സിപിഎം ഹര്‍ത്താല്‍; പരിക്കേറ്റയാളുമായി ആംബുലന്‍സില്‍ പോയവര്‍ക്കും മര്‍ദ്ദനം



കോഴിക്കോട്: അപകടത്തില്‍ പരുക്കേറ്റ ആളെയുമായി മെഡിക്കല്‍ കോളജിലേക്കു പോയ ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിക്കൊപ്പം ഉണ്ടായിരുന്ന ആള്‍ക്കും സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മര്‍ദനം. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നയാള്‍ക്കു ഭക്ഷണവുമായി പോയ കുടുംബാംഗങ്ങള്‍ സഞ്ചരിച്ച കാറും ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ത്തു; രണ്ടര വയസ്സും അഞ്ചു വയസ്സും പ്രായമുള്ള കുട്ടികള്‍ക്കടക്കം പരുക്കേറ്റു.  ഉറച്ച സിപിഎം അനുഭാവികളുടെ കുടുംബത്തിനു നേരെയാണ് ആക്രമണം നടന്നത്.

ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ മറ്റ് അക്രമങ്ങള്‍ക്കു പുറമേയാണ് ആംബുലന്‍സിനും ആശുപത്രിയിലേക്കു പോയവര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍. പേരാമ്പ്ര ചാലിക്കരയിലാണ് ആംബുലന്‍സ് തടഞ്ഞുവച്ചു  ഡ്രൈവറെയും രോഗിക്കൊപ്പം ഉണ്ടായിരുന്ന ആളെയും മര്‍ദിച്ചത്. കാല്‍ മണിക്കൂറോളം പിടിച്ചിട്ട ആംബുലന്‍സ് പിന്നീടു നാട്ടുകാര്‍ സംഘടിച്ചെത്തിയാണ് മോചിപ്പിച്ച് ആശുപത്രിയിലേക്ക് അയച്ചത്. രാവിലെ പതിനൊന്നോടെയാണ് ചേനായിയില്‍ ഓട്ടോറിക്ഷ മറിഞ്ഞു പെരുവാണിക്കല്‍മീത്തല്‍ ബിനീഷിനു (26) പരുക്കേറ്റത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ബിനീഷിന്റെ സ്ഥിതി ഗുരുതരമായിരുന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. പേരാമ്പ്ര കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്കു പുറപ്പെട്ട ആംബുലന്‍സ് ചാലിക്കരയില്‍ തടഞ്ഞു. തുടര്‍ന്നു ഡ്രൈവര്‍ പേരാമ്പ്ര ചെട്ടിയാംകണ്ടി വീട്ടില്‍ സി.കെ. സലാമിനെയും (36) രോഗിയോടൊപ്പം ആംബുലന്‍സില്‍ ഉണ്ടായിരുന്ന സുഹൃത്ത് പേരാമ്പ്ര എടവരാട് നറക്കമ്മല്‍ വീട്ടില്‍ ഗിരീഷിനെയും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു. 

കാല്‍ മണിക്കൂറോളം തടഞ്ഞിട്ട ആംബുലന്‍സ് പിന്നീടു നാട്ടുകാര്‍ സംഘടിച്ചെത്തിയാണ് മോചിപ്പിച്ചത്. ബിനീഷിനെയും സലാമിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിനു സമീപം കോവൂരിലാണ് കൊച്ചുകുട്ടികള്‍ അടക്കമുള്ളവര്‍ ആക്രമണത്തിന് ഇരയായത്. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു നഗരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള വെള്ളിപറമ്പ് സ്വദേശി മുബീഷിനും കൂടെയുള്ളവര്‍ക്കും ഭക്ഷണവുമായി വരികയായിരുന്നു ഇവര്‍.

മുബീഷിന്റെ ഭാര്യ സഫ്ന, മക്കളായ ബിന്‍സില (രണ്ടര), ബിലാല്‍ (5), സഹോദരി ഷിബില, സഹോദരിയുടെ ഭര്‍ത്താവ് മുജീബ് റഹ്മാന്‍, ഇവരുടെ മകന്‍ മുഫൈല്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ മുജീബ് റഹ്മാനെ മര്‍ദിക്കുകയും ചെയ്തു. ചില്ലു തറച്ചാണ് കുട്ടികള്‍ക്കും കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും മുറിവേറ്റത്. ബിന്‍സിലയുടെ കണ്ണിനു താഴെയാണ് മുറിവ്. കുട്ടികളെ ആക്രമിച്ചവര്‍ ആരായാലും മനുഷ്യരല്ലെന്നു ഷിബില പറഞ്ഞു. ഉറച്ച പാര്‍ട്ടി അനുഭാവികളാണ് തങ്ങളുടെ കുടുംബമെന്നും അവര്‍ പറഞ്ഞു. സഫ്നയുടെ പിതാവ് പെരുമണ്ണ സ്വദേശിയായ മുഹമ്മദ് നാട്ടുകാര്‍ മുഴുവന്‍ 'സഖാവ് എന്നു വിളിക്കുന്ന ആളായിരുന്നു. രണ്ടു മാസം മുന്‍പാണ് മരിച്ചത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم