ലോറി ബൈക്കിലിടിച്ച് പിതാവും മകനും മരിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ

മലപ്പുറം: അമിതവേഗതയിലെത്തിയ ലോറി ബൈക്കിലിടിച്ച് പിതാവും മകനും മരിച്ചതിനെത്തുടര്‍ന്ന് മേല്‍മുറിക്ക് സമീപം മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ. രോഷാകുലരായി ലോറിക്ക് തീയിട്ട നാട്ടുകാര്‍ പൊലീസിനേയും ഫയര്‍ഫോഴ്സിനേയും സ്ഥലത്തേക്ക് കടത്തിവിട്ടില്ല. തിങ്കളാഴ്ച മേല്‍മുറിക്ക് സമീപമുണ്ടായ അപകടത്തില്‍ പറാഞ്ചേരി മുഹമ്മദ് ഷരീഫ്, മകന്‍ മുഹമ്മദ് റാസല്‍ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഷരീഫിന്‍െറ ഭാര്യ ത്വാഹിറ തസ്നീം ചികിത്സയിലാണ്.
മറ്റൊരു വാഹനത്തെ മറികടക്കവെയാണ് ലോറി എതിരെ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അപകടം വരുത്തിയ ലോറി ഉടന്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. വണ്ടിയെടുക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഉത്തരവാദിത്തം ഏല്‍ക്കേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞതോടെ ജനം കൂടുതല്‍ രോഷാകുലരായി. എന്നാല്‍ ലോറി റോഡരികിലേക്ക് മാറ്റിയിട്ട് ഗതാഗത തടസം ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനകം നാട്ടുകാര്‍ ലോറിയുടെ ചില്ല് തകര്‍ത്തു. മലപ്പുറം എം.എസ്.പിയില്‍ നിന്ന് പെട്ടെന്നുതന്നെ കൂടുതല്‍ പൊലീസെത്തി. അപകടത്തില്‍പ്പെട്ട മൂന്നുപേരും മരിച്ചെന്നും ലോറി മൂച്ചിക്കല്‍ ഭാഗത്ത് അപകടം വരുത്തി നിര്‍ത്താതെ പോവുകയായിരുന്നുവെന്നും ബൈക്കിലെത്തിയ ചിലര്‍ പറഞ്ഞു. ഇതോടെയാണ് നാട്ടുകാര്‍ സംഘടിതരായി ലോറിക്ക് തീയിട്ടത്. ലോറി കത്തുന്നത് കാമറയില്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു
Keywords:Mlappuram,Melmuri,Accident, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post