കോട്ടക്കല്‍ ആയുര്‍വേദ പി ജി വിദ്യാര്‍ത്ഥികള്‍ സമരത്തിനൊരുങ്ങുന്നു

കോട്ടക്കല്‍: നിശ്ചിത യോഗ്യതയുള്ള അധ്യാപകരെ നിയമിക്കാത്തതിലും ഡിപ്പാര്‍ട്ട്‌മെന്റില്ലാത്തതിലും പ്രതിഷേധിച്ച് കോട്ടക്കല്‍ ആയുര്‍വേദ കോളജിലെ പി ജി വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുന്നു. കോഴ്‌സ് തുടങ്ങി ഒരു വര്‍ഷത്തിലേറെയായിട്ടും ഡിപ്പാര്‍ട്ട്‌മെന്റ് രൂപവത്കരിച്ചിട്ടില്ല. ആയുര്‍വേദത്തിലെ അഷ്ടാംഗങ്ങളില്‍ വരെ അതിപ്രധാന്യമേറിയ മാനസിക വിഭാഗത്തില്‍ ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണെന്നിരിക്കെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ കോളജില്‍ ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദ പഠന വിഭാഗം നാഥനില്ലാ കളരിയാണ്.
ആഴ്ച തോറും നൂറിലേറെ രോഗികള്‍ കോട്ടക്കല്‍ മനോരോഗ വിഭാഗം ഒ പിയില്‍ ചികിത്സ തേടി എത്തുന്നുണ്ട്. വര്‍ഷം തോറും ആറ് വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ പ്രവേശനം തേടുന്നത്. അറുപതോളം ഗവേഷണ പ്രബന്ധങ്ങള്‍ ഇവിടെ നിന്നും അവതരിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മനോരോഗ വിഭാഗത്തില്‍ നിശ്ചിത യോഗ്യതയില്ലാത്ത കായ ചികിത്സാ വിഭാഗത്തിലാണ് പി ജി പ്രവര്‍ത്തിക്കുന്നത്.
കോഴ്‌സ് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ പി ജി കോഴ്‌സ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ്. ഈ വിഷയത്തില്‍ കോളജ് അധികൃര്‍ ഹെല്‍ത്ത് സെക്രട്ടറി കെ എ എസ് ആര്‍ എസ്, എക്‌സിക്യൂട്ടീവ് ഡയറ്കടര്‍, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് തുടര്‍ച്ചയായി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിക്കുകയുണ്ടായിട്ടില്ല.
2011 ഫെബ്രുവരിയില്‍ കോട്ടക്കലിലെ ഒമ്പതോളം ഡിപ്പാര്‍ട്ടുമെന്റിലേക്ക് സ്ഥിരനിയമനം അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതാണ്.
എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഈ സാഹചര്യം നിലനില്‍ക്കെ മറ്റു വിഭാഗങ്ങളില്‍ ഒഴിവു വന്ന തസ്തികകളിലേക്ക് അധ്യാപക സ്ഥിര നിയമന തീരുമാനവുമായി മുന്നോട്ട് അധികൃത നടപടിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങുന്നത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم