കക്കാട് ജിഫ്രി തങ്ങള്‍ നിര്യാതനായി

തിരൂരങ്ങാടി: സുന്നിയുവജനസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും സുന്നി മഹല്ല് സംസ്ഥാന വൈസ് പ്രസിഡണ്ടും മുസ്‌ലിംലീഗ് നേതാവുമായ കക്കാട് സയ്യിദ് മുഹമ്മദ് ജിഫ്രിതങ്ങള്‍ എന്ന എസ്എം ജിഫ്രി തങ്ങള്‍ (76) നിര്യാതനായി. കരള്‍ രോഗത്തെ തുടര്‍ന്ന് മൂന്ന് മാസമായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി എംകെഎച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ഛിച്ചതോടെ ബുധനാഴ്ച്ച വൈകീട്ട് വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു.
സുന്നീ പ്രസ്ഥാനത്തിനും മുസ്‌ലിംലീഗിനും ഒരു പോലെ ഓടി നടന്ന ജിഫ്രി തങ്ങള്‍ കൂരിയാട്ട് നടന്ന സമസ്ത 85-വാര്‍ഷിക മഹാ സമ്മേളനത്തിലാണ് അവസാനമായി പങ്കെടുത്തത്. ദീര്‍ഘകാലം തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗ് വൈസ് പ്രസിഡണ്ടായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, എംഇഎം എഞ്ചിനീയറിംഗ് കോളജ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡണ്ട്, ദാറുല്‍ ഹുദാ സിണ്ടിക്കേറ്റ് മെമ്പര്‍, സാദാത്ത് അസോസിയേഷന്‍ പ്രസിഡണ്ട്, താനൂര്‍ ഇസ്‌ലാഹു ഉല്‍ ഉലൂം അറബിക് കോളജ് വൈസ് പ്രസിഡണ്ട്, കൂണ്ടൂര്‍ മര്‍ക്കസ് വൈസ് പ്രസിഡണ്ട്, കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, കക്കാട് മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, കരുമ്പില്‍ മഹല്ല് പ്രസിഡണ്ട്, കക്കാട് ഇംദാദുല്‍ ഇസ്‌ലാം സംഘം പ്രസിഡണ്ട്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട്, കക്കാട് ടൗണ്‍ മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റി പ്രസിഡണ്ട്. പൂക്കിപറമ്പ് സിച്ച് ഹൈദ്രോസ് മുസ്ല്യാര്‍ സ്മാരക കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ കമ്മിറ്റിയംഗവുമായിരുന്നു. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി, സമസ്ത ബുക്ക് ഡിപ്പോ മാനേജര്‍, എസ് വൈഎസ് ഓഫീസ് സെക്രട്ടറി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍, തിരൂരങ്ങാടി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട്, കക്കാട് ജിഎംയുപി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട്, ചേറൂര്‍ യതീംഖാന കമ്മിറ്റി വൈസ് പ്രസിഡണ്ട്, കരുമ്പില്‍ മദ്രസ കമ്മിറ്റി പ്രസിഡണ്ട്, തുടങ്ങിയ പദവികളും വഹിച്ചിരുന്നു. പുരുഷായുസ് മുഴുവന്‍ മത-രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. 1961ല്‍ കക്കാട്ട് സമസ്ത 21-വാര്‍ഷിക സമ്മേളനം നടത്തിയപ്പോള്‍ മുഖ്യ സംഘാടകനായിരുന്നു തങ്ങള്‍.
കക്കാട്ടെ പൗരപ്രമുഖനായിരുന്ന പരേതനായ സയ്യിദ് ഫസല്‍ജിഫ്രി പൂക്കോയ തങ്ങളാണ് പിതാവ്. ഭാര്യ: സയ്യിദ് ആയിശ ബീവി. മക്കള്‍: ശരീഫ മുത്തു ബീവി. റൗള ബീവി, മരുമകന്‍: സയ്യിദ് ഹസ്സന്‍ ജിഫ്രി, സഹോദരങ്ങള്‍: സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് അബ്ദുല്ല ജിഫ്രിതങ്ങള്‍, സയ്യദ് ഉമര്‍ ജിഫ്രി തങ്ങള്‍, പരേതരായ സയ്യിദ് ഹൈദ്രോസ് ജിഫ്രി തങ്ങള്‍, സയ്യിദ് ഉമര്‍ ജിഫ്രിതങ്ങള്‍.
ഖബറടക്കം കക്കാട് ജുമാമസ്ജിദില്‍ വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കും.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم