ദുരന്തമുഖങ്ങളില്‍ കര്‍മരംഗത്തിറങ്ങാന്‍ 200 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും

മലപ്പുറം: ദുരന്തമുഖങ്ങളില്‍ കര്‍മരംഗത്തിറങ്ങാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് ജില്ലയില്‍ 200 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചെര്‍ന്ന് നടത്തിയ ദുരന്ത നിവാരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പുഴകള്‍ ജീവനെടുക്കുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുകയാണ്. പ്രഥമ ശുശ്രൂഷ സംബന്ധിച്ച് വേണ്ടത്ര അറിവില്ലാത്തതിനാല്‍ പലപ്പോഴും ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കാന്‍ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. പഞ്ചായത്തുകളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കും ജില്ലയിലെ 100 അധ്യാപകര്‍ക്കുമുള്ള ആദ്യഘട്ട പരിശീലനം ജൂലായ് ആദ്യവാരം ആരംഭിക്കും. പുഴയോരങ്ങളില്‍ അപകടമുണ്ടാകുമ്പേള്‍ വേഗത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന വിധമാണ് സന്നദ്ധ പ്രവര്‍ത്തകരെയും അധ്യാപകരെയും തുരഞ്ഞെടുക്കുകയെന്നും അവര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് പ്രഥമ ശുശ്രൂഷാ പരിശീലനം നല്‍കും.
ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എ.ഡി.എം. എന്‍.കെ.ആന്റണി, ഡെപ്യൂട്ടി കലക്ടര്‍ എം.വി.കൃഷ്ണന്‍കുട്ടി, ഡി.എം.ഒ ഡോ. കെ.സക്കീന, ഡി.വൈ.എസ്.പി. പി.രാജു, കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ടി.ആര്‍.സുരേഷ്, ഫിഷറീസ് അസി.
രജിസ്ട്രാര്‍ കെ.ടി.മുഹമ്മദ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ എ.സന്തോഷ് , തഹസില്‍ദാര്‍ കെ. ജയശങ്കര്‍ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post