ജില്ലാപഞ്ചായത്തിന്റെ വിജയഭേരി പദ്ധതി പ്രൈമറി തലങ്ങളിലേക്ക്

മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ വിജയഭേരി പദ്ധതി പ്രൈമറി തലങ്ങളില്‍ നടപ്പിലാക്കുന്നു. നാല്, ഏഴ് ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലാം ക്ലാസുകാര്‍ക്ക് മലയാളം, കണക്ക് വിഷയങ്ങളും ഏഴാം ക്ലാസുകാര്‍ക്ക് ഇംഗ്ലീഷ്, മലയാളം, കണക്ക് വിഷയങ്ങളിലും പ്രത്യേക പരീക്ഷ നടത്തിയാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഡയറ്റാണ് പരീക്ഷക്കാവശ്യമായ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുക.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പരീക്ഷയില്‍ ജില്ലയിലെ മിടുക്കരും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ത്ഥികളെ കണ്ടെത്തും. പിന്നോക്കം നില്‍ക്കുന്നവരുടെ പഠനം നിലവാരം ഉര്‍ത്തുന്നതിനാവശ്യമായ പ്രത്യേക പരിശീലനം നല്‍കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് സിവല്‍ സര്‍വ്വീസ് അടക്കമുള്ള ഉന്നത പരീക്ഷകള്‍ക്ക് പാകപ്പെടുത്തും വിധം പരിശീലനം നല്‍കും. അഞ്ചു വര്‍ഷത്തെ പരിശീലനമാണ് നല്‍കുക. 

വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമാപഞ്ചായത്തുകളാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പരിശീലനം നല്‍കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും വിജഭേരി അതത് ഗ്രാമ പഞ്ചായത്തുകള്‍ക്ക് നല്‍കും. ഒാരോ പഞ്ചായത്തിലും ഒരു കോ-ഓഡിനേറ്ററേയും അസി.കോ-ഓഡിനേറ്ററേയും നിയമിക്കും. വിദ്യാഭ്യാസ പദ്ധതികളുമായി കൂടുതല്‍ ബന്ധപ്പെടുന്നവരെയാണ് കോ-ഓഡിനേറ്റര്‍മാരായി നിയമിക്കുക. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലാ പഞ്ചായത്ത ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാളെ ജില്ലയിലെ മുഴുവന്‍ അധ്യാപക സംഘടനകളുടേയും യോഗം ചേരുമെന്ന് വിജയഭേരി കോ-ഓഡിനേറ്റര്‍ സലീം കുരുവമ്പലം പറഞ്ഞു.
പ്ലസ്റ്റു വിജയശതമാനത്തില്‍ അസൂയാവഹമായ മുന്നേറ്റം കൈവരിച്ച ജില്ലയില്‍ ഉപരിപഠന സൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഡിഗ്രീ പ്രവേശനത്തിന് പരിമിതമായ സീറ്റുകള്‍ മാത്രമാണ് ജില്ലക്കുള്ളത്. ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ പോലും പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കേണ്ട സാഹചര്യണ്ട്. എന്നാല്‍ സര്‍ക്കാര്‍ വേങ്ങരയിലും താനൂരിലും പ്രഖ്യാപിച്ച ഗവണ്‍മെന്റ് കോളജുകള്‍ ഉടന്‍ തുടങ്ങാനുള്ള നടപടികള്‍ വേണം. ജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ് കോളജുകളില്‍ അഡീഷണല്‍ കോഴ്‌സുകള്‍ അനുവദിച്ചും കോഴ്‌സുകള്‍ക്ക് സീറ്റുവര്‍ദ്ധിപ്പിച്ചും നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.എം ഗഫൂര്‍ അവതരിപ്പിച്ച പ്രമേയത്തെ വെട്ടം ആലിക്കോയ പിന്താങ്ങി.
ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പ്രതീക്ഷ പദ്ധതിയുടെ സര്‍വ്വെ പൂര്‍ത്തിയായി. 15 പഞ്ചായത്തളിലാണ് പദ്ധതി ആദ്യം ആംഭിക്കുക. അസുഖ ബാധിതരായ കുട്ടിയെ ആഴ്ചയില്‍ ഒരിക്കലെങ്കിലും പരിചരിക്കാന്‍ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. കരാറുകാരുടെ മെല്ലെപ്പോക്ക് നയം കാരണം നിരവധി പദ്ധതികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുടങ്ങി കിടക്കുന്നത്. ഇത്തരത്തിലുള്ള കരാറുകാര്‍ക്കെതിരെ കര്‍ശന നടപിടിയെടുക്കും. ഏല്‍പിച്ച പദ്ധതിയില്‍ കാലതാമസം വരുത്തിയ മൂന്ന് കരാറുകാരെ നീക്കാനും ജില്ലാ പഞ്ചയാത്ത് തീരുമാനിച്ചു. പുതുതായി അനുവദിച്ച് ഹായര്‍സെക്കന്ററി സ്‌കൂളുകള്‍ക്കുള്ള ഫര്‍ണ്ണിച്ചര്‍ വിതരണം ആരംഭിച്ചാതായി പ്രസിഡന്റ് പറഞ്ഞു. 28ന് മുമ്പ് ഫര്‍ണ്ണിച്ചറുകള്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഒന്നാം തിയതിക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്തില്‍ അറിയിക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറാ മമ്പാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, സ്ഥിരം സമിതി അംഗങ്ങളായ വി. സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, ടി. വനജ ടീച്ചര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم