മുളക്പൊടി വിതറി ജ്വല്ലറിയില്‍ കവര്‍ച്ച; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

പരപ്പനങ്ങാടി (മലപ്പുറം): സ്വര്‍ണാഭരണക്കടയില്‍ പട്ടാപ്പകല്‍ കവര്‍ച്ച. മോഷ്ടാക്കളെ പിന്തുടര്‍ന്ന കടയുടമ ഉള്‍പ്പെടെയുള്ളവരെ മുളകുപൊടിയെറിഞ്ഞ് പിന്തിരിപ്പിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പയനിങ്ങല്‍ ജംക്ഷനിലെ അച്ചുട്ടി സണ്‍സ് ജ്വല്ലറിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം.

നാലു വളയും മൂന്നു മാലയുമടക്കം 15 പവന്‍ വരുന്ന ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. ആഭരണം വാങ്ങാനെന്ന ഭാവത്തില്‍ എത്തിയ 30 വയസ്സ് തോന്നിക്കുന്ന യുവാവ് വിവിധ ആഭരണങ്ങള്‍ തിരയുന്നതിനിടെ ചെയിനുകളും വളകളുമെടുത്ത് കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ച ഒരാളായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന്, കടയുടമ ഷെറിനും സുഹൃത്ത് ഷിജിനും പിന്തുടര്‍ന്നെങ്കിലും വഴിയില്‍ മുളകുപൊടി വിതറിയതിനാല്‍ പിന്‍മാറേണ്ടിവന്നു. സംഭവസമയത്ത് കടയില്‍ ഷെറിന്‍ മാത്രമാണുണ്ടായിരുന്നത്. ചെട്ടിപ്പടിയിലെ റയില്‍വേ ഗേറ്റ് വരെ പിന്തുടര്‍ന്ന ഉടമസ്ഥന്‍ തിരിച്ചുവന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരപ്പനങ്ങാടി എസ്ഐ എന്‍.സി. മോഹനന്‍, താനൂര്‍ സിഐ എന്‍.സി. സന്തോഷ്, തിരൂര്‍ ഡിവൈഎസ്പി സലിം എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധന്‍ ഫ്രാന്‍സിസ് ചാക്കോ തെളിവെടുപ്പ് നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ആയതിനാല്‍ റോഡില്‍ വാഹന ബാഹുല്യം കുറഞ്ഞതും കടകളില്‍ മിക്കതും അടഞ്ഞുകിടന്നതും കവര്‍ച്ചക്കാര്‍ക്ക് അനുകൂല ഘടകങ്ങളായി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم