വീട്ടുവേലക്കാരി ചമഞ്ഞ് വയോധികയുടെ താലിമാലയുമായി മുങ്ങി

മലപ്പുറം: (www.malappueamvartha.com 23.10.2015) വീട്ടുവേലക്കാരി ചമഞ്ഞ് വയോധികയുടെ താലിമാലയുമായി യുവതി മുങ്ങി. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ വയോധികയെ സ്‌കാനിംഗിന് വിധേയയാക്കിയപ്പോള്‍ അഴിച്ചു നല്‍കിയ താലിമാലയുമായാണ് വേലക്കാരി മുങ്ങിയത്. സംഭവത്തില്‍ പിടിയിലായ ചുങ്കത്തറ പുലിമുണ്ട കുത്തുകല്‍ രാജശ്രീ എന്ന ശ്രുതി(34)യെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് എസ് ഐ പി വിഷ്ണു പറഞ്ഞു.
വയോധികയുടെ മകനും മഞ്ചേരി ബാറിലെ അഭിഭാഷകനുമായ ശാന്തിഗ്രാം മൈത്രിയില്‍ മധുസൂദനന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. പത്തു ദിവസം മുമ്പു വരെ കോട്ടയം ടൗണിനടുത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രതി രോഗികളെ ചികിത്സിച്ചിരുന്നു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസറായും രാജശ്രീ ജോലി ചെയ്തിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ആന്ധ്രയില്‍ മൂന്ന് വര്‍ഷത്തെ നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്നതിനുമുമ്പ് മഞ്ചേരിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായും ജോലി ചെയ്തു. ഡോക്ടര്‍മാരുടെ കൂടെ ഓപ്പറേഷന്‍ തിയ്യേറ്ററിലും പരിശോധനകളിലും പങ്കെടുത്ത് ചികിത്സയുടെ പ്രാഥമിക വിവരങ്ങള്‍ മനസ്സിലാക്കിയാണ് പിന്നീട് ഡോക്ടറായി രംഗത്തെത്തിയത്. അഞ്ചു വര്‍ഷത്തോളം ഡോക്ടറുടെ വേഷം കെട്ടിയ രാജശ്രീ കള്ളനോട്ട് തുടങ്ങി വിവിധ തട്ടിപ്പു കേസുകളിലും പ്രതിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് തട്ടിപ്പു കേസില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതി ഒന്നര വര്‍ഷം തടവിന് ശിക്ഷിച്ച് നെയ്യിറ്റിന്‍കര ജയിലിലയച്ചിരുന്നു.
malappuram

Keywords: Malappuram, Robbery, Woman.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم