പൂക്കോട്ടൂര്‍ ഉപതിരഞ്ഞെടുപ്പ്; ലീഗ് വിജയത്തെചൊല്ലി കോണ്‍ഗ്രസില്‍ ചേരിപ്പോര്‌

മലപ്പുറം: പൂക്കോട്ടൂര്‍ പഞ്ചായത്തിലെ പള്ളിമുക്ക് വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി ജയിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ചേരിപ്പോര്. ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനിന്നിരുന്ന പൂക്കോട്ടൂരിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ഐ വിഭാഗം ലീഗിനോടൊപ്പം ഉറച്ചുനിന്ന് പ്രവര്‍ത്തിച്ചതാണ് മറുവിഭാഗത്തെ പ്രകോപിപ്പിച്ചത്.

തിരഞ്ഞെടുപ്പ് വിജയം വിലയിരുത്താന്‍ തിങ്കളാഴ്ച വൈകീട്ട് പൂക്കോട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ ഐ, എ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എ വിഭാഗം, ഐ വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നതായി പറയപ്പെടുന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചതിലെ അഭിപ്രായഭിന്നതയാണ് എ വിഭാഗത്തിന്‍േറതെന്ന് ഐ വിഭാഗം ആരോപിക്കുന്നു.

മുസ്‌ലിംലീഗിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വേട്ടശ്ശേരി മറിയുമ്മ പാര്‍ട്ടിയിലെ പുരുഷമേധാവിത്വത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ഒഴിവിലേക്കായിരുന്നു ഉപതിരഞ്ഞെടുപ്പ്. മറിയുമ്മ സി.പി.എം പിന്തുണയോടെ സ്വതന്ത്രയായി മത്സരരംഗത്തുണ്ടായിരുന്നു. പക്ഷേ, ലീഗ് സ്ഥാനാര്‍ഥി റാബിയ 61 വോട്ടുകള്‍ക്ക് വിജയിച്ചു.

യു.ഡി.എഫ് എന്ന നിലയില്‍ ലീഗിനൊപ്പം നിന്നതിന് നന്ദിസൂചകമായി മുസ്‌ലിംലീഗ് കോണ്‍ഗ്രസ് അംഗം ഖദീജയ്ക്ക് പഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവി നല്‍കുകയും ചെയ്തു. ലീഗ് ഇതുവരെ അംഗീകരിക്കാതിരുന്ന കോണ്‍ഗ്രസ്സിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്. പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ്സിന് ഒരേ ഒരംഗമേയുള്ളൂ. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷപദവി ലഭിച്ചത് കോണ്‍ഗ്രസ്സിന്റെ നിലപാടിനുള്ള നേട്ടമാണെന്നാണ് ഐ വിഭാഗത്തിന്റെ അവകാശവാദം.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم