കരിപ്പൂര്‍ : ഭൂമിനല്‍കുന്നവരുടെ പുനരധിവാസത്തിന് മുന്‍ഗണന

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന് ഭൂമിനല്‍കുന്നവരുടെ ഉചിതമായ പുനരധിവാസം ഉറപ്പാക്കിയതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കൂയെന്ന് ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് ഉറപ്പുനല്‍കി.
വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുന്നത് കൂടാതെ പുനരധിവാസത്തിനായി 20 ഏക്കര്‍ കൂടി ഏറ്റെടുക്കും. ഈ ഭൂമിയില്‍ വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയതിന് ശേഷം മാത്രമേ നിലവിലുള്ള ഭൂമിയില്‍ നിന്ന് മാറേണ്ടതുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭൂവുടമകളുമായി ചേംബറില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചക്ക് പള്ളിക്കല്‍ വില്ലേജിലെ 30 പേര്‍ക്കാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇതില്‍ 26 പേര്‍ യോഗത്തില്‍ പങ്കെടുത്തു. ആകെ 242 പേരില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവസരം നല്‍കുന്നതിനാണ് ചെറിയ സംഘങ്ങളായി ചര്‍ച്ചക്ക് വിളിച്ചത്. അടുത്ത ഘട്ടത്തില്‍ 50 പേരെ ചര്‍ച്ചക്ക് വിളിക്കും.
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വിമാനത്താവളത്തിനോടനുബന്ധിച്ച് കിടക്കുന്ന ഒഴിഞ്ഞ സ്ഥലവും സ്വകാര്യ കോളജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും ഏറ്റെടുക്കണമെന്നായിരുന്നു ഭൂവുടമകളുടെ ആവശ്യം. സമര സമിതിയുമായി എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്നും ബദല്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കണമെന്നും ഭൂവുടമകള്‍ ആവശ്യപ്പെട്ടു. ഭൂവുടമകള്‍ ഉന്നയിച്ച അഭിപ്രായങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും അറിയിച്ചു.
സര്‍ക്കാര്‍ 2011 നവംബര്‍ 15 ന് പുറപ്പെടുവിച്ച പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉത്തരവ് പ്രകാരം 10 സെന്റിന് താഴെ ഭൂമിയുള്ള കുടിയൊഴിപ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിനും 10 സെന്റ് വീതം ഭൂമി വീട് വെക്കുന്നതിനായി നല്‍കുന്നത് കൂടാതെ സ്ഥലത്തിന്റെ വിലയും നല്‍കും. പുനരധിവസിപ്പിക്കുന്നത് ഭാവിയില്‍ വീണ്ടും എയര്‍പോര്‍ട്ട് വികസനത്തിന് ആവശ്യം വരുന്ന സ്ഥലത്താവില്ലെന്ന് ഉറപ്പാക്കും. കെട്ടിടങ്ങള്‍ പൊളിച്ച് ഉപയോഗ യോഗ്യമായ സാധനങ്ങള്‍ക്ക് വില ഈടാക്കാതെ തന്നെ കൊണ്ടുപോകാന്‍ അനുവദിക്കും. എല്ലാതരം വസ്തുക്കളും ഇത്തരത്തില്‍ കൊണ്ടുപോകാം. ഉഭയസമ്മതപ്രകാരം നിശ്ചയിക്കുന്ന ഭൂമി വില യഥാര്‍ഥ വില തന്നെ ആയിരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. ഏറ്റെടുക്കുന്ന ഭൂമിയിലെ കൃഷി- ഫലവൃക്ഷങ്ങളിലെ വിളകള്‍ ഭൂമി വിട്ടുനല്‍കുന്നതിന് മുമ്പ് തന്നെ ഭൂവുടമക്ക് എടുക്കാം. എയര്‍പോര്‍ട്ടിലോ അനുബന്ധ സ്ഥാപനങ്ങളിലോ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് കുടുംബത്തിലെ ഒരംഗത്തിന് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് മുന്‍ഗണന നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് ശുപാര്‍ശചെയ്തിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എല്‍ എ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി കലക്ടര്‍ എം പി കല്ല്യാണിക്കുട്ടി, സ്‌പെഷല്‍ തഹസില്‍ദാര്‍ എ നിര്‍മലകുമാരി, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ എം മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post