മലപ്പുറം: ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം അപൂര്‍വ ആദിവാസി ഉത്സവത്തിന് ഓടക്കയം കോളനി വേദിയാകുന്നു.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുള്ള ആയിരത്തോളം മുതുവന്‍ ആദിവാസി വിഭാഗമാണ് പരമ്പരാഗത ആഘോഷത്തിന് തയ്യാറെടുക്കുന്നത്. ആയിരത്തില്‍പരം ആദിവാസികള്‍ പരമ്പരാഗത വേഷ വിതാനങ്ങളോടെ ഉത്സവം തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെ നിര്‍ത്താതെ നൃത്തം ചെയ്യുമെന്നതാണ് ആഘോഷത്തിന്റെ പ്രത്യേകത.
സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള ആഘോഷം അരീക്കോടിനടുത്ത ഓടക്കയം ആദിവാസി കോളനി മേഖലയിലാണ് നടക്കുന്നത്. കല്ലുമാലകളും പരമ്പരാഗത ആദിവാസി വേഷങ്ങളോടെയും നടത്തുന്ന നൃത്തം വൈകീട്ട് 6ന് തുടങ്ങി പിറ്റേന്ന് 6നാണ് അവസാനിക്കുക.
മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും മലയാള മാസം മകരം 30നായിരുന്നു ഉത്സവം നടത്തിയിരുന്നത്. വളരെ ആഘോഷപൂര്‍വം നടത്തിയിരുന്ന ഉത്സവം പലകാരണങ്ങളാല്‍ നിന്ന്‌പോകുകയായിരുന്നു. ഇരുപത് വര്‍ഷം മുമ്പാണ് ഉത്സവം അവസാനമായി നടത്തിയത്. ഈമാസം 13നാണ് മകരം മുപ്പതെന്നും അന്ന് ഉത്സവം നടത്താന്‍ തീരുമാനിച്ചതായും എണ്‍പതുകാരനായ കോളനി മൂപ്പന്‍ കോര്‍മന്‍ പറഞ്ഞു.
ഓടക്കയം വെറ്റിലപ്പാറ റോഡിലെ ആറ് കിലോമീറ്റര്‍ ചൂറ്റളവില്‍ പരന്ന് കിടക്കുന്ന പത്ത് കോളനികളിലായി 150ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇരുപത് വര്‍ഷത്തിന് ശേഷം നടക്കുന്ന ആഘോഷത്തിന് ഏല്ലാ ആദിവാസി കുടംബങ്ങളും ഒരുങ്ങിക്കഴിഞ്ഞു. കോളനികളെല്ലാം ഉത്സവ ലഹരിയിലാണ്. എല്ലാആദിവാസി കുടുംബങ്ങളും ആഘോഷത്തില്‍ പങ്കാളികളാകുകയും നൃത്തങ്ങളും പാട്ടുകളും അവതരിപ്പിക്കുകയും ചെയ്യും. സ്വന്തമായി ചിട്ടപ്പെടുത്തിയ ആദിവാസി ഗാനങ്ങളാകും എല്ലാ ഗ്രൂപ്പുകളും അവതരിപ്പിക്കുക. വ്യത്യസ്ഥ ആദിവാസി വിഭാഗത്തില്‍ പരിചിതമായ പാട്ടുകളും നൃത്തങ്ങളും അവതരിപ്പിക്കും.
വര്‍ണ്ണ ശഭളമായ വേഷവിതാനങ്ങളാണ് നൃത്തത്തിന്റെ മറ്റൊരു പ്രത്യേകതയെന്ന് നെല്ലായില്‍ കോളനിവാസിയായ മേലാക്കം എക്‌സൈസ് ഓഫീസിലെ രാജന്‍ നെല്ലായില്‍ പറഞ്ഞു. ആഘോഷം നടത്തുന്നത് കോളനിയിലെ പൂര്‍വികരായ പിതാമഹന്മാര്‍ക്ക് വേണ്ടിയാണെന്നാണ് വിശ്വാസം.
പരമ്പരാഗതമായ മറ്റുവിശ്വാസങ്ങളും ഇതിന്റെ ഭാഗമായുണ്ട്. ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഉത്സവം കാണുന്നതിന് വേണ്ടി ട്രൈബല്‍ വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്ന് അനുമതി വാങ്ങിക്കഴിഞ്ഞു.
إرسال تعليق