'ശ്വേതാ മേനോന്റെ പ്രസവം '

ശ്വേതാ മേനോന്റെ പ്രസവം വെള്ളിത്തിരയില്‍! മലയാളികള്‍ ആകാംക്ഷയുടെ മുള്‍മുനയിലാണ്‌. ബോളീവുഡ് സുന്ദരി ഐശ്വര്യാറായിയുടെ പ്രസവം പോലും ഇത്ര വിവാദമായിരുന്നില്ലെന്ന്‌ തോന്നുന്നു. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പുറത്തുവരുന്ന കമന്റുകള്‍ സദാചാര മുഖം മൂടി എടുത്തണിഞ്ഞ മലയാളിയുടെ തനിസ്വഭാവം വെളിവാക്കുന്നതാണ്‌. ആളുകളുടെ പരിഭ്രമവും വേവലാതിയും കാണുമ്പോള്‍ ഇതിനുമുന്‍പ് ഇവരുടെ വീട്ടിലാരും പ്രസവിച്ചിട്ടില്ലേന്ന്‌ തോന്നും. ബ്ലസി ചിത്രത്തിലൂടെ ശ്വേതാമേനോന്‍ പ്രസവസമയത്ത് പ്രകടിപ്പിക്കുന്ന പരാക്രമങ്ങളും വെളിവാക്കപ്പെടുന്ന ശരീരഭാഗങ്ങളും കാണാന്‍ ആര്‍ത്തിമൂത്ത്‌ കാത്തിരിക്കുകയാണ്‌ ഏറെ പേരും.

ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ വേദനയനുഭവിക്കുന്ന ഘട്ടമാണ്‌ പ്രസവം. മരണവേദനയ്ക്ക് തുല്യം. സ്വന്തം ജീവന്‍ ദൈവത്തിനുമുന്‍പില്‍ സമര്‍പ്പിച്ച് മറ്റൊരു ജീവന്‍ ഏറ്റുവാങ്ങുന്ന പ്രക്രിയ. ഈ പ്രക്രിയക്ക് മുന്‍പ് ഒരു സ്ത്രീയനുഭവിക്കുന്ന വേവലാതികള്‍, വിഷമങ്ങള്‍, ആനന്ദം, സന്തോഷം, ഉദരത്തില്‍ പേറുന്ന കുരുന്നിനോട് അവള്‍ പുലര്‍ത്തുന്ന പ്രാമുഖ്യം, ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അവള്‍ക്ക്‌ ലഭിക്കുന്ന സംരക്ഷണം, അവഗണന, എല്ലാം ബ്ലസി ചിത്രത്തില്‍ ഇതിവൃത്തമാക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ മാനസീകവും ശാരീരികവുമായ ആരോഗ്യം ഉള്ളില്‍ പേറുന്ന കുരുന്നുജീവന്റെ ആരോഗ്യത്തേയും ബുദ്ധിവികാസത്തേയും എത്രത്തോളം ബാധിക്കുമെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അവസ്ഥകളെയാണ്‌ ബ്ലെസിയും ശ്വേതാമേനോനും പുതിയ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുന്നത്. ലൈംഗീകതയ്ക്ക് വേണ്ടി മാത്രം ഭാര്യമാരെ സമീപിക്കുന്ന ഭര്‍ത്താക്കന്മാരുടെ വികൃതമായ മുഖവും ചിത്രത്തിലൂടെ വ്യക്തമാകും.

ഭാര്യയുടെ ഗര്‍ഭകാലത്ത് അവള്‍ക്കും കുഞ്ഞിനും വേണ്ടി ഭര്‍ത്താക്കന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുരുക്കമല്ല. ഒരു സ്പര്‍ശനം, തലോടല്‍, സ്നേഹമസൃണമായ ചോദ്യങ്ങള്‍, കരുതല്‍ ഇവയ്ക്കെല്ലാം ഗര്‍ഭാവസ്ഥയില്‍ വളരെ പ്രാധാന്യമാണുള്ളത്. ഭാര്യ ഗര്‍ഭിണിയാണെന്ന്‌ പറയുമ്പോള്‍ എന്തോ 'പണി' കിട്ടിയ ഭാവമാണ്‌ പലരുടേയും മുഖത്ത്. ചിലര്‍ക്ക് ഭാര്യമാരുടെ ഗര്‍ഭകാലം ഹോട്ടലുകളില്‍ നിന്നും വാങ്ങുന്ന മസാലദോശയിലും ചിക്കന്‍ ബിരിയാണിയിലും ഫ്രൂട്ട് സ്റ്റാളില്‍ നിന്നും ആപ്പിളിലും ഓറഞ്ചിലും കഴിയും. ഇനി മറ്റ് ചിലര്‍ക്കാകട്ടെ ഭാര്യയുടെ ഗര്‍ഭകാലം അവരുടെ ശാരീരികമായ ആവശ്യം നിവര്‍ത്തിക്കുന്നതിനുള്ള തടസമാണ്‌. ഛര്‍ദ്ദിക്കുന്ന ഭാര്യയെ നോക്കി 'ഇവളുടെ മട്ട് കണ്ടാല്‍ ലോകത്ത് ആദ്യമായി പ്രസവിക്കുന്നത് ഇവളാണെന്ന്‌ തോന്നും' എന്ന്‌ മനസില്‍ പിറുപിറുത്ത് മുഖം തിരിക്കുന്ന എത്ര ഭര്‍ത്താക്കന്മാര്‍ നമുക്കിടയിലുണ്ട്. ചില ഭര്‍ത്താക്കന്മാര്‍ രണ്ടാം വിവാഹത്തിന്‌ മുതിരുന്നത് ഭാര്യ ഗര്‍ഭിണിയായിരിക്കുമ്പോഴാണ്‌ എന്നത് ഏറ്റവും രസിപ്പിക്കുന്ന തമാശയാണ്‌.

ഇത്തരം തമാശകള്‍ക്കെതിരെയുള്ള ചുട്ട മറുപടിയാണ് ബ്ലസി ചിത്രം. ഇതുപോലൊരു വേഷം കൈകാര്യം ചെയ്യാന്‍ മുന്‍പോട്ട് വന്ന ശ്വേതാമേനോന്‍ എല്ലാ അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. മാതൃത്വമെന്നത് എത്ര വിലപ്പെട്ടതാണെന്ന്‌ പുരുഷസമൂഹത്തെ മനസിലാക്കിക്കുവാന്‍ ബ്ലസിയേക്കാള്‍ നല്ലൊരു സംവിധായകനുമില്ല. പുരുഷന്മാര്‍ക്ക് വാല്‍സല്യം ഇണങ്ങുമെന്ന്‌ 'കാഴ്ച'യിലൂടേയും പ്രണയം വഴങ്ങുമെന്ന്‌ 'പ്രണയത്തി'ലൂടേയും പ്രേക്ഷകന് മനസിലാക്കിക്കൊടുത്ത സംവിധായകനാണ്‌ ബ്ലസി. ഞങ്ങള്‍ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്‌ മാതൃത്വത്തിന്റെ നവരസം നുകരാന്‍.

-സന്ധ്യാ ചെറിയാന്‍

English Summery
Swetha ready to tell the secret of motherhood 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post