നിലമ്പൂര്‍: നിലമ്പൂരിനടുത്ത് തൊണ്ടിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട സുഹൃത്തുക്കളുടെ വേര്‍പാട് ഐലാശേരി ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. സംസ്ഥാന പാതയില്‍ തോണ്ടിയില്‍ വെച്ച് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
കാറില്‍ ഉണ്ടായിരുന്ന ഐലാശേരിയിലെ ചെമ്മലപ്പുറവന്‍ മുഹമ്മദിന്റെ മകന്‍ ഉമ്മര്‍(കുഞ്ഞു-19), പരേതനായ പൊട്ടേങ്ങാട് കുഞ്ഞന്റെ മകന്‍ രാജന്‍ (23) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇരുവരും സുഹൃത്തായ താഴേത്തറ ദിനേശ് രാജുവിന്റെ കാറില്‍ നിലമ്പൂരിലേക്ക് പോവുകയായിരുന്നു.
നിലമ്പൂരില്‍ നിന്ന് ടി കെ കോളനിയിലേക്ക് വരികയായിരുന്ന ഷറഫിയ്യ ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറ് ഓടിച്ചിരുന്ന ദിനേശ് രാജുവിന് ഗുരുതരമായി പരുക്കേല്‍കുകയും ചെയ്തിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ചെറുപ്പത്തില്‍ തന്നെ ജോലിക്കിറങ്ങിയ ഉമ്മറും രാജനും ഒരിക്കലും വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ സുഹൃത്ബന്ധം നാട്ടില്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നു. ബന്ധുവീടുകളില്‍ പോകുമ്പോഴും അയല്‍ വീടുകളിലും മറ്റും എന്ത് പരിപാടികള്‍ക്കും ഇവര്‍ ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. പിരിയാത്ത ആത്മ സുഹൃത്തുക്കള്‍ മരണത്തിലും ഒന്നിച്ചു. എല്ലാവര്‍ക്കും ഇഷ്ടക്കാരായ ചെറുപ്പക്കാരായ ഇവരുടെ വേര്‍പാട് ഐലാശേരി നിവാസികളെ കണ്ണീലാഴ്ത്തി.
നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം ഉമ്മറിന്റെ മൃതദേഹം വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും, രാജന്റെ മൃതദേഹം വീട്ടുവളപ്പിലും മറവുചെയ്തു. ഇടക്കിടെ കൊടും വളവുകളുള്ള റോഡില്‍ ഡിവൈഡര്‍ പണിത് അപകടങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്ന് ആവശ്യമുയര്‍ന്നു.
إرسال تعليق