സ്വാതന്ത്ര്യ സമര സേനാനി ബാപ്പുട്ടി മാസ്റ്റര്‍ അന്തരിച്ചു


മലപ്പുറം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പുലാമന്തോളിലെ കെ എം ബാപ്പുട്ടി മാസ്റ്റര്‍ (99) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് 7.30ന് പുലാമന്തോളിലെ വസതിയിലായിരുന്നു അന്ത്യം. 1914 സെപ്തംബര്‍ ഒന്നിന് ജനിച്ച മാസ്റ്റര്‍ ഏതാനും വര്‍ഷമായി വാര്‍ധക്യ സഹജമായ രോഗത്താല്‍ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് തിരുനാരായണ പുരം പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.
കുട്ടിക്കാലം മുതല്‍ സ്വാതന്ത്ര്യ സമരവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. 1921ലെ മലബാര്‍ കലാപകാലത്ത് പിതാവിന്റെ ജ്യേഷ്ഠ സഹോദരന്‍ മമ്മദുവിനെ മാസ്റ്ററുടെ കണ്‍മുമ്പില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുകൊന്നു. 1941 ആഗസ്റ്റ് 31ന് അര്‍ധരാത്രി രാജ്യദ്രോഹ കുറ്റം ചുമത്തി മാസ്റ്ററെ അറസ്റ്റ് ചെയ്തു. 15 ദിവസത്തിനു ശേഷം വിട്ടയച്ചെങ്കിലും വീണ്ടും അറസ്റ്റ് ചെയ്ത് വെല്ലൂര്‍ ജയിലിലയച്ചു. ഇവിടത്തെ ഒരുവര്‍ഷക്കാല തടവ് ജീവിതത്തിനിടയില്‍ ഇ എം എസ് നമ്പൂതിരിപ്പാട്, ഇ മൊയ്തു മൗലവി, അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്നിവര്‍ സഹ തടവുകാരായിരുന്നു. സ്വതന്ത്ര്യ സമര സേനാനികള്‍ക്കുള്ള താമറ പത്രം ലഭിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി, എ പി ജെ അബ്ദുല്‍കലാം എന്നിവരുടെ അഥിതിയായി ഡെല്‍ഹിയില്‍ കഴിയാനും ബാപ്പുട്ടി മാസ്റ്റര്‍ക്ക് അവസരം ലഭിച്ചു.
1930 മുതല്‍ ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം വിദേശവസ്ത്ര ബഹിഷ്‌കരണം, മദ്യവിരുദ്ധ സമരം തുടങ്ങിയവയിലൊക്കെ സജീവ പങ്കാളിയായിരുന്നു. 2003ല്‍ ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോയിരുന്നു. പുലാമന്തോള്‍ എല്‍ പി സ്‌കൂള്‍ മാനേജറായിരുന്നു. മഹല്ല് കമ്മിറ്റിയുടെയും മദ്‌റസയുടെയും ഭാരവാഹിയായും പ്രവര്‍ത്തിച്ചു. പുലാമന്തോള്‍ സഹകരണ ബേങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കുഞ്ഞീരുമ്മ. മക്കള്‍: അബ്ദുര്‍റഹ്മാന്‍, അബൂബക്കര്‍, ഷാഹുല്‍ഹമീദ്, ഫാത്വിമ, മറിയക്കുട്ടി, പരേതരായ കുഞ്ഞാപ്പു, ശൈഖ് മുഹമ്മദ്. മരുമക്കള്‍: പരേതനായ മുഹമ്മദ് എന്ന ബാപ്പു ഏലംകുളം, മുഹമ്മദ്കുട്ടി മാസ്റ്റര്‍ മൂര്‍ക്കനാട്.
മന്ത്രി മഞ്ഞളാംകുഴി അലി, ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, സി പി മുഹമ്മദ് എം എല്‍ എ, ജില്ലാ ലീഗ് സെക്രട്ടറി പി അബ്ദുല്‍ഹമീദ്, സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم