വീണ്ടും എടപ്പാള്‍...

Malappuram, School Kalolsavam, Kerala, Winners, Team, Spots, Malayalam News
ജില്ലാ കായിക മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ എടപ്പാള്‍ സബ്ജില്ലാ ടീം
തിരൂര്‍: ഒടുവില്‍ കൗമാര കായിക മാമാങ്കത്തിന്റെ കിരീടമണിഞ്ഞ് എടപ്പാള്‍ ഉപജില്ല മൂന്നാമതും കരുത്ത് തെളിയിച്ചു. താഴെപ്പാലം മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിനിര്‍ത്തി പ്രതിഭകള്‍ ഓവറോള്‍ ട്രോഫി ഏറ്റുവാങ്ങിയപ്പോള്‍ നീണ്ടകരഘോഷത്തിനൊപ്പം നടന്ന വെടിക്കെട്ടും മൈതാനത്തെ ത്രസിപ്പിച്ചു. കടകശ്ശേരി ഐഡിയല്‍ സ്‌കൂളിന്റെ അതിശക്തമായ പിന്തുണയോടെയാണ് എടപ്പാളിന് ഈ മിന്നും വിജയം സ്വന്തമായത്.

മേളയുടെ മൂന്ന് ദിനങ്ങളിലും ട്രാക്കിലും ഫീല്‍ഡിലും നിറഞ്ഞ് നിന്ന ഐഡിയല്‍ താരങ്ങള്‍ വേഗതയില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. 33 സ്വര്‍ണം, 28 വെള്ളി, 21 വെങ്കലം എന്നിവയടക്കം 286 പോയിന്റ് നേടിയാണ് എടപ്പാള്‍ ഒന്നാമതെത്തിയത്.

ഇതില്‍ 21 സ്വര്‍ണം, 17 വെള്ളി, 17 വെങ്കലം എന്നിവയടക്കം 173 പോയിന്റ് സംഭാവന ചെയ്തത് ഐഡിയലാണ്. ആതിഥോയരായ തിരൂരാണ് രണ്ടാംസ്ഥാനത്ത്. 11 സ്വര്‍ണം, 12 വെള്ളി, 10 വെങ്കലം എന്നിങ്ങനെ 110 പോയന്റാണ് തിരൂര്‍ ഉപജില്ലയുടെ സമ്പാദ്യം. തിരുനാവായ നവാമുകുന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ആതിഥേയരുടെ മികവിന് ആധാരമായത്. പൂക്കൊളത്തൂര്‍ സി.എച്ച്.എം.എച്ച്.എസിന്റെ തോളിലേറിയാണ് മുന്നാം സ്ഥാനത്തെത്തിയ കിഴിശ്ശേരിക്ക് 88 പോയന്റ് നേടാനായത്. 11 സ്വര്‍ണവും അഞ്ച് വെള്ളിയും ഒമ്പത് വെങ്കലവും ആണ് കിഴിശ്ശേരിയുടെ നേട്ടം.

വൈകിട്ട് അഞ്ച് മണിയോടെ തന്നെ മത്സരങ്ങള്‍ സമാപിച്ചു. തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗിരീഷ് ചോലയില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ഡി.ഡി.ഇ. കെ.സി. ഗോപി, പ്രോഗ്രാം സെക്രട്ടറി ഹസന്‍കോയ, കണ്‍വീനര്‍ കെ.പി. പ്രശാന്ത്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Keywords: Malappuram, School Kalolsavam, Kerala, Winners, Team, Spots, Malayalam News, Edappal.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post