വെളിച്ചെണ്ണ മില്ലുകള്‍ വിസ്മൃതിയിലേക്ക്

മലപ്പുറം: കേരളത്തിലെ പരമ്പരാഗത വ്യവസായമായ വെളിച്ചെണ്ണ മില്ലുകള്‍ വിസ്മൃതിയിലേക്ക് നീങ്ങുന്നു. പണ്ടുമുതല്‍ക്കേ കേരളത്തില്‍ കൊപ്ര വിപണിക്ക് പേരുകേട്ട കോഴിക്കോട്ടെ കൊപ്ര പാണ്ടികശാലകളും വടകരയിലെ ഉണ്ടകൊപ്ര വിപണിയും തകര്‍ചയുടെ വക്കിലാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വെളിച്ചെണ്ണ ഇറക്കുമതിയും വര്‍ധിച്ച് വരുന്ന ചിലവുകളും തൊഴിലാളി പ്രശ്‌നങ്ങളും എല്ലാം ചേര്‍ന്ന് ഈ വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കേരളത്തിലെ 75 ശതമാനം മില്ലുകളും ഇപ്പോള്‍ പൂട്ടികിടക്കുന്നു. ശേഷിക്കുന്ന മില്ലുകള്‍ കൂടി പൂട്ടിയാല്‍ ഭക്ഷ്യ ആവശ്യത്തിനുള്ള വെളിച്ചെണ്ണക്ക് പൂര്‍ണമായും നാം അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരും. കൂലി ചിലവുകളും തൊഴിലാളി പ്രശ്‌നങ്ങളും പൊതുവിപണിയിലെ മത്സരവുമാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. മാത്രവുമല്ല ഗുണനിലവാരം കുറഞ്ഞ എണ്ണ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു. 65 രൂപ വിലയുള്ള ഒരു കിലോ വെളിച്ചെണ്ണക്ക് കേരള വിപണിയെക്കാള്‍ പത്ത് രൂപ കുറച്ചാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
എന്നാല്‍ ഗുണനിലവാരം കുറഞ്ഞ എണ്ണയാണ് തമിഴ്‌നാട് ദിനംപ്രതി കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് കേരളത്തിലെ എണ്ണമില്ല് വ്യാപാരികള്‍ പറയുന്നത്. കൂലിചിലവ്, തമിഴ്‌നാട്ടില്‍ നിന്നുള്ള ലോറി വാടക എന്നിവ താര്യതമ്യം ചെയ്യുമ്പോള്‍ യാതൊരു കാരണവശാലും 55 രൂപക്ക് വെളിച്ചെണ്ണ ഉദ്പാദിപ്പിക്കാന്‍ കഴിയില്ല. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തുന്ന നാളികേരം കൊപ്രയാക്കി 80 ശതമാനം ഉത്തരേന്ത്യയിലേക്ക് കയറ്റിപോകുകയും ബാക്കി 20 ശതമാനമാണ് എണ്ണയാക്കുന്നത്. ഈ 20 ശതമാനം കൊപ്രകൊണ്ട് പ്രതിദിനം ശരാശരി 45 ടാങ്കര്‍ ലോറി എണ്ണ ഉദ്പാദിപ്പിക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ മില്ല് വ്യാപാരികള്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വെളിച്ചെണ്ണക്ക് നികുതി ഏര്‍പെടുത്തുകയും ഗുണനിലവാരം ഉറപ്പ് വരുത്തുകയും ചെയ്യണമെന്നാണ് കേരളത്തിലെ വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണക്ക് സബ്‌സിഡി അനുവദിക്കുക, സര്‍ക്കാര്‍ ഏജന്‍സികളില്‍ കൂടി വില്‍ക്കുന്ന എണ്ണ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നതാണോ എന്ന് ഉറപ്പ് വരുത്തുക, അശാസ്ത്രീയമായ കൊപ്ര സംഭരണം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തന്നെ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ തന്നെ ഈ മേഖല രക്ഷപ്പെടുമെന്ന് കോക്കനട്ട് ഓയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ആയത്‌കൊണ്ട് തന്നെ മില്ല് വ്യവസായം തകര്‍ന്നാല്‍ കൂടുതല്‍ ബാധിക്കുക കേരളത്തിലെ കേര കര്‍ഷകരെ ആയിരിക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post