അഞ്ചാം മന്ത്രി; യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി

മലപ്പുറം: അഞ്ചാം മന്ത്രിസ്ഥാനം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഈ മാസം 28ന് നടക്കുന്ന യു ഡി എഫ് യോഗത്തില്‍ അഞ്ചാം മന്ത്രിസ്ഥാനത്തില്‍ തീരുമാനമായില്ലെങ്കില്‍ ലീഗ് മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് മുപ്പതോളം വരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൊടികളുമായി മന്ത്രിയുടെ മലപ്പുറം കാരാത്തോടുള്ള വീട്ടിനുമുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഈ സമയത്ത് കുഞ്ഞാലിക്കുട്ടി വീട്ടില്‍ ഉണ്ടായിരുന്നില്ല. യൂത്ത് ലീഗ് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റും ഗ്രമപഞ്ചായത്ത് അംഗവുമായ കറുമുക്കില്‍ ഷബീറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഓട്ടോറിക്ഷയിലും കാറിലും ഇരുചക്രവാഹനങ്ങളിലുമായി മന്ത്രിയുടെ വീട്ടുപടിക്കലെത്തിയ ഇവര്‍ സര്‍ക്കാരിനും ലീഗിനുമെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. 'ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ച മന്ത്രിസ്ഥാനം ലഭിക്കണമെന്നാണ് എല്ലാ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. അതിന്് പറ്റുന്നില്ലെങ്കില്‍ നിലവിലെ നാല് ലീഗ് മന്ത്രിമാരും രാജിവെക്കണം. സര്‍ക്കാറിനെ പുറത്തു നിന്ന് പിന്തുണച്ചാല്‍ മതി. ലീഗിനെ കോണ്‍ഗ്രസിന്റെ അടുക്കളയില്‍ കെട്ടാനുള്ള ശ്രമത്തിന് വലിയ വിലകൊടുക്കേണ്ടി വരു'മെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم