മഞ്ഞപ്പിത്ത ബാധ: മെഡിക്കല്‍ സംഘം സ്ഥലം സന്ദര്‍ശിച്ചു

മലപ്പുറം: മഞ്ഞപിത്ത രോഗം പടര്‍ന്നു പിടിച്ച ഒമാനൂര്‍, ചീക്കോട്  പ്രദേശങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം
സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

ഡിഎം ഒ ഡോ. കെ സക്കീനയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി രാജു,ഡി പി എച്ച് എന്‍ ദേവകി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബൈജു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദനന്‍, ജൂനിയര്‍ ഹെല്‍ത്ത്ഇന്‍സ്‌പെക്ടര്‍ സുനില്‍ ബാബു എന്നിവരടങ്ങുന്ന സംഘമാണ് രോഗബാധിതരുടെ വീടുകളും ഒമാനൂര്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ളവരെയും സന്ദര്‍ശിച്ച്
വിവരങ്ങള്‍ ശേഖരിച്ചത്.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
ചീക്കോട് ഗവ. യു പി സ്‌കൂളില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍,
അധ്യാപകര്‍, ആശ, കുടുംബശ്രീ, അംഗന്‍വാടി പ്രവര്‍ത്തകര്‍, വിവിധ വകുപ്പ്
ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്ന് കര്‍മ്മ പരിപാടികള്‍ ചര്‍ച്ച
ചെയ്തു. ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. രോഗ ബാധിത പ്രദേശങ്ങളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും റിപ്പോര്‍ട്ടിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു. 


രോഗ ബാധിത പ്രദേശങ്ങളില്‍ സിപ് അപ്, ഐസ് ക്രീം, തണുത്ത പാനീയങ്ങള്‍
മുതലായവയുടെ വില്‍പന നിരോധിക്കുന്നതിനും മാലിന്യ സംസ്‌കരണം
കാര്യക്ഷമമാക്കുന്നതിനും ഗ്രാമ പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന്
പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഹോട്ടല്‍, കൂള്‍ബാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന  ഊര്‍ജ്ജിതപ്പെടുത്തുന്നതിനും എല്ലാ കുടിവെള്ള സ്രോതസ്സുകള്‍ അടിയന്തരമായി ക്ലോറിനേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു. ചടങ്ങുകളില്‍ ശീതളപാനീയവും തണുത്ത ഭക്ഷണ സാധനങ്ങളും ഒഴിവാക്കണമെന്നും വ്യക്തി ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധ വേണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 


സ്‌കൂള്‍ അസംബ്ലികളില്‍ പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സ്‌കൂളുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ കൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് എ ഇ  ഒ അറിയിച്ചു. 
English Summery
Medical group visits malappuram

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم