ക്രിക്കറ്റിന് വഴിമാറിക്കൊണ്ടിരിക്കുന്ന മൈതാങ്ങളാണ് മറ്റ് പല പ്രദേശങ്ങളിലും കാണുന്നതെങ്കില്‍ മലപ്പുറത്തിന്റെ മണ്ണില്‍ എന്നും കാല്‍പന്തിനാണ് സ്ഥാനം. ചെറുപ്പം മുതല്‍തന്നെ ഫുട്‌ബോള്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് ചിട്ടയായ പരിശീലനം നല്‍കാന്‍ മുതിര്‍ന്ന കളിക്കമ്പക്കാര്‍ മുന്നോട്ട് വരികയും ചെയ്യുന്നു.
അര്‍ജന്റീനിയന്‍ താരം പത്താം നമ്പര്‍ കുപ്പായക്കാരന്‍ മെസ്സിയെയാണ് കുട്ടികള്‍ക്കെല്ലാം ഇഷ്ടം. മെസ്സിയുടെ കുപ്പായം ധരിച്ചാണ് ഇവര്‍ ഫീല്‍ഡിലിറങ്ങുന്നത്. ഇക്കാരണത്താല്‍ മലപ്പുറത്തിന്റെ ഗ്രാമങ്ങളിലെ തുണിക്കടകളില്‍ അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജെഴ്‌സിക്ക് വന്‍ ഡിമാന്റാണ്.
സ്‌കൂളുകളില്‍ ഇത്തവണ ഫുട്‌ബോള്‍ മത്സരം നടന്നിരുന്നു. വണ്ടൂര്‍ സബ്ജില്ലയിലെ എല്‍ പി വിഭാഗം ഫുട്‌ബോള്‍ മത്സരത്തില്‍ കരുവാരകുണ്ട് പഞ്ചായത്തിലെ തരിശ് ഗവ: എല്‍ പി സ്‌കൂളിലെ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ എല്ലാവരും മെസ്സിയുടെ ജഴ്‌സി അങിഞ്ഞാണ് കളിക്കളത്തിലിറങ്ങിയത്. സ്‌കൂള്‍ അധികൃതരോ സംഘാടകരോ അറിയാതെ കുട്ടികള്‍ തന്നെയാണ് ഇതണിയാന്‍ തീരുമാനമെടുത്തത്. വേഷത്തില്‍ മാത്രമല്ല കളിയിലും ഈ കരുന്നുകള്‍ മെസിയുടെ പ്രകടനമാണ് കാഴ്ചവെച്ചത്.
ഫഌഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇതിനോടകം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ തന്നെ നടന്ന് കഴിഞ്ഞു. മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ പരീക്ഷാ ചൂട് കഴിയുകയും ഗ്രാമീണ ഫുട്‌ബോളുകള്‍ വ്യാപകമാകുകയും ചെയ്യും. ചെറിയ ചെറിയ ടൂര്‍ണ്ണമെന്റുകളില്‍ പോലും വിദേശ പ്രഫൊഷണല്‍ കളിക്കാരും സജീവമാണ്. വിവിധ ടീമുകള്‍ക്ക് വേണ്ടി പ്രൊഫഷണലായി നിരവധി കളിക്കാരാണ് മലപ്പുറത്ത് ഉള്ളത്. പ്രൊഫഷണല്‍ ഫുട്‌ബോള്‍ ടീമുകളേയും ക്ലബ്ബുകളേയും രംഗത്ത് ഇറക്കി പണം സമ്പാദിക്കുന്ന സമ്പ്രദായവും ഇവിടെ വ്യാപകമാണ്. ഒരു സീസണ്‍ കഴിയുമ്പോഴേക്കും നല്ലൊരു തുക ഇക്കൂട്ടര്‍ സമ്പാദിക്കും.
ഗ്രാമ പ്രദേശങ്ങളില്‍ പുതിയൊരു ഫുട്‌ബോള്‍ സമ്പ്രദായം ഉയര്‍ന്ന് വരുന്നുണ്ട്. ഫൈവ്‌സ് ഫുട്‌ബോള്‍ എന്ന് പേരിട്ട കളിയില്‍ ഗ്രൗണ്ട് ചെറുതായാലും കളി കേമ മായി നടത്താം. അഞ്ച് കളിക്കാരാണ് ഒരു ടീമില്‍ ഉണ്ടാകുക എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്ഥലവും, ഗ്രൗണ്ടുകളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സെവന്‍സ്, ഇലവന്‍സ് എന്നീ ശ്രേണിയിലേക്ക് ഫൈവ്‌സിന്റെ കടന്ന് വരവ് കൂടുതല്‍ ജനകീയമാകാന്‍ ഇടയായേക്കും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post