മധ്യവയസ്ക്കന്റെ കൊലപാതകം; സ്ത്രീയടക്കം 2 തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍

കോട്ടയ്ക്കല്‍: മധ്യവയസ്കനെ കഴുത്തില്‍ മുണ്ടിട്ടുമുറുക്കിയും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്തി പാടത്തു തള്ളിയെന്ന കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. തമിഴ്നാട് തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ട വടക്കേക്കോവില്‍ സരോജിനി (സരോജം-55), മധുര ഉസിലാംപെട്ടി തടയന്‍പെട്ടി കൊടങ്ങിനായ്ക്കപ്പടി പെരുമാള്‍ (51) എന്നിവരെയാണ് തിരൂര്‍ സിഐ ആര്‍. റാഫിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നു രാവിലെയാണ് മലമ്പുഴ മന്തക്കാട് ഡാമിനു സമീപത്തെ കണിയാലപ്പറമ്പത്ത് അറുമുഖം മകന്‍ സുബ്രഹ്മണ്യ(52)നെ കാവതികളം പാടത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൗണിലെ സ്വര്‍ണം അരിപ്പുകാരനായിരുന്നു സുബ്രഹ്മണ്യന്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. കടംവാങ്ങിയ പണവും മൊബൈല്‍ ഫോണും തിരികെ നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി കെ. സലീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിച്ചത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സുബ്രഹ്മണ്യന്‍ സരോജിനിയുടെ കൂടെ രണ്ടു വര്‍ഷം താമസിച്ചിരുന്നു. ഇവരില്‍നിന്ന് 6,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വാങ്ങിയ ശേഷം സുബ്രഹ്മണ്യന്‍ നാടുവിട്ടു. അതിനു ശേഷം പെരുമാള്‍ സരോജിനിയുടെ കൂടെ താമസം തുടങ്ങി. സുബ്രഹ്മണ്യന്‍ വേങ്ങരയില്‍ ഉണ്ടെന്നു മനസ്സിലാക്കിയ സരോജിനി അവിടെച്ചെന്ന് പണം ചോദിച്ചു. 20നു വൈകിട്ട് നഗരസഭാ കമ്യൂണിറ്റി ഹാളിനു സമീപം ഇരുവരും വഴക്കുകൂടുകയും സുബ്രഹ്മണ്യന്‍ സരോജിനിയെ അടിക്കുകയും ചെയ്തു.

പിന്നീട്, ബാറില്‍നിന്നു മദ്യം വാങ്ങി മൂന്നുപേരും ഓട്ടോയില്‍ കയറുകയും സുബ്രഹ്മണ്യനെ കോട്ടപ്പടിയില്‍ ഇറക്കുകയും ചെയ്തു. രാത്രി 12 മണിയോടെ സരോജിനിയും പെരുമാളും സുബ്രഹ്മണ്യനെ വിളിച്ചുണര്‍ത്തുകയും മദ്യപിക്കാനായി കാവതികളം പാടത്ത് എത്തുകയുമായിരുന്നു. അവിടെവച്ചും വഴക്കുണ്ടായി. തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കോട്ടയ്ക്കല്‍ എസ്ഐ എന്‍.ബി. ഷൈജു, വല്‍സലകുമാര്‍, സുധീഷ്, പ്രവീണ്‍കുമാര്‍, അനൂപ്, സന്തോഷ്കുമാര്‍, അനില്‍കുമാര്‍, സത്യന്‍, പ്രമോദ്, രാജേഷ്, അസീസ്, സരിത, ബിന്ദു എന്നിവരും സിഐയുടെ കൂടെയുണ്ടായിരുന്നു.

English Summery
Two including woman arrested in murder case

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم